Connect with us

International

പ്രതികാരച്ചുങ്കം റദ്ദാക്കിയ അമേരിക്കന്‍ സുപ്രിം കോടതിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

ജഡ്ജിമാര്‍ ഭരണഘടനയോട് അനുസരണയില്ലാത്തവരും രാഷ്ട്രീയ കളിപ്പാവകളും ദേശസ്നേഹമില്ലാത്തവരുമെന്നും ട്രംപ് അധിക്ഷേപിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍ | ഇതര രാജ്യങ്ങള്‍ക്കു മേല്‍ പ്രതികാരച്ചുങ്കം നടപ്പാക്കിയ നടപടി റദ്ദാക്കിയ അമേരിക്കന്‍ സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിധി നിരാശാജനകമെന്നും ബദല്‍ നിയമങ്ങളുപയോഗിച്ച് ഇറക്കുമതി തീരുവകള്‍ പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

താരിഫിനെതിരെ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്കെതിരെയും ട്രംപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ജഡ്ജിമാര്‍ ഭരണഘടനയോട് അനുസരണയില്ലാത്തവരും രാഷ്ട്രീയ കളിപ്പാവകളും ദേശസ്നേഹമില്ലാത്തവരുമെന്നും ട്രംപ് അധിക്ഷേപിച്ചു. ചില വിദേശ താല്പര്യങ്ങള്‍ ജഡ്ജിമാരെ സ്വാധീനിച്ചിട്ടുണ്ടാവാമെന്ന ഗുരുതര ആരോപണം ഉന്നയിച്ച ട്രംപ് തീരുവകള്‍ ചുമത്താന്‍ തനിക്ക് പരമാധികാരമുണ്ടെന്നും പ്രഖ്യാപിച്ചു.

പിന്നാലെ, കോടതിയെ വെല്ലുവിളിച്ചുകൊണ്ട് ട്രംപ് അഞ്ച് മാസത്തേക്ക് ആഗോളതലത്തില്‍ 10 ശതമാനം അധിക തീരുവ ചുമത്തി. ഇതോടെ ഇന്ത്യയ്ക്ക് മേലുള്ള താരിഫ് 18 ശതമാനമായി. വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തിയ പ്രതികാരച്ചുങ്കം യു എസ് സുപ്രീം കോടതി റദ്ദാക്കിയത് ട്രംപിന് കനത്ത തിരിച്ചടിയായിരുന്നു. ആഗോള തലത്തില്‍ കനത്ത താരിഫുകള്‍ ഏര്‍പ്പെടുത്തിയ ട്രംപ് പ്രസിഡന്റിന്റെ അധികാര പരിധി ലംഘിച്ചുവെന്നാണ് സുപ്രിം കോടതി വിധിച്ചത്. ദേശീയ അടിയന്തരാവസ്ഥകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകള്‍ ചുമത്തിയതെന്ന് വിധിയില്‍ വ്യക്തമാക്കി.

6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാര്‍ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം ലെവികള്‍ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു. നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം അമേരിക്കന്‍ ഭരണഘടന പ്രസിഡന്റിനല്ല, കോണ്‍ഗ്രസിനാണ് നല്‍കുന്നതെന്നും ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചിരുന്നു.

---- facebook comment plugin here -----

Latest