Connect with us

ചെങ്കോട്ട സ്ഫോടനം

അപകടത്തിലാകുന്നത് രാജ്യ സുരക്ഷയാണ്

ഡല്‍ഹിയുടെ ക്രമസമാധാന പാലനവും സുരക്ഷയും നിലനിര്‍ത്തേണ്ടത് ഡല്‍ഹി പോലീസാണ്. ഡല്‍ഹി പോലീസിന്റെ ചുമതല പ്രധാനമന്ത്രി മോദിയുടെ വലംകൈയായ അമിത് ഷാക്കാണ്. ഡല്‍ഹിയിലേത് ട്രിപ്പിള്‍ എന്‍ജിന്‍ ഭരണമാണ്. കേന്ദ്ര ഭരണവും സംസ്ഥാന ഭരണവും നഗരസഭാ ഭരണവും ബി ജെ പിയുടെ കൈകളിലാണ്. വ്യാജ അവകാശവാദങ്ങളും വിദ്വേഷ പ്രചാരണവും നടത്തി സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അവർ.

Published

|

Last Updated

13 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി കാര്‍ സ്‌ഫോടനത്തില്‍ രാജ്യം ഒരിക്കല്‍ കൂടി നടുങ്ങി. രാജ്യ തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടക്ക് സമീപം നടന്ന സ്‌ഫോടനം ആകസ്മികമോ മനപ്പൂര്‍വമോ എന്ന സംശയം തുടക്കത്തിലുണ്ടായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കേസ് കൈമാറിയതോടെ ചിത്രം ഏതാണ്ട് വ്യക്തമായിരിക്കുകയാണ്. സംഭവത്തെ സര്‍ക്കാര്‍ ഭീകരാക്രമണമായി കാണുകയാണ്. ജമ്മു കശ്മീര്‍, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പോലീസ് ചിലരെ അറസ്റ്റ് ചെയ്തതും സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതും ഡല്‍ഹി സ്‌ഫോടനം നടന്നതും തൊട്ടടുത്ത ദിവസങ്ങളിലാണ്.

സ്‌ഫോടനം നടത്തിയവരെയും ഗൂഢാലോചനക്കാരെയും കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മോദി ഈ പ്രഖ്യാപനം നടത്തിയത് അയല്‍ രാജ്യമായ ഭൂട്ടാനില്‍ വെച്ചാണ്. മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം നേരത്തേ നിശ്ചയിച്ചതായിരുന്നു. തിങ്കളാഴ്ചയാണ് സ്‌ഫോടനം നടന്നതെങ്കിലും മോദി ഭൂട്ടാനിലേക്ക് യാത്ര തിരിച്ചത് ചൊവ്വാഴ്ചയാണ്. മോദി ഭൂട്ടാനില്‍ വെച്ച് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പറഞ്ഞു. ഒരു പ്രധാനമന്ത്രി രാജ്യത്തുണ്ടായ അക്രമത്തിലും ഇരകളായവര്‍ക്കു വേണ്ടിയും വിദേശത്തുവെച്ച് ദുഃഖം രേഖപ്പെടുത്തുന്നത് ആദ്യമായിട്ടായിരിക്കും. ഭൂട്ടാനിലെ ഒരു പൊതു പരിപാടിയില്‍വെച്ചാണ് മോദി മൂക്കിനു ചുവടെ നടന്ന ആക്രമണത്തെ അപലപിച്ചത്. താന്‍ ഇവിടെ നില്‍ക്കുന്നത് ഹൃദയ വേദനയോട് കൂടി ആണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

രാജ്യം സ്‌ഫോടനത്തില്‍ ഞെട്ടിത്തരിച്ചു നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്റെ നാലാമത്തെ രാജാവായ ജിഗ്്‌മേ സിംഗേ വാംഗ്ചുക്കിന്റെ എഴുപതാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനാണ് ഭൂട്ടാനിലേക്ക് പറന്നത്. അവിടെ പ്രധാനമന്ത്രിയുടെ മറ്റൊരു ചടങ്ങ് പുനാത്സാംഗ്ചു ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനമാണ്. ഗൗതം അദാനിയുടെ കമ്പനിയായ അദാനി പവറും ഭൂട്ടാന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ പവറും ചേര്‍ന്നുള്ള വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. പഹല്‍ഗാമില്‍ ഭീകരാക്രമണങ്ങള്‍ നടന്നപ്പോള്‍ സഊദി യാത്ര റദ്ദാക്കി മോദി ഇന്ത്യയില്‍ തിരിച്ചെത്തുകയുണ്ടായി. പക്ഷേ ഡല്‍ഹിയില്‍ സ്‌ഫോടനം നടന്നപ്പോള്‍ പ്രധാനമന്ത്രി അയല്‍ രാജ്യത്ത് പോയി ദുഃഖം പ്രകടിപ്പിക്കുകയാണ് ഉണ്ടായത്.

സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രസ്താവനയും ഉത്തരവും പുറത്തുവന്നെങ്കിലും ഉത്തരം കിട്ടാത്ത ചില ചോദ്യം അവശേഷിക്കുന്നു. തിരക്കേറിയ രാജ്യതലസ്ഥാനത്ത് നടന്ന ഈ ഭീകരാക്രമണത്തെ കുറിച്ച് ഇന്റലിജന്‍സ് വിഭാഗം മുന്‍കൂട്ടി അറിയാതെ പോയത് എന്തുകൊണ്ട്?

പാര്‍ലിമെന്റ് ആക്രമണം, ഡല്‍ഹി ജമാ മസ്ജിദിന് സമീപമുള്ള കാര്‍ സ്‌ഫോടനം, അക്ഷര്‍ധാം ക്ഷേത്രത്തിനു സമീപം നടന്ന സ്‌ഫോടനം, 62 പേര്‍ കൊല്ലപ്പെട്ട സരോജിനി നഗര്‍ പഹര്‍ഗഞ്ചി, ഗോവിന്ദ പുരി സ്‌ഫോടനം തുടങ്ങി ഡല്‍ഹി മുമ്പും പലതവണ തീവ്രവാദ ആക്രമണങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. അതിന്റെ പേരില്‍ അന്നത്തെ സര്‍ക്കാറിനെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ മുന്നോട്ടുവന്നിരുന്നു. മാത്രമല്ല നരേന്ദ്ര മോദിയുടെ കൈകളില്‍ രാജ്യവും ജനങ്ങളും സുരക്ഷിതരാണെന്ന് മോദിഭക്തര്‍ അവകാശപ്പെടുകയാണ്. 2025 ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ തീവ്രവാദികള്‍ 26 പേരെ കൊലപ്പെടുത്തി.

2024 ജൂണ്‍ ഒമ്പതിന് ജമ്മു കശ്മീരിലെ റീസിയില്‍ തീര്‍ഥാടകര്‍ക്കു നേരെ നടന്ന അക്രമത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. 2023 ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ ജമ്മു കശ്മീരിലെ രജൗരിയിലുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരില്‍ രണ്ട് വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 200ലേറെ പേരാണ്. മണിപ്പൂര്‍ ഇപ്പോഴും ശാന്തമല്ല. മാവോയിസ്റ്റ് അക്രമത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇത് രണ്ട് വര്‍ഷത്തെ കണക്കുകളാണ്. മോദിയുടെ ഭരണകാലത്ത് ഉറി, പത്താന്‍കോട്ട്, പുല്‍വാമ തുടങ്ങിയ ഭീകരാക്രമണങ്ങള്‍ വേറെയും കിടക്കുന്നു.

മോദിയുടെയും അമിത് ഷായുടെയും കൈകളില്‍ രാജ്യം സുരക്ഷിതമാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. മോദി ഭക്തരുടെ അവകാശവാദത്തിലെ പൊള്ളത്തരം എത്രത്തോളമാണെന്ന് തുറന്നു കാട്ടുന്നതാണ് ഡല്‍ഹി സ്‌ഫോടനം. തലസ്ഥാനമായ ഡല്‍ഹിയിലെ ചെങ്കോട്ടയും മെട്രോ സ്റ്റേഷനും തിരക്കേറിയ സ്ഥലമാണ്. ചെങ്കോട്ടയിലും തൊട്ടടുത്ത ഡല്‍ഹി ജമാ മസ്ജിദിലും ദിനേന വിദേശികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നു. കൂടാതെ സ്ഥിരം യാത്രക്കാരും. പതിവായി തിരക്ക് അനുഭവപ്പെടുന്ന പ്രദേശത്ത് നടന്ന സ്‌ഫോടനത്തില്‍ മരണസംഖ്യ കൂടാതിരുന്നത് ഭാഗ്യം കൊണ്ടാണ്. ഒമ്പത് പേര്‍ മരിച്ചെന്നായിരുന്നു ആദ്യ വാര്‍ത്ത. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാറുകളും ഓട്ടോറിക്ഷകളും കടകളും കത്തിനശിച്ചു. തീവ്രവാദികളില്‍ നിന്നും നുഴഞ്ഞുകയറ്റക്കാരില്‍ നിന്നും മാവോയിസ്റ്റുകളില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുമെന്ന വാഗ്ദാനവും ജമ്മു കശ്മീരിനെ സമാധാനത്തിന്റെ ഭൂമിയാക്കി മാറ്റുമെന്ന പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും അവകാശവാദവും കുറച്ചു പേരെങ്കിലും വിശ്വസിച്ചു കാണും.

സ്‌ഫോടനം നടന്നത് ഭരണ സിരാകേന്ദ്രമായ ഡല്‍ഹിയിലാണ്. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മന്ത്രിമാരുടെയും വിളിപ്പുറത്തുള്ള പ്രദേശം. സെന്‍സിറ്റീവായ അവിടെ നടന്ന ആക്രമണങ്ങള്‍ മുന്‍കൂട്ടി അറിയാതെ പോയത് ഏറ്റവും വലിയ സുരക്ഷാ വീഴ്ച തന്നെയാണ്. ഡല്‍ഹിയുടെ ക്രമസമാധാന പാലനവും സുരക്ഷയും നിലനിര്‍ത്തേണ്ടത് ഡല്‍ഹി പോലീസാണ്. ഡല്‍ഹി പോലീസിന്റെ ചുമതല പ്രധാനമന്ത്രി മോദിയുടെ വലംകൈയായ അമിത് ഷാക്കാണ്. ഡല്‍ഹിയിലേത് ട്രിപ്പിള്‍ എന്‍ജിന്‍ ഭരണമാണ്. കേന്ദ്ര ഭരണവും സംസ്ഥാന ഭരണവും നഗരസഭാ ഭരണവും ബി ജെ പിയുടെ കൈകളിലാണ്. വ്യാജ അവകാശവാദങ്ങളും വിദ്വേഷ പ്രചാരണവും നടത്തി സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ അപകടത്തിലാകുന്നത് രാജ്യസുരക്ഷയാണ്. ഡല്‍ഹിയില്‍ സംഭവിച്ചത് അതാണ്.

 

Latest