Kerala
വീണാ ജോർജിനെതിരായ ആക്രമണം കോൺഗ്രസിന്റെ ഹീനമായ രാഷ്ട്രീയ ആഭാസം: മുഖ്യമന്ത്രി പിണറായി വിജയൻ
മന്ത്രിക്കു നേരെ നടന്നത് ഒരു പ്രതിഷേധ പ്രകടനമല്ലെന്നും മറിച്ച് ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി
കണ്ണൂർ | ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ കെ എസ് യു ആക്രമണം കോൺഗ്രസിന്റെ ഹീനമായ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് നടന്നുപോകുമ്പോൾ മന്ത്രിക്കു നേരെ നടന്നത് ഒരു പ്രതിഷേധ പ്രകടനമല്ലെന്നും മറിച്ച് ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ മന്ത്രിയെ ലക്ഷ്യമിട്ട് നടന്ന ഈ നീക്കം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയുള്ള സംസ്ഥാനമാണ് കേരളമെന്നത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ച കാര്യമാണ്. എന്നാൽ ചില സംഭവങ്ങളെ പർവതീകരിച്ച്, അതിൽ ഒരു തരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നത് രാഷ്ട്രീയമല്ല, മറിച്ച് രാഷ്ട്രീയ ആഭാസമായാണ് കാണാൻ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതേണ്ടതില്ല.
ഈ ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം കോൺഗ്രസ് നേതൃത്വത്തിനും യു ഡി എഫ് മുന്നണിക്കുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന ശൈലിയാണ് കോൺഗ്രസിന്റേത്. ആ ശൈലിയുടെ പ്രതിഫലനമാണ് കെ എസ് യു അക്രമികളിലൂടെ പുറത്തുവന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Summary
Kerala Chief Minister Pinarayi Vijayan strongly condemned the KSU attack on Health Minister Veena George at Kannur Railway Station, labeling it as “political hooliganism” by the Congress party. He stated that the incident was not a protest but a pre-planned attack by a group of miscreants while the minister was heading to the platform. The CM warned the Congress leadership against attempting to disrupt law and order and held the UDF responsible for fostering such a violent political culture.



