Connect with us

Articles

നേട്ടങ്ങളുടെ, വിവാദങ്ങളുടെ 2025

വ്യവസായ സൗഹൃദ സംസ്ഥാനമെന്ന പദവി മുതല്‍ ശബരിമല സ്വര്‍ണക്കൊള്ളവരെ നീളുന്ന സംഭവ പരമ്പരകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ വിവാദങ്ങളും ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമുള്‍പ്പെടെ കലുഷിതമായ രാഷ്ട്രീത്തിനിടയിലും അതിദാരിദ്ര്യമുക്ത സംസ്ഥാനം, സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത, സ്വച്ഛ്റാങ്കിംഗ് നേട്ടം, ആരോഗ്യ മേഖലയിലെ നിരന്തരമായ പുരസ്‌കാരങ്ങള്‍ ഇങ്ങനെ നീളുന്നു അംഗീകാരങ്ങള്‍.

Published

|

Last Updated

രാഷ്ട്രീയ, സാമൂഹിക കേരളത്തിന് ഒട്ടേറെ നേട്ടങ്ങളും അപരിഹാര്യമായ നഷ്ടങ്ങളും സമ്മാനിച്ച് 2025ഉം പടിയിറങ്ങുന്നു. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന പദവി മുതല്‍ ശബരിമല സ്വര്‍ണക്കൊള്ളവരെ നീളുന്ന സംഭവ പരമ്പരകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ വിവാദങ്ങളും ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമുള്‍പ്പെടെ കലുഷിതമായ രാഷ്ട്രീത്തിനിടയിലും അതിദാരിദ്ര്യമുക്ത സംസ്ഥാനം, സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത, വ്യവസായ സൗഹൃദ സംസ്ഥാന പദവി, സ്വച്ഛ്റാങ്കിംഗ് നേട്ടം, ആരോഗ്യ മേഖലയിലെ നിരന്തരമായ പുരസ്‌കാരങ്ങള്‍ ഇങ്ങനെ നീളുന്നു അംഗീകാരങ്ങള്‍. ഒപ്പം വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വിടവാങ്ങലും സംഭവിച്ചു.

അതിദാരിദ്ര്യ മുക്ത സംസ്ഥാനം
കേരളപ്പിറവി ദിനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത്. 2021ലാണ് സംസ്ഥാന സര്‍ക്കാര്‍ അതി ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞം ആരംഭിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ താഴെത്തട്ടില്‍ സര്‍വേ നടത്തി. ഇതിലൂടെ 64,006 കുടുംബങ്ങളെ അതിദാരിദ്ര്യ വിഭാഗത്തില്‍ പെടുന്നതായി കണ്ടെത്തി. അതേസമയം പ്രഖ്യാപനം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത
ആഗസ്റ്റിലാണ് കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിച്ചത്. ഇ മുറ്റം പദ്ധതിയിലൂടെ അടിസ്ഥാന കമ്പ്യൂട്ടര്‍ സാക്ഷരതക്ക് അപ്പുറം എല്ലാവരെയും കാര്യക്ഷമമായി സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റ് സേവനങ്ങളും ഉപയോഗിക്കാന്‍ പ്രാപ്തരാക്കാനുള്ള പരിശീലനങ്ങള്‍ നല്‍കി. എല്ലാവര്‍ക്കും ഡിജിറ്റല്‍ ആക്സസ് ഉറപ്പാക്കാന്‍ വേണ്ട നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടു.

വ്യവസായ സൗഹൃദ സംസ്ഥാനമെന്ന പദവി
വ്യവസായ പരിഷ്‌കരണ കര്‍മ പദ്ധതികളിലൂടെ കേരളത്തിന് ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമെന്ന പദവി കിട്ടി. തുടര്‍ച്ചയായ രണ്ടാം തവണയും പരാതികളുടെ എണ്ണം കുറക്കാനുമായി. ഈ വര്‍ഷം 99.3 ശതമാനം പരിഷ്‌കാരങ്ങളും പൂര്‍ത്തിയാക്കാന്‍ കേരളത്തിനായി. സുപ്രധാന വ്യവസായ മേഖലകളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കാനും കഴിഞ്ഞു.

സ്വച്ഛ് റാങ്കിംഗ് 2025ലും കേരളത്തിന് തിളക്കം
രാജ്യത്തെ നൂറ് മികച്ച ശുചിത്വ നഗരങ്ങളില്‍ കേരളത്തില്‍ നിന്ന് എട്ട് നഗരങ്ങളാണ് ഇടംപിടിച്ചത്. സ്വച്ഛ് സര്‍വേഷണ്‍ റാങ്കിംഗില്‍ ആദ്യമായാണ് കേരളം ഇത്രയും വലിയ നേട്ടമുണ്ടാക്കുന്നത്. കേരളത്തിലെ 93 മുനിസിപാലിറ്റികളില്‍ 82 എണ്ണവും ആദ്യ ആയിരത്തില്‍ ഇടംപിടിച്ചു.

സഞ്ചാരികളുടെ കേരളം
രാജ്യത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും മികച്ച പത്ത് ഇടങ്ങളില്‍ കേരളത്തിന് രണ്ടാം സ്ഥാനം കിട്ടി. ആഗോള യാത്രാ ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്കിംഗ് ഡോട്ട് കോമിന്റെ പതിമൂന്നാമത് വാര്‍ഷിക യാത്രാ റിവ്യൂ പുരസ്‌കാരത്തിലാണ് ഈ നേട്ടം. ആതിഥ്യ മര്യാദ, മികച്ച യാത്രാനുഭവം തുടങ്ങിയവ പരിഗണിച്ചായിരുന്നു ഇത്. 3,600 ലക്ഷം യാത്രികരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് കേരളം തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നാറും വര്‍ക്കലയും സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഇടങ്ങളിലുണ്ട്. 2024-25 സാമ്പത്തിക വര്‍ഷം കേരള വിനോദസഞ്ചാര മേഖല ഡിജിറ്റല്‍ സാന്നിധ്യത്തിലും നിര്‍ണായക നേട്ടമുണ്ടാക്കി. ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച സൈറ്റ് നമ്മുടേതാണ്. കേരള വിനോദസഞ്ചാര വകുപ്പിന്റെ പോര്‍ട്ടല്‍ മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി മുന്നിലെത്തി. ആഗോളരംഗത്ത് കേരള വിനോദസഞ്ചാര മേഖല ഡിജിറ്റല്‍ പ്രവണതയെ പുണരുന്ന കാഴ്ചക്കും 2025 സാക്ഷ്യം വഹിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണ പ്രവൃത്തികളില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ഇടപെടുത്തിയതിനുള്ള 2025ലെ പി എ ടി എ സുവര്‍ണ പുരസ്‌കാരം കേരളത്തിന് ലഭിച്ചു. 12 ലക്ഷം ഉപയോക്താക്കള്‍ കേരള ടൂറിസത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങളിലിടപെട്ടു.

കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫി ഫൈനലില്‍
കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ ഇടം നേടി. സെമി ഫൈനലില്‍ ഗുജറാത്തിനോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് ഫൈനലില്‍ ഇടം ഉറപ്പിച്ചത്. ഫൈനലില്‍ വിദര്‍ഭയോട് പൊരുതി തോറ്റെങ്കിലും സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലുള്ള ടീം രാജ്യത്തെ ഏറ്റവും വലിയ കായിക മേളയുടെ ഫൈനലില്‍ കടക്കുക എന്ന വലിയ നേട്ടം സ്വന്തമാക്കി. നേരത്തേ 2019ല്‍ രഞ്ജി ട്രോഫിയുടെ സെമി ഫൈനലിലെത്തിയതായിരുന്നു കേരള ടീമിന്റെ ഏറ്റവും വലിയ നേട്ടം.

തീരത്തിന് ഭീഷണിയായി കപ്പല്‍ അപകടങ്ങള്‍
വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട ചരക്കുകപ്പല്‍ മേയ് 24ന് കൊച്ചി പുറംകടലില്‍ അപകടത്തില്‍പ്പെട്ടതാണ് 2025ല്‍ കേരള തീരത്തെയാകെ ആശങ്കയിലാക്കിയ കടല്‍ അപകടം. കൊച്ചിയിലേക്കു വന്ന എം എസ് സി എല്‍സ-3 എന്ന ലൈബീരിയന്‍ കപ്പലാണ് തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും തീരസേനയും നാവികസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. കപ്പലിലെ കണ്ടെയ്നറുകള്‍ കടലില്‍ വീണു. കപ്പലില്‍ നിന്നുള്ള ഇന്ധനച്ചോര്‍ച്ച അറബിക്കടലില്‍ ഗണ്യമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കി. മാരക വിഷവസ്തുക്കളടങ്ങിയ കണ്ടെയ്നറുകളുമായെത്തിയ സിംഗപ്പൂര്‍ ചരക്കു കപ്പല്‍ ‘വാന്‍ ഹയി 503’ തീപ്പിടിച്ച് കടലില്‍ മുങ്ങിയതും 2025ലാണ്. ജൂണ്‍ ഒമ്പതിന് രാവിലെ 9.30ഓടെയാണ് അറബിക്കടലില്‍ കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തിന് 81.49 കിലോമീറ്റര്‍ അകലെയായി കപ്പലിന് തീപിടിച്ചത്.

വിവാദമായി ശബരിമല സ്വര്‍ണക്കൊള്ള
ശബരിമലയിലെ സ്വര്‍ണക്കൊള്ളയാണ് 2025ല്‍ കേരളത്തെ വലിയ തോതില്‍ പിടിച്ചുലച്ച സംഭവം. സ്പോണ്‍സറായി എത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ വലിയ സ്വര്‍ണക്കവര്‍ച്ച നടന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കൊള്ള അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് മേധാവി കൂടിയായ എ ഡി ജി പി. എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങള്‍ അടക്കം യു ബി ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ വിജയ് മല്യ 1998ല്‍ സ്വര്‍ണം പൊതിഞ്ഞിരുന്നു. പിന്നീട് ശബരിമലയില്‍ സ്പോണ്‍സറായി കടന്നുകൂടിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലുള്ള ഗൂഢസംഘം, സ്വര്‍ണം പൂശാനെന്ന വ്യാജേന ഇവ പുറത്തു കടത്തുകയും, സ്വര്‍ണം കവര്‍ച്ച ചെയ്തുവെന്നുമാണ് കേസ്.

തദ്ദേശ തിരഞ്ഞെടുപ്പ് അഥവാ ‘സെമി ഫൈനല്‍’
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ‘സെമിഫൈനല്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാറിനും സി പി എമ്മിനും ഇടതുമുന്നണിക്കും കനത്ത തിരിച്ചടിയാണ് ഏറ്റത്. ചെങ്കോട്ടയായ കൊല്ലം ഉള്‍പ്പെടെ എല്‍ ഡി എഫിന്റെ കൈവശമുണ്ടായിരുന്ന അഞ്ച് കോര്‍പറേഷനുകളിലെ ഭരണം നഷ്ടമായി. അധികാരം നിലനിര്‍ത്തിയ കോഴിക്കോട് മാത്രമാണ് എല്‍ ഡി എഫിന് ഏക ആശ്വാസം. കണ്ണൂരില്‍ ഭരണം നിലനിര്‍ത്തിയ യു ഡി എഫ്, കൊല്ലം, കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളില്‍ ഭരണം തിരിച്ചു പിടിച്ചു. മുനിസിപാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ബഹുഭൂരിപക്ഷവും യു ഡി എഫിനെ തുണച്ചു. ഗ്രാമപഞ്ചായത്തുകളിലും ഗണ്യമായ മുന്‍തൂക്കമാണ് യു ഡി എഫ് സ്വന്തമാക്കിയത്. ജില്ലാ പഞ്ചായത്തുകള്‍ 7-7 എന്ന നിലയില്‍ യു ഡി എഫുമായി തുല്യത പിടിക്കാനായതാണ് എല്‍ ഡി എഫിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ആശ്വസിക്കാവുന്ന നേട്ടം.

നഷ്ടങ്ങള്‍
2025ന്റെ പ്രധാന നഷ്ടങ്ങളിലൊന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിടവാങ്ങലായിരുന്നു. പരിസ്ഥിതിക്കും മണ്ണിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും കടുത്ത നിലപാടെടുത്ത വി എസിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമായി. 102ാം വയസ്സിലാണ് പോരാട്ടങ്ങള്‍ അവസാനിപ്പിച്ച് യാത്രയായത്.

സമര കേരളം 2025
അന്തസ്സുള്ള ജീവിതത്തിന്, ന്യായമായ വേതനത്തിന്, ജീവന്, ഭൂമിക്ക്, തൊഴിലിന്… അവകാശങ്ങള്‍ക്കായി മനുഷ്യര്‍ തെരുവിലിറങ്ങിയ വര്‍ഷം. മുനമ്പം, റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ആശിച്ച ജോലി കിട്ടാത്തതില്‍ പ്രതിഷേധവുമായി ശയനപ്രദക്ഷിണം നടത്തിയ വനിതാ റാങ്ക് ഹോള്‍ഡര്‍മാര്‍, വന്യജീവി ആക്രമണങ്ങള്‍ക്കെതിരായ പ്രതിഷേധം, മെച്ചപ്പെട്ട വേതനത്തിനായി തെരുവിലിറങ്ങിയ ആശാ പ്രവര്‍ത്തകര്‍, തുടങ്ങിയവയെല്ലാം, സമരപോരാട്ടങ്ങളുടെ ചരിത്രഗാഥകള്‍ പറയുന്ന കേരളത്തിന് മുന്നില്‍ 2025ല്‍ തെളിഞ്ഞ നേര്‍ചിത്രങ്ങളാണ്.

വാര്‍ത്തകള്‍, വിവാദങ്ങള്‍
ബോബി ഗ്രൂപ്പ് ഉടമ ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നല്‍കിയ പരാതിയാണ് 2025ല്‍ ആദ്യം ശ്രദ്ധ നേടുന്ന പ്രധാന വാര്‍ത്തകളിലൊന്ന്. ഈ കേസില്‍ ബോബി അറസ്റ്റിലാകുകയും ജയിലിലാകുകയും ചെയ്തു. ഒടുവില്‍ ഹൈക്കോടതി കര്‍ശന ഉപാധികളോടെ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചു. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിയാണ് 2025 തുടക്കത്തില്‍ ചര്‍ച്ചയായ മറ്റൊരു വാര്‍ത്ത. വിവാദമായതോടെ ജില്ലാ ഭരണകൂടം ഇടപെടുകയും സമാധി തുറന്ന് ഗോപന്‍ സ്വാമിയുടെ ശരീരം പോസ്റ്റ് മോര്‍ട്ടം നടത്തുകയും ചെയ്തു. പിന്നീട് വീട്ടുകാരുടെ താത്പര്യപ്രകാരം പ്രത്യേക കല്ലറ തയ്യാറാക്കി ഗോപന്‍ സ്വാമിയെ വീണ്ടും സമാധിയിരുത്തുകയും ചെയ്തു.

2025 തുടക്കം മുതലേ റാപ്പര്‍ വേടനും വിവാദങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. കഞ്ചാവ് കേസ് മുതല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ വിവാദമായി. ഷൊര്‍ണൂര്‍ സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവും മണിക്കൂറുകള്‍ക്കകം പിടികൂടിയതും ശ്രദ്ധേയ സംഭവമാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ ലൈംഗിക പീഡന വെളിപ്പെടുത്തലുകളും പെണ്‍കുട്ടികളുടെ പരാതിയും പോലീസ് കേസുമെല്ലാം 2025ലെ ചൂടുള്ള വാര്‍ത്തയായി. കേസെടുത്തതോടെ രാഹുല്‍ ഒളിവില്‍ പോയി. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്
നിലമ്പൂര്‍ മണ്ഡലത്തില്‍ ഇടത് സ്വതന്ത്രനായി വിജയിച്ച പി വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും സി പി എം നേതൃത്വവുമായും ഇടഞ്ഞ്, എം എല്‍ എ സ്ഥാനം രാജിവെച്ചത് 2025 ജനുവരിയിലാണ്. ജൂണ്‍ 19ന് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. യു ഡി എഫിലെ ആര്യാടന്‍ ഷൗക്കത്തും എല്‍ ഡി എഫിലെ എം സ്വരാജും തമ്മിലുള്ള പോരാട്ടത്തില്‍, വിജയം ഷൗക്കത്തിനെ തുണച്ചു.

സര്‍ക്കാര്‍- ഗവര്‍ണര്‍ ഏറ്റുമുട്ടല്‍
സംസ്ഥാന സര്‍ക്കാറും ഗവര്‍ണര്‍മാരുമായുള്ള ഏറ്റുമുട്ടല്‍ രാഷ്ട്രീയ കേരളത്തില്‍ പ്രധാന വാര്‍ത്തയായി. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി ഉപയോഗിച്ച് സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്ക് കടന്നുകയറാനുള്ള ലോക്ഭവന്റെ നീക്കങ്ങളാണ് പലപ്പോഴും ഏറ്റുമുട്ടലിലേക്ക് നയിച്ചത്. വി സി നിയമനം, സിന്‍ഡിക്കേറ്റ് നിയമനം തുടങ്ങി സര്‍വകലാശാലകളുടെ ഭരണത്തെ തന്നെ തര്‍ക്കം ബാധിച്ചു. സര്‍ക്കാറുമായി നിരന്തരം പോരടിച്ച ആരിഫ് മുഹമ്മദ് ഖാന്‍ മാറിയതോടെ, ഗോവ മുന്‍ മന്ത്രി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരളത്തിന്റെ 23ാമത് ഗവര്‍ണറായി ജനുവരിയില്‍ ചുമതലയേറ്റെങ്കിലും തര്‍ക്കങ്ങള്‍ അതേപടി തുടര്‍ന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ആര്‍ലേക്കര്‍ തുടക്കത്തില്‍ മുഖ്യമന്ത്രിയുമായും സര്‍ക്കാറുമായും സഹകരിച്ചു നീങ്ങിയെങ്കിലും, പിന്നീട് പല വിഷയങ്ങളിലും സര്‍ക്കാറിനെ നേരിട്ടെതിര്‍ക്കാനും ആര്‍ലേക്കര്‍ തയ്യാറായി.

അമീബിക് മസ്തിഷ്‌കജ്വരം
2025ല്‍ കേരളം ആരോഗ്യരംഗത്ത് നേരിട്ട വലിയ മഹാമാരിയാണ് അമീബിക് മസ്തിഷ്‌കജ്വരം. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 170 അമീബിക് മസ്തിഷ്‌കജ്വര കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 42 പേരാണ് മരിച്ചത്.

വിയോഗങ്ങള്‍
പ്രശസ്ത സാഹിത്യ വിമര്‍ശകനും എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. എം കെ സാനു വിടവാങ്ങിയതും 2025ലാണ്. സാഹിത്യ രംഗത്ത് മാത്രമല്ല, സാമൂഹിക, രാഷ്ട്രീയ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് എം കെ സാനുവിന്റേത്. മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ വിയോഗവും 2025ലാണ്. ജനുവരി ഒമ്പതിന്, 80ാം വയസ്സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആക്ഷേപഹാസ്യങ്ങളും വിമര്‍ശനങ്ങളും നിറച്ച തൂലിക കൊണ്ട് മലയാള സിനിമയിലൂടെ സാമൂഹിക വിമര്‍ശനത്തിന് പുതിയ മാനം നല്‍കിയ ശ്രീനിവാസന്റെ വിയോഗമാണ് 2025ന്റെ മറ്റൊരു നഷ്ടം. പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ ടി ജെ എസ് ജോര്‍ജ്, എസ് ജയചന്ദ്രന്‍ നായര്‍, ചരിത്രകാരന്‍ എം ജി എസ് നാരായണന്‍, ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷെര്‍ളി വാസു തുടങ്ങിയവര്‍ 2025ല്‍ വിടപറഞ്ഞവരാണ്.

നടിയെ ആക്രമിച്ച കേസ്
കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന കേസാണ് കൊച്ചിയില്‍ വാഹനത്തില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ട കേസ്. എട്ട് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഡിസംബര്‍ എട്ടിനാണ് എറണാകുളം വിചാരണക്കോടതി വിധി പ്രസ്താവിച്ചത്. പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി, പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. എട്ടാം പ്രതി സിനിമാ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കേസില്‍ വിധി പ്രസ്താവിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ, വിധിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു എന്ന ആക്ഷേപം ഇപ്പോള്‍ ഹൈക്കോടതിക്ക് മുമ്പിലാണ്.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest