articles
സ്വർഗീയാരാമത്തിനുള്ള കാത്തിരിപ്പ്
ആത്യന്തിക വിജയം മുന്നില്‍ കണ്ട് ജീവിക്കുന്ന വിശ്വാസിക്ക് വ്രതം നല്‍കുന്ന ആനന്ദങ്ങള്‍ പലതുണ്ട്. ഭയഭക്തിയും സൂക്ഷ്മതയുമുള്ള ഉത്തമ വ്യക്തിത്വമാകാന്‍ നോമ്പ് ഓരോരുത്തരെയും പരിശീലിപ്പിക്കുന്നു എന്നതാണ് അതില്‍ പ്രധാനം.
ഈ ഉഷ്ണ കാലത്തും ജനങ്ങളെ പട്ടിണിക്കിട്ട് നോമ്പെന്ന കര്‍മം നിര്‍ബന്ധമാക്കിയത് അപരിഷ്‌കൃതമായിപ്പോയെന്നും യുക്തിസഹമല്ലെന്നുമൊക്കെയുള്ള വിമര്‍ശങ്ങള്‍ എക്കാലത്തും ഉണ്ടാകാറുണ്ടല്ലോ. ശരീരത്തെ പീഡിപ്പിക്കുന്ന, മാനുഷിക സുഖങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഒന്നായി നോമ്പിനെ വ്യാഖ്യാനിക്കുന്നവരും കുറവല്ല. എന്നാല്‍ ഇതിനിടയിലും വിശ്വാസി എങ്ങനെയാണ് വിശുദ്ധ റമസാനെ കാണുന്നതെന്നും കാണേണ്ടതെന്നുമുള്ള ആശയം ഇസ്‌ലാമിക സമൂഹത്തിന് പുറത്ത് അത്രയധികം ചര്‍ച്ചചെയ്യപ്പെടാറില്ല. സ്വയം നവീകരിക്കാനും സുകൃതങ്ങള്‍ കൊണ്ട് ശുദ്ധീകരിക്കാനും ചെയ്തുപോയ പാപങ്ങള്‍ക്ക് കണ്ണീരൊഴുക്കി പ്രാര്‍ഥിക്കാനും കണ്ണും കാതും കര്‍മങ്ങളും ഏകാഗ്രതയോടെ സലക്ഷ്യം ക്രമീകരിക്കാനുമായി പടച്ച റബ്ബിനോട് പ്രാര്‍ഥിച്ചു നേടുന്ന വിശുദ്ധ കാലമാണ് റമസാന്‍ എന്ന യാഥാര്‍ഥ്യം പുറമെ പലരും അറിയുന്നില്ല എന്നതുമുണ്ട്. നോമ്പിനെ ആസ്വദിക്കാന്‍, നിറവോടെ അനുഭവിക്കാന്‍ വിശ്വാസികള്‍ക്കേ കഴിയൂ എന്ന് പറയുന്നതും ശരിയാണ്.
പ്രാര്‍ഥിച്ചു നേടുന്ന റമസാന്‍ എന്ന് പറഞ്ഞല്ലോ. ഇനിയും കുറെ റമസാനിലും പുണ്യ രാവുകളിലും തങ്ങളെ സാക്ഷിയാക്കേണമേ എന്ന പ്രാര്‍ഥന ഓരോ റമസാനിലും വിശ്വാസികള്‍ നടത്തുന്നുണ്ട്. അടുത്ത റമസാനില്‍ ജീവിക്കാന്‍ ആയുസ്സ് നല്‍കേണമേ എന്നെങ്കിലും പ്രാര്‍ഥിക്കാതിരിക്കില്ല. റജബ് ആഗതമായാല്‍ തിരു ഹദീസില്‍ തന്നെ വന്ന “റമസാനിലേക്ക് എത്തിക്കേണമേ’ എന്ന ദുആ ഓരോ നിസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള ഇരവുകളിലും നിറയുന്നു. മാനസികമായി ഒരുങ്ങുന്നു. കര്‍മങ്ങളും പ്ലാനുകളും അവ്വിധം ക്രമീകരിക്കുന്നു. ജോലി, മുഹൂര്‍ത്തങ്ങള്‍, യാത്രകള്‍… അങ്ങനെ പലതും ക്രമീകരിക്കുന്നു. ഇത്രയൊക്കെ പ്രാര്‍ഥിക്കാനും ഒരുങ്ങാനും എന്ത് സമ്മാനമാണ് ഈ കാലം വിശ്വാസികള്‍ക്ക് നല്‍കുന്നത്. കേവലം ഒരൊഴുക്കിന്റെ ഭാഗമാകാതെ റമസാന്‍ നല്‍കുന്ന അത്യാനന്ദങ്ങളെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ? അതന്വേഷിക്കുമ്പോള്‍ ഒരു ഹദീസിലേക്കാണ് നമ്മളെത്തുക.
ആയിരം മാസം തുടര്‍ച്ചയായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും ഉയര്‍ന്ന പ്രതിഫലം കരസ്ഥമാക്കുകയും ചെയ്ത ബനൂ ഇസ്റാഈലുകാരനായ ഒരാളുടെ ചരിത്രം പങ്കുവെക്കുന്ന സമയത്ത് അനുചരര്‍ തിരുനബിയോട് ചോദിച്ചു: നബിയേ, അത്രയും ദൈര്‍ഘ്യമായ യുദ്ധം ചെയ്യാന്‍ സാധ്യമല്ലെന്നിരിക്കെ ഞങ്ങള്‍ക്കെങ്ങനെയാണ് ഉയര്‍ന്ന പ്രതിഫലം നേടാനാകുക? “ആയിരം മാസങ്ങളേക്കാള്‍ പ്രതിഫലം ലഭിക്കുന്ന ലൈലത്തുല്‍ ഖദ്്ർ എന്ന സവിശേഷ ദിവസം നിങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു’ എന്നര്‍ഥം വരുന്ന ഖുര്‍ആന്‍ വചനം ഓതിയാണ് തിരുനബി(സ) ആ ആശങ്കക്ക് മറുപടി പറയുന്നത്. ലൈലത്തുല്‍ ഖദ്്ർ അടങ്ങിയ മാസമെന്നതും റമസാനെ ഏറെ പവിത്രമാക്കുന്നുണ്ട്. നോമ്പുകാലത്ത് ചെയ്യുന്ന നന്മകള്‍ക്കെല്ലാം എത്രയോ ഇരട്ടി പ്രതിഫലമുണ്ടെന്നതും വിശ്വാസിയെ ഏറെ സന്തോഷിപ്പിക്കേണ്ടതാണ്.
ആത്യന്തിക വിജയം മുന്നില്‍ കണ്ട് ജീവിക്കുന്ന വിശ്വാസിക്ക് വ്രതം നല്‍കുന്ന ആനന്ദങ്ങള്‍ പലതുണ്ട്. ഭയഭക്തിയും സൂക്ഷ്മതയുമുള്ള ഉത്തമ വ്യക്തിത്വമാകാന്‍ നോമ്പ് ഓരോരുത്തരെയും പരിശീലിപ്പിക്കുന്നു എന്നതാണ് അതില്‍ പ്രധാനം. “മുന്‍കാല ജനതയെ പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കി, നിങ്ങള്‍ ഭയഭക്തിയുള്ളവരാകാന്‍ വേണ്ടി’ എന്ന ഖുര്‍ആന്‍ അധ്യാപനത്തിന്റെ പൊരുളതാണ്. മനുഷ്യന് അനുവദനീയമാക്കിയ ഭക്ഷണവും മറ്റും അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയും ശിക്ഷ ഭയപ്പെട്ടും ഒഴിവാക്കി ഒരുമാസക്കാലം പരിശീലിക്കുന്നതോടെ സ്രഷ്ടാവ് നിഷിദ്ധമാക്കിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മറ്റു കാലങ്ങളില്‍ വിശ്വാസിക്ക് ഉള്‍പ്രേരണയുണ്ടാകും. “മോശം സംസാരങ്ങളും പ്രവര്‍ത്തനങ്ങളും വിഡ്ഢിത്തവും ഒഴിവാക്കാത്തവന്റെ അന്നപാനീയ വര്‍ജനം അല്ലാഹു ആവശ്യപ്പെടുന്നില്ല’ എന്ന തിരുവചനവുമുണ്ടല്ലോ.
ഇത്ര സുന്ദരമായ ഭൂമിയില്‍, സുഖ സമൃദ്ധമായ അന്തരീക്ഷത്തില്‍ തനിക്ക് ജീവിക്കാന്‍ അവസരം ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി പ്രകടനമാണ് വ്രതം. അന്നപാനീയങ്ങളില്‍ നിന്നും മറ്റു ശാരീരിക സുഖങ്ങളില്‍ നിന്നും അല്ലാഹു നമ്മെ തടഞ്ഞു നിര്‍ത്തിയപ്പോള്‍, ആ അനുഗ്രഹങ്ങള്‍ നിശ്ചിത കാലത്തേക്ക് ഒഴിവാക്കുമ്പോള്‍ അവയെല്ലാം എത്രത്തോളം അനുഭൂതിയും സംതൃപ്തിയും നല്‍കുന്നതായിരുന്നുവെന്ന് നോമ്പുകാരന് ബോധ്യപ്പെടുന്നു. അവയെല്ലാം അനുഭവിപ്പിച്ച അല്ലാഹുവിന് നന്ദിപറയാന്‍ വ്രതനേരങ്ങള്‍ വിശ്വാസി ഉപയോഗപ്പെടുത്തുന്നു. ഇല്ലാത്തവരെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നു. അവരിലേക്ക് കരുണ നീങ്ങുന്നു. ചേര്‍ത്തുപിടിക്കുന്നു.
നാളിതുവരെ ലഭ്യമായ അനുഗ്രഹങ്ങള്‍ അല്‍പ്പകാലത്തേക്ക് കിട്ടാതിരിക്കുമ്പോഴാണല്ലോ നമുക്കതിന്റെ വില മനസ്സിലാകുക. “നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി’ എന്ന സന്ദേശവും ഇതാണ് ഓര്‍മപ്പെടുത്തുന്നത്. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് തങ്ങള്‍ക്ക് അല്ലാഹു നല്‍കിയ ധനത്തെയും മുന്തിയ വിഭവങ്ങളെയും കുറിച്ച് ബോധ്യപ്പെടാനും അത് തിരിച്ചറിഞ്ഞ് അല്ലാഹു തൃപ്തിപ്പെട്ട മാര്‍ഗത്തിലേക്ക് തങ്ങളുടെ ധനത്തില്‍ നിന്ന് പങ്കുനല്‍കാനും വ്രതകാലം പ്രേരിപ്പിക്കും.
മനുഷ്യ മനസ്സിന്റെയും ശരീരത്തിന്റെയും അശ്രദ്ധകളെയും ആലസ്യങ്ങളെയും ക്രമരാഹിത്യത്തെയും തിരിച്ചുപിടിക്കാനുള്ള ഒരവസരം കൂടിയാണ് റമസാന്‍. വയറു നിറഞ്ഞ് ഭക്ഷണം കഴിച്ചാല്‍, ലൈംഗിക താത്പര്യങ്ങളില്‍ സദാ വിഹരിച്ചാല്‍ അത് ജീവിതത്തിന്റെ ക്രമം തെറ്റിക്കുകയും നമ്മെ അലസതയുള്ളവരാക്കുകയും ചെയ്യും. സാമൂഹികമായ തിന്മകളും അതിന്റെ പരിണതിയായി സംഭവിച്ചേക്കാം. എന്നാല്‍ കൃത്യമായി വിശന്നാല്‍ മോശം ചിന്തകള്‍ കുറയും. അത് ആത്മീയ ചിന്തകള്‍ സൃഷ്ടിക്കും. “നിങ്ങളില്‍ നിന്ന് സാമ്പത്തിക ശേഷിയുള്ളവര്‍ വിവാഹം കഴിക്കട്ടെ. അത് അവന്റെ കണ്ണിനെ തിന്മയില്‍ നിന്ന് തടയുകയും ലൈംഗികാവയവങ്ങളെ സംരക്ഷിക്കുകയും ചെയ്യും. അതിന് കഴിയാത്തവര്‍ വ്രതമെടുക്കട്ടെ, അതവന് സംരക്ഷണമാണ്’ എന്ന ഹദീസിന്റെ പൊരുളതാണല്ലോ.
ഏതാണ് നന്മയെന്നും ഏതാണ് തിന്മയെന്നും കൃത്യമായി മനസ്സിലാക്കാനും നന്മകള്‍ തിരഞ്ഞെടുത്ത് ജീവിതം ക്രമീകരിക്കാനും ഈ മാസം വിശ്വാസിയെ ശീലിപ്പിക്കുന്നുണ്ട്. നിര്‍ബന്ധ നിസ്‌കാരങ്ങളും സുന്നത്ത് നിസ്‌കാരങ്ങളും കൃത്യമായി നിര്‍വഹിക്കാന്‍ റമസാന്‍ അവസരമൊരുക്കുന്നതിനാല്‍ തന്നെ തുടര്‍ കാലങ്ങളിലും ഈ ചിട്ട അവനെ വഴിനടത്തും.
കൃത്യമായ സമയത്ത്, സംഘടിതമായ നിസ്‌കാരങ്ങള്‍ നല്‍കുന്ന ആനന്ദം അനുഭവിക്കുന്ന കാലം കൂടിയാകുന്നു വ്രതകാലം. റമസാനിലെ സാരോപദേശങ്ങള്‍ മനുഷ്യനെ പല സത്കര്‍മങ്ങളിലേക്കും തിരിക്കുന്നുണ്ടല്ലോ. തന്റെ പക്കലുള്ള സമ്പത്തിന് ചുറ്റുമുള്ള മനുഷ്യരും അവകാശികളാണെന്ന ബോധം, സമയവും ആയുസ്സും നിരര്‍ഥകമായി ഉപയോഗിക്കുന്നതിലെ പ്രശ്‌നങ്ങള്‍ എല്ലാം ഇരുത്തി ചിന്തിപ്പിക്കാനുള്ള ആത്മീയ ഉണര്‍വ് നോമ്പ് രൂപപ്പെടുത്തുന്നുണ്ട്. നന്മ ചെയ്യുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷം ഉള്‍ക്കൊള്ളാനും ജീവിതത്തിലാകെ അവ പരിശീലിക്കാനും ഇതുവഴി സാധിക്കും.
ഒഴുക്കിനനുസരിച്ചുള്ള ജീവിതം നയിക്കുന്നത് ഹൃദയത്തെ കാഠിന്യമുള്ളതാക്കുകയും സത്യമറിയുന്നതില്‍ നിന്ന് നമ്മെ തടയുകയും ചെയ്യും. അല്ലാഹുവിനെ കുറിച്ച് ചിന്തിക്കുന്നതില്‍ നിന്നും ഓര്‍ക്കുന്നതില്‍ നിന്നും അടിമയെ അത് തടയും. ഭക്ഷണമടക്കമുള്ള വികാരങ്ങള്‍ ഒഴിവാക്കുമ്പോള്‍ ഹൃദയം പ്രകാശിക്കും, ഇലാഹീ സ്മരണയും ചിന്തയുമുണ്ടാകും. “നോമ്പുകാരനായിരിക്കെ ഒരാള്‍ തന്നെ ചീത്ത വിളിച്ചാല്‍, ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞ് അതില്‍ നിന്ന് വിട്ടുനില്‍ക്കട്ടെ’ എന്നര്‍ഥം വരുന്ന തിരുവചനം നല്‍കുന്ന സന്ദേശവുമിതാണ്.
ആരോടും ദേഷ്യപ്പെടാതെ, പ്രകോപിതരാകാതെ, ക്ഷമയോടെയും ലാളിത്യത്തോടെയും ജീവിക്കാന്‍ സാധിക്കുന്നതും നോമ്പ് നല്‍കുന്ന അച്ചടക്കത്തിലാണ്. ഞാന്‍ നോമ്പുകാരനാണ് എന്ന ബോധം അവനെ സാമൂഹിക തിന്മയില്‍ നിന്നും പരിഹാസങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
മനുഷ്യസഹജമായ എല്ലാവിധ അഹങ്കാരങ്ങളെയും റദ്ദ് ചെയ്യാന്‍ നോമ്പിന് സാധിക്കും. എല്ലാവരും ഒരേ സമയം പട്ടിണി കിടക്കുന്നു. സമ്പത്തുള്ളവനോ അധികാരമുള്ളവനോ ആര്‍ക്കും ആ സമയത്തില്‍ ഒരിളവും നല്‍കുന്നില്ല. നോമ്പ് പാഴായിപ്പോകുന്ന കാര്യങ്ങളും എല്ലാവര്‍ക്കും ഒരുപോലെ. ഒരേ നിബന്ധന. എത്ര മുന്തിയ വിഭവങ്ങള്‍ മുന്നിലുള്ളവര്‍ക്കും ഒന്നും കൈയില്‍ ഇല്ലാത്തവര്‍ക്കുമെല്ലാം നോമ്പ് തുറക്കാന്‍ ശ്രേഷ്ഠതയുള്ള വിഭവം കാരക്കയോ അതുമല്ലെങ്കില്‍ ശുദ്ധജലമോ ആണല്ലോ. ഏത് സാധാരണക്കാര്‍ക്കും വിപണിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ലഭ്യമാകുന്നവ. ഒരുമിച്ചിരുന്ന് നോമ്പ് തുറക്കുമ്പോഴും പാതിരാവില്‍ സംഘടിത നിസ്‌കാരങ്ങളില്‍ ഒരേ മനസ്സോടെ പങ്കെടുക്കുമ്പോഴും ഉള്ളിലെ അഹങ്കാരങ്ങള്‍ക്ക് എവിടെ സ്ഥാനം ലഭിക്കാനാണ്.
ദീര്‍ഘ കാലമായി മനസ്സിനെ അലട്ടുന്ന പാപങ്ങളുടെ മോചനത്തിനുള്ള അവസരം കൂടിയാണ് റമസാന്‍. സാഹചര്യങ്ങളും ചുറ്റുപാടുകളുമെല്ലാം നാമറിയാതെത്തന്നെ നമ്മെ തെറ്റുകളിലേക്ക് വലിച്ചിടുന്നു. പിശാച് നമുക്ക് ചുറ്റും നിഷിദ്ധങ്ങളുടെ കെണിവലകള്‍ സൃഷ്ടിക്കുന്നു. നമ്മുടെ ശരീരമാകട്ടെ തിന്മയിലേക്ക് നമ്മെ നിരന്തരമായി പ്രേരിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം കാണാനും റമസാനില്‍ കൈവരിച്ച ജീവിത ശുദ്ധി ആയുസ്സ് മുഴുവന്‍ തുടരാനും നമുക്ക് കഴിയണം. തെറ്റുകളിലേക്ക് അടുക്കുമ്പോഴൊക്കെ ശിക്ഷ ഓര്‍ത്തുള്ള ഭയം നമ്മുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കണം. അവ നമ്മെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതാകണം. അപ്പോള്‍ ലഭിക്കുന്നതാകട്ടെ ഇരട്ടി പ്രതിഫലവും. തിരുനബി(സ) പറയുന്നു: റമസാന്‍ കഴിഞ്ഞിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവന്‍ മൂക്ക് കുത്തി വീഴട്ടെ! അതായത് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടനിമിഷങ്ങളാണതെന്നര്‍ഥം.
കര്‍മങ്ങളിലെ ആത്മാര്‍ഥതയുടെ കുറവാണ് നമ്മെ തിന്മയിലേക്ക് വീണ്ടും അടുപ്പിക്കുന്നത്. പലവിധ നന്മകള്‍ ചെയ്യുന്നവര്‍ ഏറെയുണ്ട് നമുക്കിടയില്‍. പക്ഷേ, കര്‍മങ്ങളുടെയെല്ലാം ലക്ഷ്യങ്ങള്‍ അല്ലാഹുവിന്റെ തൃപ്തിക്കുമപ്പുറം മറ്റു പലതിലേക്കും ചേക്കേറുന്നുണ്ടോ എന്ന് ഓരോരുത്തരും പുനര്‍വിചിന്തനം നടത്തേണ്ടതാണ്. ദാനധര്‍മങ്ങള്‍ ചെയ്യുമ്പോഴും നോമ്പുതുറ ഒരുക്കുമ്പോഴും മറ്റുള്ളവര്‍ കാണാനാണ് എന്ന് ചിന്തിക്കാതെ, ഞാന്‍ ചെയ്തില്ലെങ്കില്‍ നാട്ടുകാര്‍ എന്ത് കരുതുമെന്നാലോചിക്കാതെ അല്ലാഹുവിന്റെ പ്രതിഫലവും തൃപ്തിയും ഉള്ളില്‍ കരുതാന്‍ ജാഗ്രത ഉണ്ടാകണം. മുആദ് (റ) പറയുന്നു: യമനിലെ ന്യായാധിപനായി നിയോഗിക്കപ്പെട്ടപ്പോള്‍ ഞാന്‍ തിരുനബി(സ)യോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്നെ ഉപദേശിച്ചാലും, റസൂല്‍(സ) പറഞ്ഞു: നിന്റെ മതം അല്ലാഹുവിന് വേണ്ടി മാത്രമാക്കുക. എന്നാല്‍ നിനക്ക് കുറഞ്ഞ കര്‍മങ്ങള്‍ മതിയാകും.
ഭയഭക്തിയുള്ളവരാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഉത്തമര്‍ എന്ന യാഥാര്‍ഥ്യമറിഞ്ഞ് സമ്പത്തോ മറ്റു ഭൗതിക നേട്ടങ്ങളോ പരിഗണിക്കാതെ ഭക്തിയുടെ മാര്‍ഗത്തില്‍ മത്സരിക്കാനാണ് ഓരോ മനുഷ്യനും ഓരോ റമസാനിലും ശ്രമിക്കേണ്ടത്. കര്‍മങ്ങള്‍ സ്വീകരിച്ച് സ്വര്‍ഗീയാരാമത്തിലേക്ക് ഞങ്ങളെ വഴി നടത്തേണമേ എന്നാകണം നമ്മുടെയെല്ലാം സദാപ്രാര്‍ഥനയും.
ആവുന്നിടത്തോളം നല്ലതുചെയ്ത് അനാവശ്യ സംസാരങ്ങളില്‍ നിന്നും അങ്ങാടി ചര്‍ച്ചകളില്‍ നിന്നും സോഷ്യല്‍ മീഡിയ വ്യവഹാരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. കാരുണ്യത്തിന്റെ മലക്കുകളുടെ ചിറകിലേറി തുറന്നിട്ടിരിക്കുന്ന സ്വര്‍ഗ കവാടങ്ങള്‍ കടക്കാന്‍ സത്കര്‍മങ്ങള്‍ സ്വരുക്കൂട്ടിവെക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ.



