articles
ബീഫ് തീറ്റിക്കുന്ന "കേരളം'
ഇന്ത്യൻ സിനിമയിലെ ഫാസിസ്റ്റ് അധിനിവേശം സിനിമയെ മാത്രം ബാധിക്കുന്ന പരിമിത പ്രശ്നമല്ലെന്നും ഇന്ത്യയെ തന്നെ ഇല്ലാതാക്കിയേക്കാവുന്ന ഗുരുതരപ്രശ്നമാണെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. പൊതുബോധത്തെ നിർണയിക്കാൻ കഴിവുള്ള ഏറ്റവും ജനപ്രിയമായ മാധ്യമമാണ് സിനിമ എന്നെല്ലാവർക്കും അറിയാം. യഥാർഥ സംഭവങ്ങളും കൽപ്പിത കഥകളും അർധസത്യങ്ങളും നുണകൾ തന്നെയും കൂട്ടിക്കുഴക്കുക എന്നത് സിനിമയിൽ പുതിയ കാര്യമല്ല.
കോടതികളും യൂനിയൻ സർക്കാറും കേരള സർക്കാറും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണമാണ് കേരള സ്റ്റോറി എന്ന സിനിമാ പരമ്പരയുടെ അടിസ്ഥാന പ്രമേയം. ജനാധിപത്യം, ദേശാഭിമാനം, സ്വാതന്ത്ര്യബോധം എന്നിവ കൊണ്ട് ഉജ്വലിച്ചുനിൽക്കുന്ന കേരളീയ മനസ്സിന്റെ സാമൂഹിക അബോധത്തിൽ മുസ്്ലിമിനെ സംശയത്തോടെയും അപരത്വത്തോടെയും കാണുന്ന മനോഭാവം പ്രബലമാക്കുക എന്നതാണ് ലവ് ജിഹാദ് ആരോപണത്തിന്റെ കൃത്യമായ ഉദ്ദേശ്യം.
വികസിത രാഷ്ട്രങ്ങൾക്കൊപ്പം കിടപിടിക്കാവുന്ന ജീവിത നിലവാരത്തിന്റെയും സാമൂഹിക സൂചികകളുടെയും ആരോഗ്യ സംവിധാനത്തിന്റെയും രേഖകളാണ് സത്യത്തിൽ കേരളത്തിന്റെ സ്റ്റോറി. മതനിരപേക്ഷത, സമാധാനവാഴ്ച, സഹിഷ്ണുത, ബഹുസ്വരത, ജനാധിപത്യം, പുരോഗമന ചിന്താഗതി എന്നിവയെല്ലാമാണ് കേരളത്തിന്റെ അടയാളങ്ങൾ. ആ കേരളത്തെ, ഗുജറാത്തിനും ഒഡിഷക്കും കർണാടകക്കും ശേഷം അതിതീവ്രമായ തരത്തിൽ അക്രാമകമായ ഹിന്ദുത്വാശയങ്ങൾക്ക് കീഴ്പ്പെടുത്താനുള്ള പ്രത്യക്ഷവും പരോക്ഷവുമായ പദ്ധതിയുടെ ഭാഗമായി കെട്ടിച്ചമച്ചുണ്ടാക്കിയ പ്രചാരണ കോലാഹലമാണ് ലവ് ജിഹാദ് എന്നതാണ് വസ്തുത.
സമൂഹത്തിൽ അസ്വസ്ഥത പടർന്നു പിടിക്കുമ്പോൾ, ഇന്റർനെറ്റ് മരവിപ്പിക്കുക എന്നത് ഭരണാധികാരികൾ സ്വീകരിക്കുന്ന രീതിയാണ്. അതു ശരിയോ തെറ്റോ എന്നത് മറ്റൊരു കാര്യം. സമൂഹത്തിനകത്തെ കാര്യങ്ങൾ നിയന്ത്രണാതീതമായിരിക്കുന്നു എന്ന് ഭരണകൂടത്തിന് തോന്നുമ്പോഴാണല്ലോ ഈ നിരോധനം നടത്തുന്നത്. ഇന്ത്യയിൽ ജമ്മു കശ്മീരിൽ 2012 മുതൽക്ക് 418 തവണ ഇന്റർനെറ്റ് ഷട്ട് ഡൗൺ നടപ്പാക്കി. രാജസ്ഥാനിൽ 97ഉം ഉത്തർപ്രദേശിൽ 31ഉം പശ്ചിമ ബംഗാളിൽ 20ഉം ഹരിയാനയിൽ 19ഉം മേഘാലയയിൽ 16ഉം ബിഹാറിൽ 15ഉം മഹാരാഷ്ട്രയിൽ 12ഉം ഗുജറാത്തിൽ 11ഉം ഒഡിഷയിൽ പത്തും പഞ്ചാബിലും മണിപ്പൂരിലും അരുണാചൽ പ്രദേശിലും എട്ട് വീതവും ഝാർഖണ്ഡിലും മധ്യപ്രദേശിലും ഏഴ് വീതവും അസം, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിൽ അഞ്ച് വീതവും ഡൽഹിയിൽ നാല് തവണയും തെലങ്കാനയിൽ മൂന്ന് തവണയും ഉത്തരാഖണ്ഡിൽ രണ്ട് തവണയും തമിഴ്നാട്, കർണാടകം, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ഒരു തവണയുമാണ് ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയത്.
കേരളത്തിലാകട്ടെ ഒരൊറ്റത്തവണ പോലും ഈ കടുത്ത നടപടി വേണ്ടിവന്നില്ല. 2023 വരെയുളള പത്ത് വർഷത്തെ കണക്കുകളാണ് മേൽ കൊടുത്തത്. ഇതേ സ്ഥിതി തന്നെയാണ് ഇപ്പോഴുമുള്ളത്. കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷത്തിന് ഇതിൽ കൂടുതൽ എന്തു തെളിവ് വേണം? സിക്കിം, ലഡാക്ക്, ചണ്ഡീഗഢ്, പുതുച്ചേരി, ഗോവ എന്നിവിടങ്ങളിലൂം ഇന്റർനെറ്റ് ഇക്കാലയളവിൽ നിരോധിച്ചിട്ടില്ല. ഇതിലധികവും കേന്ദ്രഭരണപ്രദേശങ്ങളാണ്. ജനസംഖ്യ താരതമ്യം ചെയ്യേണ്ടതില്ലാത്ത വിധത്തിൽ കുറവും. അപ്പോൾ, കേരളത്തെ സംബന്ധിച്ച് മതവിദ്വേഷവും വെറിയും ദുരാരോപണങ്ങളും കൃത്രിമമായി നിർമിച്ചെടുക്കുന്നത് എന്തിനാകും?
സാധാരണയായി നാട്ടിൽ നടക്കുന്ന പ്രണയങ്ങളെയാണ് ലവ് ജിഹാദ് പ്രചാരകർ സംശയത്തിന്റെ നിഴലിലേക്കും അതുവഴി വംശഹത്യയിലേക്കും നയിക്കുന്നത്. മുസ്്ലിംകൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ എന്നീ മൂന്ന് പ്രഖ്യാപിത ശത്രുക്കൾക്കു പുറമെ കമിതാക്കൾ, മിശ്രവിവാഹിതർ, മതം മാറിയവർ എന്നിവരെ കൂടി ഇരകളാക്കി വംശഹത്യക്കു വിധേയമാക്കാനുള്ള സംഘ്പരിവാർ പദ്ധതിക്ക് ചൂട്ടുപിടിക്കാൻ പത്രങ്ങളും ചാനലുകളും നിർമിത പൊതുബോധവും സമുദായസംഘടനകളും തയ്യാറായി എന്നതാണ് കാര്യങ്ങളെ ഗൗരവതരവും നിയന്ത്രണാതീതവുമായ നിലയിലേക്ക് നയിച്ചത്.
പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യൻ, അപരൻ (അദർ) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്‌കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേർപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വർധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പത്ര- ടി വി മാധ്യമങ്ങൾ ഈ അപരവത്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. സിനിമയിലും തുടർച്ചയായ പ്രവർത്തനത്തിലൂടെ ഈ വിഷവ്യാപനം നടത്തിക്കൊണ്ടേയിരിക്കാനാണ് തീവ്ര വലതുപക്ഷം പരിശ്രമിക്കുന്നത്.
കലാപത്തിന്റെയും വെറുപ്പിന്റെയും അക്രമത്തിന്റെയും സംസ്‌കാര(രാഹിത്യ)ത്തെ കേരളത്തിൽ വ്യാപകമാക്കാനുള്ള സാമൂഹിക വിരുദ്ധ ഗൂഢാലോചനയാണ് കേരള സ്റ്റോറി ഒന്നിനു പിന്നിലും മുന്നിലുമുണ്ടായിരുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലറിൽ പറഞ്ഞത് മുപ്പത്തിരണ്ടായിരം പെൺകുട്ടികളെ കേരളത്തിൽ മതപരിവർത്തനം നടത്തി ഐസിസിൽ ചേർത്ത് സിറിയയിലും യമനിലും എത്തിച്ചിട്ടുണ്ടെന്നൊക്കെയാണ്. പിന്നീട്, വ്യാപക എതിർപ്പ് സകലരും ഉന്നയിച്ചതിനെ തുടർന്ന് മുപ്പത്തിരണ്ടായിരം എന്നത് മൂന്നാക്കി കുറച്ചു.
കമ്മ്യൂണിസവും മതേതരത്വവും പഠിപ്പിച്ച സമയത്ത്, ഹിന്ദുത്വയെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചുമായിരുന്നു അച്ഛനമ്മമാർ പെൺകുട്ടികളെ പഠിപ്പിക്കേണ്ടത് എന്നാണ് കേരള സ്റ്റോറി ഒന്ന് എന്ന സിനിമയുടെ സംവിധായകൻ മുന്നോട്ടുവെച്ച വാദം. അല്ലെങ്കിൽ അവർ “ലവ് ജിഹാദ്’ കെണിയിൽ പെടുമത്രെ. “ദൈവത്തിന്റെ സ്വന്തം നാട് ഒരു ടൈം ബോംബിന് മുകളിലാണ് അതിനെ രക്ഷിക്കൂ’ എന്നൊക്കെയായിരുന്നു ചില സംഭാഷണങ്ങൾ! ഉത്തരേന്ത്യക്കാരുടെ കണ്ണിൽ കേരളത്തെ നികൃഷ്ടമായി അവതരിപ്പിക്കാനും കുറ്റവിചാരണ ചെയ്യാനുമാണ് വ്യക്തമായി തന്നെ ഉദ്ദേശിക്കപ്പെട്ടിരുന്നത്.
പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരുമടക്കമുള്ള യൂനിയൻ സർക്കാറും മധ്യപ്രദേശ്, ഉത്തർപ്രദേശ് അടക്കമുള്ള സർക്കാറുകളും കേരള സ്റ്റോറി ഒന്നിനനുകൂലമായി രംഗത്തു വന്നിരുന്നു. ഈ സംസ്ഥാനങ്ങളിൽ നികുതിയിളവ് അടക്കമുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ പക്ഷേ കേരള സ്റ്റോറി ഒന്ന് പ്രദർശിപ്പിച്ചില്ല. കേരളത്തിൽ തണുത്ത പ്രതികരണമാണുണ്ടായത്. എന്നാൽ ലോകവ്യാപക വാണിജ്യത്തിലൂടെ ചിത്രത്തിന് മൂന്നൂറിലധികം കോടിയുടെ വരവുണ്ടായി. ദേശീയ അവാർഡുകൾ ഈ തരംതാണ സിനിമക്കു മേൽ കോരിച്ചൊരിയപ്പെട്ടു.
ഇപ്പോൾ കേരള സ്റ്റോറി സിനിമാ പരമ്പരയിലെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. പ്രണയക്കെണിയിൽ പെടുത്തി മതം മാറ്റിച്ചതിനു ശേഷം, ഒരു ഹിന്ദു യുവതിയെ തീവ്രവാദികൾ നിർബന്ധിച്ച് ബീഫ് തീറ്റിക്കുന്ന ദൃശ്യമാണ് ട്രെയിലറിലുള്ളത്. ഫെബ്രുവരി 27ന് ലോകമാകെ ഈ സിനിമ റിലീസ് ചെയ്യുമെന്നാണ് പരസ്യത്തിൽ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും ആദ്യം ആഭാസവും വിദ്വേഷവും വംശഹത്യാവാദവും കൂട്ടിക്കലർത്തിയ ഈ സിനിമക്കെതിരെ രംഗത്തു വന്നത്. അദ്ദേഹത്തിന്റെ അതിശക്തമായ പ്രസ്താവന ഇപ്രകാരമാണ് അവസാനിച്ചത്: വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയർത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്.
നുണകൾക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും സിനിമയെ തള്ളിപ്പറഞ്ഞു. ലവ് ജിഹാദ് യാഥാർഥ്യമാണെന്ന നിലപാടാണ് ബി ജെ പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനുള്ളത്. ഇത്തരം അജൻഡകളുമായെത്തുന്ന സിനിമ രാജ്യത്ത് കലാപത്തിന് കോപ്പു കൂട്ടുകയാണ് ചെയ്യുന്നത് എന്നാണ് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അഭിപ്രായപ്പെട്ടത്. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണീ സിനിമ എന്നും അദ്ദേഹം വ്യക്തമാക്കി.
പരാതികളുയർന്നതിനെ തുടർന്ന് കേരള ഹൈക്കോടതി, ഐ&ബി മന്ത്രാലയത്തിനും ഫിലിം സർട്ടിഫിക്കേഷനുള്ള കേന്ദ്ര ബോർഡിനും നിർമാതാവിനും നോട്ടീസുകൾ അയച്ചിട്ടുണ്ട്. എന്നാൽ, സിനിമക്ക് ഇതിനകം യു എ സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞു. ബീഫ് എന്ന് പേരുണ്ടെന്നതിനാൽ മാത്രം, കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്ന് ഒരു സ്പാനിഷ് ചിത്രം നീക്കാൻ ആവശ്യപ്പെട്ടവരാണ് യൂനിയൻ സർക്കാർ എന്നാലോചിക്കുമ്പോഴാണ് ഈ സംവിധാനങ്ങളുടെയെല്ലാം പരിഹാസ്യത നമുക്ക് ബോധ്യപ്പെടുക.
ഇതൊരൊറ്റപ്പെട്ട സംഭവമല്ലെന്നത് നാം മറക്കരുത്. ഇന്ത്യൻ സിനിമയെ വിദ്വേഷ പ്രചാരണത്തിന്റെയും നുണകളുടെയും അർധ സത്യങ്ങളുടെയും കൂട്ടിക്കുഴക്കലുകളുടെയും കളിസ്ഥലമാക്കി സംഘ്പരിവാർ മാറ്റിക്കഴിഞ്ഞു. അതിന്റെ വിശദാംശങ്ങൾ വിവരിക്കുന്നതിന് ഈ കുറിപ്പിലെ സ്ഥലം മതിയാകുകയില്ല. ഉർദു എന്ന അതിമനോഹരമായ ഭാഷയുടെ കാൽപ്പനികതയും സൗന്ദര്യാഹ്ലാദങ്ങളുമാണ് ഹിന്ദി സിനിമയെ കഴിഞ്ഞ നൂറ് കൊല്ലത്തിലധികം കാലം കൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിച്ചത്. അതിനെ നിർമാർജനം ചെയ്യുക എന്ന ബുൾഡോസർ രാജാണ് ഇപ്പോൾ ഇന്ത്യൻ സിനിമയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ ഫാസിസ്റ്റ് അധിനിവേശം സിനിമയെ മാത്രം ബാധിക്കുന്ന പരിമിത പ്രശ്നമല്ലെന്നും ഇന്ത്യയെ തന്നെ ഇല്ലാതാക്കിയേക്കാവുന്ന ഗുരുതരപ്രശ്നമാണെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. പൊതുബോധത്തെ നിർണയിക്കാൻ കഴിവുള്ള ഏറ്റവും ജനപ്രിയമായ മാധ്യമമാണ് സിനിമ എന്നെല്ലാവർക്കും അറിയാം. യഥാർഥ സംഭവങ്ങളും കൽപ്പിത കഥകളും അർധസത്യങ്ങളും നുണകൾ തന്നെയും കൂട്ടിക്കുഴക്കുക എന്നത് സിനിമയിൽ പുതിയ കാര്യമല്ല. സിനിമയോട് പൊതുവെയും അതാത് സിനിമകളോട് പ്രത്യേകിച്ചും വിമർശനാത്മകവും ചരിത്രബോധ്യത്തെ അടിസ്ഥാനപ്പെടുത്തിയതും ജനാധിപത്യ അവബോധത്തോടെയുമുള്ള സമീപനം കാണികളിലും അല്ലാത്തവരിലും വ്യാപിപ്പിക്കുക എന്നത് മാത്രമാണ് ഈ വിഷമസന്ധിയിൽ നമുക്ക് ചെയ്യാനാവുന്ന കാര്യം. അതെത്രമേൽ ദുഷ്‌കരമാണെങ്കിലും നിർവഹിക്കാതെ നിവൃത്തിയില്ല.




