Qatar
ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി; ആധുനിക ഖത്വറിന്റെ രാജശിൽപ്പി
ലോകം മുഴുവൻ പ്രകൃതി വാതകത്തിന്റെ വാണിജ്യ സാധ്യതകളെ സംശയത്തോടെ നോക്കിക്കണ്ടപ്പോൾ, ശൈഖ് ഹമദ് ഖത്വറിന്റെ വടക്കൻ കടൽത്തീരത്തെ ഇന്ധനനിക്ഷേപത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ദോഹ | ഒരു യുഗത്തിന്റെ അസ്തമയമാണ് പശ്ചിമേഷ്യൻ മണ്ണിൽ സംഭവിച്ചിരിക്കുന്നത്. ആധുനിക ഖത്വറിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും മാറ്റിമറിച്ച “ഫാദർ അമീർ’ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗം കേവലം ഭരണാധികാരിയുടെ വിടവാങ്ങലല്ല; മറിച്ച് മണൽക്കാറ്റുകളിൽ നിന്നും വിസ്മൃതിയിൽ നിന്നും കൊച്ചു ഉപദ്വീപിനെ ലോകത്തിന്റെ നെറുകയിലേക്ക് നയിച്ച യുഗപ്രഭാവന്റെ വിടവാങ്ങലാണിത്. മുത്തുവാരുന്നവരുടെ ചെറുതുരുത്തിൽ നിന്നും ആഗോള ഊർജ ഭൂപടത്തിലെ വമ്പന്മാരായി ഖത്വറിനെ വളർത്തിയെടുത്തതിന് പിന്നിൽ ആ ധിഷണാശാലിയുടെ ദീർഘവീക്ഷണമുണ്ട്.
ലഫ്. കേണൽ പദവിയിൽ നിന്ന് മേജർ ജനറലായി ഉയർന്ന ശൈഖ് ഹമദ്, സായുധസേനയുടെ കമാൻഡർ ഇൻ ചീഫ് പദവി അലങ്കരിച്ചു. 1977ൽ അന്നത്തെ അമീറായിരുന്ന പിതാവ് ശൈഖ് ഖലീഫ ബിൻ ഹമദ് അൽഥാനി അദ്ദേഹത്തെ കിരീടാവകാശിയായും പ്രതിരോധ മന്ത്രിയായും പ്രഖ്യാപിച്ചു. 1995 ജൂൺ 27ന് കൊട്ടാരവിപ്ലവത്തിലൂടെ ശൈഖ് ഹമദ് ഖത്വറിന്റെ ഭരണം ഏറ്റെടുത്തു.
ലോകം മുഴുവൻ പ്രകൃതി വാതകത്തിന്റെ വാണിജ്യ സാധ്യതകളെ സംശയത്തോടെ നോക്കിക്കണ്ടപ്പോൾ, ശൈഖ് ഹമദ് ഖത്വറിന്റെ വടക്കൻ കടൽത്തീരത്തെ ഇന്ധനനിക്ഷേപത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ച് അത്യാധുനിക സാങ്കേതികവിദ്യയോടെ ദ്രവീകൃത പ്രകൃതി വാതകം ഉത്പാദിപ്പിച്ചുതുടങ്ങി. അതോടെ ഖത്വറിന്റെ ഭാഗധേയം മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ 18 വർഷത്തെ ഭരണകാലത്ത് രാജ്യത്തിന്റെ ജി ഡി പി 24 മടങ്ങ് വർധിക്കുകയും ആളോഹരി വരുമാനത്തിൽ ഖത്വർ ലോകത്ത് ഒന്നാമതെത്തുകയും ചെയ്തു.
2005ൽ അദ്ദേഹം രൂപവത്കരിച്ച “ഖത്വർ ഇൻവെസ്റ്റ്മെന്റ്അതോറിറ്റി’ എന്ന പരമാധികാര നിക്ഷേപ നിധിയിലൂടെ ലണ്ടനിലെ ഹാരോട്സ്, ഷാർഡ് കൊട്ടാരം തുടങ്ങിയ ആഗോള സ്വത്തുക്കൾ സ്വന്തമാക്കി സാമ്പത്തിക ശക്തിയായി ഖത്വർ നിലയുറപ്പിച്ചു. “ഖത്വർ നാഷനൽ വിഷൻ 2030′ എന്ന വികസനരേഖ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണമാണ്.
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങൾ നീക്കി 1996ൽ അദ്ദേഹം തുടക്കമിട്ട “അൽ ജസീറ’ വാർത്താ ചാനൽ പശ്ചിമേഷ്യൻ മാധ്യമരംഗത്ത് വിപ്ലവം സൃഷ്ടിച്ചു. 1999ൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ മുനിസിപ്പൽ തിരഞ്ഞെടുപ്പും 2003ലെ ഭരണഘടനാ പരിഷ്‌കരണവും അദ്ദേഹത്തിന്റെ ജനാധിപത്യ ബോധത്തിന്റെ തെളിവുകളാണ്.
അമേരിക്കൻ സായുധ സേനയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ താവളമായ അൽ ഉദൈദ് എയർബേസ് നിർമിച്ച് പാശ്ചാത്യ രാജ്യങ്ങളുമായി ശക്തമായ പ്രതിരോധ സൗഹൃദം സ്ഥാപിച്ചു. ലബനാനിലെ ആഭ്യന്തര പ്രതിസന്ധി പരിഹരിച്ച 2008ലെ ദോഹ കരാറും ആഫ്രിക്കൻ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിത്തർക്കങ്ങളിലെ മധ്യസ്ഥതയും അദ്ദേഹത്തെ ലോകത്തിന്റെ സമാധാന ദൂതനാക്കി.
2013 ജൂൺ 25ന് 33കാരനായ മകൻ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് ഭരണം കൈമാറി അദ്ദേഹം പടിയിറങ്ങി. ഇതിലൂടെ “ഫാദർ അമീർ’ എന്ന പദവിയിലേക്ക് അദ്ദേഹം മാറി. സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്നപ്പോഴും ഖത്വറിന്റെ ഓരോ സ്പന്ദനത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
Content Highlights: Qatar former ruler and Father Emir Sheikh Hamad bin Khalifa Al Thani has passed away. He was the architect of modern Qatar who transformed the nation into the worlds top liquefied natural gas exporter and leading economy. He also founded Al Jazeera network and established Qatar Investment Authority.





