Kerala
ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം: കേരളമാകെ പ്രതിഷേധം
എല്‍ ഡി എഫിനെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ പറ്റാത്തതിനാല്‍ മന്ത്രിയെതന്നെ കായികമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ഹീനമായമാര്‍ഗമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം | ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സി പി എം പ്രതിഷേധം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏരിയാ, ലോക്കല്‍ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ക്രമസമാധാനം പാലിക്കാന്‍ എല്ലാ പ്രദേശങ്ങളിലും വലിയ തോതില്‍ പോലീസിനെ വിന്യസിച്ചു.
എല്‍ ഡി എഫിനെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ പറ്റാത്തതിനാല്‍ മന്ത്രിയെതന്നെ കായികമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ഹീനമായമാര്‍ഗമാണ് കോണ്‍ഗ്രസ്സ്വീകരിച്ചതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ മന്ത്രി ആക്രമിക്കപ്പെടുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന പരാജയഭീതിയാണ് ഒരു തരത്തിലും ന്യായീകരിക്കാനാകാത്തവിധമുള്ള അക്രമ സമരങ്ങള്‍ക്ക് യു ഡി എഫിനേയും കോണ്‍ഗ്രിനേയും പ്രേരിപ്പിക്കുന്നത്. കണ്ണൂര്‍ റെയില്‍സ്റ്റേഷനകത്ത് കയറി മന്ത്രിയെ ആക്രമിച്ച ക്രിമനലുകളെ പറഞ്ഞയച്ചത് കോണ്‍ഗ്രസാണ്. വീണാ ജോര്‍ജിനെ നിരന്തരമായി പിന്നാലെ നടന്ന് വേട്ടയാടുകയാണ് പ്രതിപക്ഷമെന്നും ആരോപിച്ചു.
നിയമസഭയിലും പുറത്തും ആരോഗ്യ മന്ത്രിയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമോത്സുകമായ പ്രചരണങ്ങളുടെ ചുവട് പിടിച്ചാണ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ ക്രിമിനലുകളെ പോലെ വീണയുടെ വാഹനത്തിന് മുന്നില്‍ ചാടുന്നതും പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നതും. അപ്പോഴൊന്നും ഒട്ടും കുലുങ്ങാതെ തന്റെ ലക്ഷ്യത്തിലൂടെ നടന്ന് നീങ്ങിയ മന്ത്രിയാണ് വീണാ ജോര്‍ജ്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ റീത്ത് വച്ചതും ഗേറ്റ് തകര്‍ത്തതും ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ തന്നെ അവരെ അപായപ്പെടുത്താനാണ് എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും സി പി എം സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.
സംഭവത്തെ തുടര്‍ന്ന് വൈകീട്ടോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. കണ്ണൂരില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം ഡി സി സി ഓഫീസിനു മുമ്പില്‍ അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ വന്‍ സംഘര്‍ഷം ഉടലെടുത്തു. ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച കെ എസ് യു പ്രവര്‍ത്തകര്‍ എസ് എഫ് ഐക്ക് നേരെയും കല്ലേറ് നടത്തി. സംഘര്‍ഷത്തില്‍ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിക്ക് പരിക്കേറ്റു. ആക്രമിച്ചവര്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ഡി വൈ എഫ് ഐ നേതൃത്വം പ്രതികരിച്ചു.
നെയ്യാറ്റിന്‍കരയില്‍ സി പി എം പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ ഗ്രസിന്റെ രാപ്പകല്‍ സമര പന്തല്‍ തകര്‍ത്തു. എംഎല്‍ എയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെ വി ഡി സതീശന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയില്‍ സി പി എം-ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്തു. പതാക കത്തിച്ചു. പുതുയുഗ യാത്രയുടെ ബോര്‍ഡുകള്‍ തകര്‍ത്തു. കൊല്ലം പുനലൂരില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. കോഴിക്കോട് മുക്കത്തും ഡി വൈ എഫ് ഐ പ്രകടനത്തിനിടെ യു ഡി എഫ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു.




