Kerala
കേരള സ്റ്റോറി 2 ന്റെ പ്രദര്‍ശനം ഹൈക്കോടതിയുടെ വിലക്കി
പ്രദര്‍ശനാനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം തീരും വരെ സിനിമയുടെ റിലീസ് പാടില്ല
കൊച്ചി | കേരളത്തിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷത്തെ കളങ്കപ്പെടുത്തുന്നതായി ആരോപണം ഉയര്‍ന്ന ‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടി’ന്റെ പ്രദര്‍ശനത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്.
പ്രദര്‍ശനാനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം തീരും വരെ സിനിമയുടെ റിലീസ് പാടില്ല. ഈ സിനിമയുടെ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന ആവശ്യത്തില്‍ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് വിലക്ക്. സമയ പരിമിതിമൂലം ചിത്രം സിംഗിള്‍ ബെഞ്ച് കാണില്ല. കേരള സ്റ്റോറിയുടെ ടീസറിന്റെ പരിഭാഷ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജികളില്‍ ഹൈക്കോടതി നാളെയും വാദം കേള്‍ക്കും.
ഹര്‍ജിക്കാരുടെ ആവശ്യം സത്യസന്ധമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഹര്‍ജിക്കാരുടെ വാദങ്ങളെ നിര്‍മ്മാതാക്കള്‍ അപ്രസക്തമാക്കരുതെന്ന് പറഞ്ഞു. നഷ്ടം സംഭവിച്ചതിന് ശേഷമല്ല സിനിമ പുനപ്പരിശോധിക്കേണ്ടത് എന്നും സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി വിമര്‍ശനമുയര്‍ത്തി. ടീസര്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ ഒന്നും ചെയ്യാനില്ലെന്നും പരാതിക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണമെന്നുമായിരുന്നു ഹൈക്കോടതിയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വാദം.
സിനിമ പ്രദര്‍ശനത്തിന് എത്തിയ ശേഷം പുനപരിശോധിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതില്‍ മറുപടി നല്‍കി. റിലീസിന് മുന്‍പ് കോടതിക്ക് കാണുന്നതിന് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറല്ലെന്നാണ് നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് നല്‍കിയ സത്യവാങ്മൂലം. സെന്‍സര്‍ ബോര്‍ഡാണ് സിനിമ കാണേണ്ടത് എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. കേരളത്തിന് മാത്രമായി ഒരു അഭിമാനബോധമില്ല, രാജ്യത്തിന്റേതാണ് അഭിമാനബോധമെന്ന് നിര്‍മ്മാതാക്കള്‍ വാദത്തിനിടെ നിലപാടെടുത്തു.
വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെയും വിദ്വേഷ പ്രചാരണം ലക്ഷ്യം വെച്ചുള്ള പ്രമേയത്തിന്റെയും പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ചിത്രമാണ് 2024ല്‍ പുറത്തിറങ്ങിയ കേരള സ്റ്റോറി. സിനിമയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. കേരള സ്റ്റോറി 2വിന്റെ ട്രെയിലറിലെ ഒരു രംഗമാണ് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിം കഥാപാത്രങ്ങളെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. ഇന്ത്യ വൈകാതെ ഇസ്ലാമിക് സ്റ്റേറ്റായി മാറുമെന്നാണ് ടീസറിലുണ്ടായിരുന്നത്. സിനിമയ്ക്ക് എതിരെ യുവജന പ്രസ്ഥാനങ്ങളും സര്‍ക്കാരും പ്രതിപക്ഷവും തുടങ്ങി മലയാളികളെല്ലാം മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്നും ചിത്രത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നുണ്ട്.




