Connect with us

Kerala

ഒരു സ്ത്രീക്കു നേരെ കുരച്ചു ചാടുന്നത് തെറ്റ്: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തുടര്‍ച്ചയായ വീഴ്ചകള്‍ മറച്ചുവെക്കാന്‍ മന്ത്രിയും സി പി എമ്മും ചേര്‍ന്ന് നാടകം കളിക്കുകയാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ദീപ്തി മേരി വര്‍ഗീസ്

Published

|

Last Updated

പത്തനംതിട്ട | ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായി കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പട്ടി കുരച്ച് ചാടുന്നത് പോലെ ഒരു സ്ത്രീക്ക് നേരെ ചാടാന്‍ പാടില്ലെന്നും തെരുവ് നായ്ക്കളെപ്പോലെ പെരുമാറാന്‍ പാടില്ലെന്നും കെ ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.

അമ്മമാരും സഹോദരിമാരും പോകുമ്പോള്‍ തെരുവ് നായ്ക്കള്‍ ഇതുപോലെ കുരച്ചു കൊണ്ട് ചാടും. മര്യാദ കേട് കാണിക്കരുത്. അമ്മയെ പോലെ കരുതേണ്ട ഒരു സ്ത്രീക്ക് നേരെ ചട്ടമ്പിത്തരമാണ് നടന്നതെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു വീണാ ജോര്‍ജിനെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.

വന്ദേഭാരത് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണ ജോര്‍ജിനെ പ്ലാറ്റ്‌ഫോമില്‍ എത്തിയ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ തള്ളിക്കയറിയപ്പോഴുണ്ടായ ബഹളത്തിലാണ് മന്ത്രിയുടെ കഴുത്തിനു പരിക്കേറ്റത്. പോലീസ് വലയം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോണ്‍ഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോള്‍ പോലീസ് പിടിച്ചുമാറ്റി. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോള്‍ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അല്‍പസമയം പ്ലാറ്റ്‌ഫോമില്‍ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചു. സംസാരിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ കഴുത്തിന് കടുത്ത വേദന അനുഭവപ്പെടുന്നതായാണ് നേതാക്കള്‍ അറിയിക്കുന്നത്. കഴുത്തിന് ഗുരുതര പരിക്കുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

പ്രതിഷേധത്തില്‍ വീണ ജോര്‍ജിന് പരിക്കേറ്റുവെന്ന വാദം പച്ചക്കള്ളമാണെന്ന വാദവുമായി കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ദീപ്തി മേരി വര്‍ഗീസ് രംഗത്തുവന്നു. ആരോഗ്യ വകുപ്പിലെ തുടര്‍ച്ചയായ വീഴ്ചകള്‍ മറച്ചുവെക്കാന്‍ മന്ത്രിയും സി പി എമ്മും ചേര്‍ന്ന് നാടകം കളിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതിനിടെയാണ് മന്ത്രിക്ക് അസ്വസ്ഥത ഉണ്ടായതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമരക്കാര്‍ മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടുപോലുമില്ല. ദൃശ്യങ്ങള്‍ കണ്‍മുന്നിലുണ്ടായിട്ടും ജനങ്ങളെ കൊഞ്ഞനം കുത്തിക്കൊണ്ട് സര്‍ക്കാര്‍ കള്ളം പറയുകയാണ്. ആരോഗ്യവകുപ്പിലെ ഗുരുതരമായ വീഴ്ചകള്‍ക്കെതിരെയാണ് കെ എസ് യു സമരം ചെയ്യുന്നത്. പിഴവുകള്‍ തിരുത്താനോ പദവി ഒഴിയാനോ ഉള്ള രാഷ്ട്രീയ ഔന്നത്യം കാണിക്കുന്നതിന് പകരം സമരക്കാര്‍ക്ക് നേരെ ആക്രോശിക്കുകയാണ് മന്ത്രി ചെയ്തത്.

കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് കള്ളം പറഞ്ഞ് നാടിനെ കലാപത്തിലേക്ക് തള്ളിവിടാനാണ് സി പി എം ശ്രമിക്കുന്നത്. ഇത്രയും വലിയ കള്ളം പറയുന്ന ഒരു പാര്‍ട്ടി ഭരണത്തില്‍ എത്രമാത്രം അഴിമതിയും കൊള്ളയും നടത്തിയിട്ടുണ്ടാകുമെന്ന് ജനങ്ങള്‍ ചിന്തിക്കണം. രാഷ്ട്രീയ ധാര്‍മികതയും സത്യസന്ധതയും ഇല്ലാത്ത ഈ കൂട്ടത്തെ കേരളം തിരിച്ചറിയണമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

 

 

Latest