Connect with us

Kerala

മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ്: മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം

സി എസ് ഐ നാഗ്പൂര്‍ മിഷനിലെ ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ സുധീര്‍ എന്നിവര്‍ക്കടക്കമാണ് വറൂട് സെഷന്‍സ് കോടതി ഉപാധിയോടെ ജാമ്യം അനുവദിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ അറസ്റ്റിലായ മലയാളി ക്രൈസ്തവ പുരോഹിതനും ഭാര്യക്കും ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം. സി എസ് ഐ നാഗ്പൂര്‍ മിഷനിലെ ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ സുധീര്‍ എന്നിവര്‍ക്കടക്കമാണ് വറൂട് സെഷന്‍സ് കോടതി ഉപാധിയോടെ ജാമ്യം അനുവദിച്ചത്. എല്ലാ മാസവും തിങ്കളാഴ്ചകളില്‍ പോലീസ് സ്റ്റേഷനുകളില്‍ ഹാജരാകണമെന്നതാണ് ഉപാധി. കേസില്‍ ജനുവരി 13-ന് വിചാരണ നടക്കും.

പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വീടിന് മുന്നിലെത്തി പ്രശ്‌നമുണ്ടാക്കിയതെന്നും പൊലീസെത്തി സുരക്ഷിതമായി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നുവെന്നും സുധീര്‍ പറഞ്ഞു. മതപരിവര്‍ത്തനം എന്ന് പറയുന്നത് തന്നെ അപലപനീയമാണെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല പിറന്നാളാഘോഷത്തിന് പോയതെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ സുധീര്‍ പ്രതികരിച്ചു.

ഇന്നലെയായിരുന്നു നാഗ്പൂരില്‍ മലയാളി വൈദികനെയും ഭാര്യയേയും അടക്കം അറസ്റ്റ് ചെയ്തത്. ആദ്യം ആറോളം പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. പിന്നീട് ആറ് പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

 

 

Latest