Connect with us

Articles

നഷ്ടം ബിഹാറിലൊതുങ്ങില്ല

പ്രതിപക്ഷം ഈ വിധം തകര്‍ന്നു പോകുന്ന രാഷ്ട്രീയ സാഹചര്യം ബിഹാറിന് മാത്രമല്ല നഷ്ടമുണ്ടാക്കുന്നത്. ഇന്ത്യയുടെ മൊത്തം രാഷ്ട്രീയ സ്വഭാവത്തെ തന്നെ അത് കീഴ്മേല്‍ മറിച്ചിടാന്‍ സാധ്യതയുള്ളതാണ്. രാജ്യത്തെ ഒരു മതരാഷ്ട്ര കോര്‍പറേറ്റ് റിപബ്ലിക്കിലേക്കാണ് ബി ജെ പി നയിക്കുന്നത് എന്ന വാസ്തവം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെങ്കിലും മനസ്സിലാകേണ്ടതുണ്ട്. അതിനെ പ്രതിരോധിക്കാനുള്ള ജാഗ്രത പ്രതിപക്ഷം പുലര്‍ത്തേണ്ടതാണ്.

Published

|

Last Updated

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഭൂകമ്പ സമാനമായ തിരഞ്ഞെടുപ്പ് ഫലമായി ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കേണ്ടതുണ്ട്. 2014ന് ശേഷം ഇന്ത്യയില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ വികാരം ഒരിക്കല്‍ പോലും സ്ഥാനമിളക്കാത്ത അനിഷേധ്യ നേതാവായി ജെ ഡി യു നേതാവ് നിതീഷ് കുമാര്‍ മാറിയിരിക്കുന്നു. 2005ല്‍ ആര്‍ ജെ ഡിയില്‍ നിന്ന് അധികാരം പിടിച്ച ശേഷം ജെ ഡി യുവിന് ഒരിക്കല്‍ പോലും അധികാരം കൈമാറ്റം ചെയ്യേണ്ടി വന്നിട്ടില്ല. അതില്‍ തന്നെ 2014-15 കാലത്ത് 278 ദിവസം നിതീഷിന് മാറിനില്‍ക്കേണ്ടി വന്നു എന്നതൊഴിച്ചാല്‍ 19 വര്‍ഷത്തിലധികം കാലം ബിഹാറിന്റെ ഭരണചക്രം നിതീഷിന്റെ ഉള്ളം കൈയിലായിരുന്നു. അതേസമയം, തുടര്‍ച്ചയായി രണ്ടാം തവണയും ഭരണപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി ജെ പി മാറുമ്പോഴും ബിഹാര്‍ രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ കൈപ്പിടിയിലാക്കാനുള്ള രാഷ്ട്രീയ കരുത്ത് ബി ജെ പിക്ക് ഇല്ലാതെ പോകുന്നിടത്താണ് നിതീഷ് കുമാര്‍ എന്ന നേതാവിന്റെ ലെഗസി 74ാം വയസ്സിലും കോട്ടമില്ലാതെ നില്‍ക്കുന്നത്.

പ്രത്യയശാസ്ത്ര മാറ്റങ്ങള്‍
അടിയന്തരാവസ്ഥക്കു ശേഷം സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ജാതി സമവാക്യങ്ങളാല്‍ നിയന്ത്രിച്ചിരുന്ന ബിഹാര്‍ രാഷ്ട്രീയത്തെ പ്രത്യയശാസ്ത്രപരമായി അടിമുടി പൊളിച്ചു പണിതു എന്നതിന്റെ പൂര്‍ണത പ്രകടമാകുന്ന തിരഞ്ഞെടുപ്പ് കൂടിയായി ഈ ഫലത്തെ കാണേണ്ടതുണ്ട്. ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹിക നീതിയെന്ന പരമ്പരാഗത ലോഹിയന്‍ സോഷ്യലിസത്തില്‍ നിന്ന് സര്‍ക്കാര്‍ കേന്ദ്രീകൃത പ്രായോഗിക- വികസനാധിഷ്ഠിത സോഷ്യലിസത്തിലേക്ക് ബിഹാര്‍ വഴിമാറുകയാണ്. ജാതി ശ്രേണിയിലെ ഫ്യൂഡല്‍ പാരമ്പര്യത്തെ തുറന്നെതിര്‍ത്തിരുന്ന ബിഹാര്‍ ജനത ഇപ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയത്തോട് ഉദാര സമീപനം വെച്ചുപുലര്‍ത്തുന്നതും ബിഹാറിന്റെ രാഷ്ട്രീയത്തില്‍ അത്ര പരിചിതമായ രീതിയല്ല. ബിഹാര്‍ രാഷ്ട്രീയത്തിന്റെ ചലനങ്ങളെ നിയന്ത്രിച്ച യാദവ- മുസ്ലിം ബെല്‍റ്റിനെ തകര്‍ത്ത് വിശാലമായ ജാതി സമൂഹങ്ങളിലേക്ക്, സ്ത്രീകള്‍- സാമ്പത്തിക പിന്നാക്ക (ഇ ബി സി) വിഭാഗങ്ങളിലേക്ക് ആസൂത്രിതമായി കടന്നു കയറിയാണ് നിതീഷ് ബിഹാറിന്റെ രാഷ്ട്രീയത്തെ മാറ്റിപ്പണിതിരിക്കുന്നത്. സര്‍ക്കാര്‍ വെച്ചുനീട്ടുന്ന സൗജന്യങ്ങളില്‍ ഗൗരവകരമായ രാഷ്ട്രീയത്തെ മറക്കുന്ന, കോര്‍പറേറ്റ് താത്പര്യങ്ങളോട് വരെ ഉദാരതയോടെ വിധേയപ്പെടുന്ന ജനതയായി ബിഹാറിലെ ജനങ്ങള്‍ മാറിയിട്ടുണ്ടോ എന്ന ചോദ്യം ഇത് ഉയര്‍ത്തുന്നുണ്ട്്. എന്തായാലും അതിഭീകരമായ ആഴങ്ങളിലേക്കാണ് ബിഹാര്‍ വഴുതി വീണിരിക്കുന്നത്.

തകരുന്ന വിശ്വാസ്യത
65 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവും (എസ് ഐ ആര്‍) വോട്ട് ചോരി ആരോപണവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണ പാര്‍ട്ടിയോട് പുലര്‍ത്തിയ അനുഭാവ സമീപനവുമൊക്കെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത മറച്ചു പിടിക്കാന്‍ കഴിയാത്ത വിധം വലിയ അളവില്‍ ചോദ്യം ചെയ്തിരിക്കുകയാണ്. വോട്ട് ചോരി വിഷയത്തില്‍ രാഹുല്‍ ഗാന്ധി അതിശക്തമായി തന്നെ ഇടപെട്ടു. സാങ്കേതിക മികവിലും പങ്കുവെച്ച വിവരങ്ങളിലും ഇത്രമാത്രം കൃത്യതയും വ്യക്തതയും സൂക്ഷിച്ച രാഹുല്‍ ഗാന്ധിയുടെ അവതരണത്തിന്റെ യാതൊരു ആനുകൂല്യവും മഹാസഖ്യത്തിന് ലഭിക്കാതെ പോയ തിരഞ്ഞെടുപ്പാണ് കടന്നുപോയത് എന്നത് അവിശ്വസനീയമാം വിധം ഉള്‍ക്കൊള്ളേണ്ട ഗതികേടിലാണ് രാജ്യത്തെ പ്രതിപക്ഷം. ലോകത്തെ ഏറ്റവും മികച്ച പത്രസമ്മേളനങ്ങളില്‍ ഒന്നായി വിലയിരുത്താന്‍ പാകത്തില്‍ ഗംഭീരമായ പ്രകടനം കാഴ്ചവെച്ചിട്ടും രാഹുലിന്റെ അധ്വാനം അത്രയും പാഴായിപ്പോകുന്നതിന്റെ നഷ്ടം ജനാധിപത്യത്തിന്റെ നഷ്ടം കൂടിയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏത് കാലത്താണ് ഈ നഷ്ടം നികത്താനാകുക? ഇന്ത്യന്‍ ജനതയുടെ ജനാധിപത്യ ബോധത്തിന്റെ ദൗര്‍ബല്യങ്ങളെ ഇത്ര തെളിമയോട് കൂടി വെളിപ്പെടുത്തുന്ന മറ്റൊരു അവസരം നാം മുമ്പ് കണ്ടിട്ട് പോലുമില്ല.

നിതീഷിന്റെ ഇടപെടലുകള്‍
വോട്ടു ചോരി ആരോപണവും എസ് ഐ ആറിലെ പുറത്താക്കലും തുടങ്ങി 20 വര്‍ഷത്തെ ഭരണവിരുദ്ധ വികാരം വരെയുള്ള വലിയ ആരോപണങ്ങള്‍ക്ക് മുന്നിലാണ് ബി ജെ പി സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. രാഹുല്‍- തേജസ്വി ദ്വയത്തിന് തിരഞ്ഞെടുപ്പിന് ഏറെ മുന്നേ തന്നെ മെച്ചപ്പെട്ട രീതിയില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയാക്കാനും വലിയ ആള്‍ക്കൂട്ടങ്ങളെ ഉള്‍ക്കൊള്ളിച്ച് റാലികള്‍ നടത്താനും കഴിഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ചിത്രം ചൂടുപിടിച്ചതോടെ പ്രതിപക്ഷ ചേരിയില്‍ ഉണ്ടായ പ്രശ്നങ്ങള്‍, ദൗര്‍ബല്യങ്ങള്‍ എന്നിവയൊക്കെ കൃത്യമായി അളന്നെടുത്ത് അതിനനുസൃതമായി തന്ത്രങ്ങള്‍ രൂപപ്പെടുത്തി എന്നതാണ് ബി ജെ പി- ജെ ഡി യു കൂട്ടുകെട്ടിന് ഏറ്റവും കൂടുതല്‍ കരുത്തായി മാറിയത്. സ്ത്രീകള്‍ക്ക് വേണ്ടിയും ഏറ്റവും ദുര്‍ബല സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ക്ക് വേണ്ടിയും പ്രത്യേകം പ്രഖ്യാപിച്ച പാക്കേജുകള്‍ നിതീഷിന്റെ വോട്ട് നിറച്ചു എന്നതാണ് വാസ്തവം. പ്രതിമാസം 125 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് നേരിട്ട് അക്കൗണ്ടിലേക്ക് 10,000 രൂപ കൈമാറിയ പദ്ധതിയായ മുഖ്യമന്ത്രി മഹിളാ റോജ്ഗാര്‍ യോജന മുതല്‍ വിവിധ വിഭാഗങ്ങള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട ടാബ്ലറ്റ്, സ്മാര്‍ട്ട് ഫോണ്‍, സൗജന്യ സൈക്കിള്‍, മറ്റു ധനസഹായ പദ്ധതികള്‍ എന്നിങ്ങനെയുള്ള സൗജന്യങ്ങളായിരുന്നു ഇത്ര വലിയ വിജയത്തിലേക്ക് എന്‍ ഡി എ സഖ്യത്തെ നയിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് രേഖപ്പെടുത്തിയ വോട്ടെടുപ്പില്‍ സ്ത്രീകള്‍ മുന്നിട്ടുനിന്നു എന്നതും ഈ തിരഞ്ഞെടുപ്പില്‍ എന്താണ് ഗെയിം ചേഞ്ചറായി പ്രവര്‍ത്തിച്ചത് എന്നതിന്റെ ഉദാഹരണമാണ്. ബിഹാര്‍ ജനസംഖ്യയില്‍ 32 ശതമാനം വരുന്ന മുസ്ലിം- യാദവ ബെല്‍റ്റിനെ മറികടക്കാന്‍ ചില കളികള്‍ നടന്നു. നാളിതുവരെ രാഷ്ട്രീയത്തില്‍ പരിഗണന കിട്ടാതിരുന്ന 36 ശതമാനം വരുന്ന മഹാദളിതുകള്‍ എന്നറിയപ്പെടുന്നവരെ സ്വാധീനിക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തിയതാണ് നിതീഷിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 10,000 രൂപയുടെ സൗജന്യം പറ്റി, എല്ലാ ജാതി അതിരുകളും ഭേദിച്ചു സ്ത്രീ വോട്ടര്‍മാര്‍ കൂട്ടത്തോടെ നിതീഷിന് വേണ്ടി വോട്ട് ചെയ്തു എന്ന് വേണം മനസ്സിലാക്കാന്‍. ബാക്കി വരുന്ന ദളിത് വോട്ടുകള്‍ ചോരാതിരിക്കാന്‍ ചിരാഗ് പാസ്വാനെ കൂടെ നിര്‍ത്തിയതും പഴുതടച്ച രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നു.

പ്രതീക്ഷയില്ലാത്ത പ്രതിപക്ഷം
തിരഞ്ഞെടുപ്പ് കമ്മീഷനെ പഴിചാരി മാത്രം അത്ര ലളിതമായി രക്ഷപ്പെടാന്‍ കഴിയില്ല. പ്രതിപക്ഷത്തിന്റെ ദുര്‍ബലതകള്‍ അക്കമിട്ട് അടയാളപ്പെടുത്താന്‍ കഴിയും വിധം ബലഹീനമായാണ് ബിഹാറില്‍ പ്രതിപക്ഷം തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത്. പ്രചാരണ രംഗത്ത് ബി ജെ പി- ജെ ഡി യു സഖ്യത്തേക്കാള്‍ എത്രയോ പിന്നിലായിരുന്നു കോണ്‍ഗ്രസ്സ് നയിച്ച മുന്നണി. സീറ്റ് വിഭജനത്തിലുണ്ടായ പ്രശ്നങ്ങളും പ്രചാരണങ്ങളിലെ ഏകോപനമില്ലായ്മയും അടക്കം തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിച്ചു എന്നുവേണം കരുതാന്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ എക്കാലവും വലിയ ആവേശം കാണിച്ച ജനതയാണ് ബിഹാറിലേത്. ഇന്ത്യയില്‍ ഏകാധിപത്യത്തിന്റെ സകല ലക്ഷണങ്ങളും പ്രകടമായി അവതരിച്ച, ഇന്ത്യ എന്നാല്‍ ഇന്ദിര എന്ന മുദ്രാവാക്യം വരെ ഉയര്‍ന്നു കേട്ട അടിയന്തരാവസ്ഥയുടെ കാലത്ത് പോലും അതിനെ പ്രതിരോധിക്കാനും ജനാധിപത്യത്തെ തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടായ മണ്ണാണ് ബിഹാര്‍ എന്നത് ഇന്നൊരു വിപ്ലവ സ്മരണ മാത്രമായി വിസ്മൃതിയിലേക്ക് മാഞ്ഞുപോയിരിക്കുന്നു. അതില്‍ വലിയൊരു ഉത്തരവാദിത്വം പേറേണ്ടി വരുന്നത് രാജ്യത്തെ പ്രതിപക്ഷം തന്നെയാണ്. മഹാസഖ്യത്തിന്റെ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും അടക്കം കാണിച്ച അപക്വമായ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു ഈ തകര്‍ച്ചയുടെ മൂലകാരണം എന്ന് പറയാതെ വയ്യ. എന്നിരുന്നാലും പ്രതിപക്ഷം ഈ വിധം തകര്‍ന്നു പോകുന്ന രാഷ്ട്രീയ സാഹചര്യം ബിഹാറിന് മാത്രമല്ല നഷ്ടമുണ്ടാക്കുന്നത്. ഇന്ത്യയുടെ മൊത്തം രാഷ്ട്രീയ സ്വഭാവത്തെ തന്നെ അത് കീഴ്മേല്‍ മറിച്ചിടാന്‍ സാധ്യതയുള്ളതാണ്. രാജ്യത്തെ ഒരു മതരാഷ്ട്ര കോര്‍പറേറ്റ് റിപബ്ലിക്കിലേക്കാണ് ബി ജെ പി നയിക്കുന്നത് എന്ന വാസ്തവം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെങ്കിലും മനസ്സിലാകേണ്ടതുണ്ട്. അതിനെ പ്രതിരോധിക്കാനുള്ള ജാഗ്രത പ്രതിപക്ഷം പുലര്‍ത്തേണ്ടതാണ്. അമേരിക്കന്‍ ഭരണത്തില്‍ ഇപ്പോള്‍ പ്രകടമായി കാണുന്ന ആഗോള മുതലാളിത്തത്തിന്റെ രാഷ്ട്രീയ ഇടപെടല്‍ ശക്തി ഇന്ത്യന്‍ ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്തുമെന്ന അപായ സൂചനയാണ് ബിഹാര്‍ പങ്കുവെക്കുന്ന ഭീകര സത്യം.

 

---- facebook comment plugin here -----

Latest