vazhivilakku
ഖത്്മുല്‍ ഖുര്‍ആന്‍: പൂര്‍ണതക്കുള്ള കരുതലുകള്‍
ഏറ്റവും ശ്രേഷ്ഠമായ ദിക്റാണ് ഖുര്‍ആന്‍ പാരായണം. വിശുദ്ധ വചനങ്ങളുടെ അര്‍ഥമാലോചിച്ചുകൊണ്ടാകുമ്പോഴാണ് അത് പൂര്‍ണത കൈവരിക്കുന്നത്. അബൂസഈദുല്‍ ഖുദ്രിയ്യ്(റ) ഉദ്ധരിക്കുന്ന ഹദീസില്‍ അല്ലാഹു പറഞ്ഞതായി നബി(സ) പറയുന്നു: അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് മറ്റു സംസാരങ്ങളേക്കാളുള്ള ശ്രേഷ്ഠത മറ്റു സൃഷ്ടികളേക്കാള്‍ അല്ലാഹുവിനുള്ള ശ്രേഷ്ഠത പോലെയാണ്.
റമസാന്‍ ഖുര്‍ആനിന്റെ മാസമാണ്. ‘ഖത്്മ് ഓതുക’ എന്ന് വാമൊഴി പറയുന്ന ഖുര്‍ആന്‍ പാരായണത്തെ കൂടുതല്‍ പ്രതിഫലാര്‍ഹമാക്കാനുള്ള മര്യാദകള്‍ പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും ശ്രേഷ്ഠമായ ദിക്റാണ് ഖുര്‍ആന്‍ പാരായണം. വിശുദ്ധ വചനങ്ങളുടെ അര്‍ഥമാലോചിച്ചുകൊണ്ടാകുമ്പോഴാണ് അത് പൂര്‍ണത കൈവരിക്കുന്നത്. അബൂസഈദുല്‍ ഖുദ്രിയ്യ്(റ) ഉദ്ധരിക്കുന്ന ഹദീസില്‍ അല്ലാഹു പറഞ്ഞതായി നബി(സ) പറയുന്നു: അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് മറ്റു സംസാരങ്ങളേക്കാളുള്ള ശ്രേഷ്ഠത മറ്റു സൃഷ്ടികളേക്കാള്‍ അല്ലാഹുവിനുള്ള ശ്രേഷ്ഠത പോലെയാണ്.
എത്ര സമയമെടുത്താണ് ഖത്്മ് പൂര്‍ത്തിയാക്കേണ്ടത്? മൂന്ന് ദിവസത്തേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് ഖുര്‍ആന്‍ ഓതിത്തീര്‍ക്കുന്നത് പ്രവാചകര്‍(സ) വിലക്കിയിട്ടുണ്ട്. കാര്യങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാന്‍ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും വേണമെന്നാണ് ഇതിന്റെ പിന്നിലെ യുക്തി. മുന്‍ഗാമികള്‍ ഖുര്‍ആന്‍ ഖത്്മ് ചെയ്യാനെടുക്കുന്ന സമയത്തിന്റെ അളവിനെ കുറിച്ച് ഇമാം നവവി(റ) അദ്കാറില്‍ വിശദീകരണം നല്‍കുന്നുണ്ട്. മുആദിബ്നു ജബല്‍(റ) എല്ലാ മൂന്ന് ദിവസത്തിലും ഖുര്‍ആന്‍ ആദ്യാവസാനം ഓതിത്തീര്‍ക്കുമായിരുന്നു എന്നും അതിനേക്കാള്‍ ചുരുങ്ങിയ സമയത്തില്‍ പൂര്‍ത്തിയാക്കുന്നത് അദ്ദേഹം വെറുത്തിരുന്നു എന്നും കാണാം. അബൂദ്ദര്‍ദാഅ്(റ) നാല് ദിവസത്തില്‍ ഒരിക്കല്‍ പൂര്‍ത്തിയാക്കലായിരുന്നു പതിവ്. അസ്വദ്ബ്നു സൈദ്(റ) ആറ് ദിവസമെടുത്ത് ഖത്്മ് പൂര്‍ത്തീകരിച്ചിരുന്നു.
ഉസ്മാനിബ്നു അഫാന്‍(റ), തമീമുദ്ദാരി(റ), സഈദിബ്നു ജുബൈര്‍(റ), മുജാഹിദ്(റ), ഇമാം ശാഫിഈ(റ) തുടങ്ങിയവര്‍ എല്ലാ ദിവസവും ഖത്്മ് ചെയ്യുന്നവരായിരുന്നു എന്നും കാണാം. നിരന്തരമായ പാരായണത്തിലൂടെയും ആശയങ്ങളിലൂടെയുള്ള സഞ്ചാരങ്ങളിലൂടെയും ഖുര്‍ആന്റെ അര്‍ഥതലങ്ങളുമായി ആഴത്തിലുള്ള പരിചയം സമ്പാദിച്ചതിനാലാകണം മൂന്ന് ദിവസത്തേക്കാള്‍ കുറഞ്ഞ സമയത്തില്‍ അവര്‍ ഖത്്മ് പൂര്‍ത്തിയാക്കുന്നത് പതിവാക്കിയത്. താബിഉകളില്‍ പ്രസിദ്ധരായ അല്‍നഖഈ റമസാനില്‍ രണ്ട് രാത്രികള്‍ കഴിയുമ്പോഴേക്കും ഖത്്മ് ചെയ്യുന്നവരായിരുന്നു. ഒട്ടുമിക്ക സ്വഹാബികളും ഖുര്‍ആന്‍ ഓതിത്തീര്‍ത്തിരുന്നത് ഒരാഴ്ച കൊണ്ടായിരുന്നു. ഇതിനായി അവര്‍ ഖുര്‍ആനിനെ ഏഴ് മന്‍സിലുകളായി തിരിച്ചിരുന്നു. 30 ദിവസത്തിലൊരിക്കെലെങ്കിലും ഖുര്‍ആന്‍ ഖത്്മ് ചെയ്യല്‍ അനിവാര്യമാണെന്ന് മിക്ക പണ്ഡിതന്‍മാരും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്നു അംറ്ബ്നുല്‍ ആസ്(റ)വിനോട് ‘മാസത്തിലൊരിക്കല്‍ ഖുര്‍ആന്‍ ഖത്്മ് തീര്‍ക്കുക’ എന്ന് പ്രവാചകര്‍(സ) നിര്‍ദേശിച്ചത് ബുഖാരി, മുസ്ലിം എന്നിവരടക്കം ഉദ്ധരിച്ചിട്ടുണ്ട്. ഖുര്‍ആന്‍ ഓതിത്തീര്‍ക്കാന്‍ 40 ദിവസത്തില്‍ കൂടുതല്‍ എടുക്കുന്നത് കറാഹത്താണെന്ന് ഇമാം അഹ്്മദ്ബ്നു ഹമ്പല്‍(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഈ പരിധിക്കപ്പുറത്തേക്ക് പോകേണ്ടി വന്നാലും വര്‍ഷത്തില്‍ രണ്ട് ഖത്്‌മെങ്കിലും തീര്‍ക്കാതിരിക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. ഇമാം അബൂ ഹനീഫ(റ), ഇമാം അഹ്്മദ് (റ) തുടങ്ങിയ പ്രമുഖ പണ്ഡിതന്മാര്‍ ഖുര്‍ആന്‍ വര്‍ഷത്തില്‍ രണ്ട് തവണ ഓതിത്തീര്‍ക്കല്‍ വിശ്വാസിയുടെ ബാധ്യതയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഖുര്‍ആന്‍ പാരായണം നിസ്‌കാരത്തില്‍ നിര്‍വഹിക്കുന്നതാണ് അല്ലാതെ ഓതുന്നതിനേക്കാള്‍ ശ്രേഷ്ഠം. ശാഫിഈ മദ്ഹബനുസരിച്ച് നിസ്‌കാരത്തിലെ സുജൂദിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത ഖിറാഅത് കൊണ്ട് ഖിയാമിനെ നീട്ടലാണ്.
നിസ്‌കാരമല്ലാത്ത സമയത്ത് ഖുര്‍ആന്‍ ഓതാന്‍ ഏറ്റവും ശ്രേഷ്ഠമായ സമയം രാത്രിയാണ്. അതില്‍ തന്നെ രണ്ടാം പകുതിയാണ് ആദ്യ ഭാഗത്തേക്കാള്‍ നല്ലത്. ഇശാ- മഗ്്രിബിനിടക്കുള്ള സമയം ഖുര്‍ആന്‍ പാരായണത്തിന് പ്രത്യേകം ശ്രേഷ്ഠത പറയപ്പെട്ടതാണ്. പകലില്‍ ഏറ്റവും നല്ല സമയം സുബ്ഹിക്ക് ശേഷമാണ്. നിസ്‌കാരം കറാഹത്തായ സമയത്തും ഖുര്‍ആന്‍ പാരായണം ചെയ്യാം. ദിവസങ്ങളില്‍ വെള്ളിയാഴ്ച, തിങ്കളാഴ്ച, അറഫാ ദിവസം, ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസം, റമസാനിലെ അവസാന പത്ത് ദിവസം എന്നിവയും മാസത്തില്‍ റമസാനും ഖുര്‍ആന്‍ പാരായണത്തിന് പ്രത്യേകമായി നിര്‍ദേശിക്കപ്പെട്ട സമയമാണ്.
ഖത്്മ് ചെയ്യുന്ന ദിവസം നോമ്പെടുക്കുന്നതും മഹാന്മാരുടെ പതിവാണ്. ഖത്്മിന് ശേഷം പ്രത്യേക പ്രാര്‍ഥനയും മുസ്‌ലിം ലോകത്തെ പതിവാണ്. അനസ്ബ്നു മാലിക്(റ) കുടുംബത്തെ ഒരുമിച്ചിരുത്തിയാണ് ഖത്്മ് ദുആ നിര്‍വഹിച്ചിരുന്നത്. ഖുര്‍ആന്‍ ഓതിത്തീരുന്ന ഘട്ടത്തില്‍, സൂറത്തുന്നാസ് ഓതിക്കഴിഞ്ഞാലുടന്‍ തന്നെ സൂറത്തുല്‍ ഫാതിഹയും സൂറത്തുല്‍ ബഖറയിലെ ആദ്യത്തെ അഞ്ച് ആയത്തുകളും കൂടി ഓതുന്നത് സുന്നത്താണ്. പാരായണം അവസാനിപ്പിക്കുകയല്ല, വീണ്ടും തുടങ്ങുകയാണ് എന്ന സന്ദേശമാണിത് നല്‍കുന്നത്.


