National
'ഇന്ന് ഞാനാണ് ജഡ്ജി, സാക്ഷികളെ ഹാജരാക്കൂ!'; കോടതി മുറിയിൽ നാടകീയ രംഗങ്ങൾ, ജഡ്ജിയുടെ കസേര കൈയേറി മധ്യവയസ്ക
കോടതി മുറിയിൽ എത്തിയ സ്ത്രീ ജഡ്ജി എത്തുന്ന സമയം അന്വേഷിച്ച ശേഷം ഡയസിലേക്ക് നടന്നു കയറി കസേരയിൽ ഇരിക്കുകയായിരുന്നു.
വാരാണസി | വാരണാസി ജില്ലാ കോടതിയിൽ നാടകീയ രംഗങ്ങൾ. മധ്യവയസ്കയായ ഒരു സ്ത്രീ കോടതി മുറിയിലേക്ക് അതിക്രമിച്ചു കയറി ജില്ലാ ജഡ്ജിയുടെ കസേരയിൽ ഇരിക്കുകയും സ്വയം ജഡ്ജിയായി പ്രഖ്യാപിച്ച് കോടതി നടപടികൾ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. അഡീഷണൽ ജില്ലാ ജഡ്ജി യജുവേന്ദ്ര വിക്രം സിംഗ് അവധിയിലായിരുന്ന സമയത്താണ് സ്ത്രീ കോടതി മുറിയിൽ പ്രവേശിച്ചത്.
കോടതി മുറിയിൽ എത്തിയ സ്ത്രീ ജഡ്ജി എത്തുന്ന സമയം അന്വേഷിച്ച ശേഷം ഡയസിലേക്ക് നടന്നു കയറി കസേരയിൽ ഇരിക്കുകയായിരുന്നു. തുടർന്ന് ഡെസ്കിലിരുന്ന കേസ് ഫയലുകൾ മറിച്ച് നോക്കുകയും മേശപ്പുറത്തിരുന്ന ഗാവൽ (കോടതികളിൽ ഉപയോഗിക്കുന്ന മരം കൊണ്ട് നിർമിച്ച ഹാമർ) എടുത്ത് തട്ടി ‘ഓർഡർ, ഓർഡർ! ഇന്ന് ഞാനാണ് ജില്ലാ ജഡ്ജി. സാക്ഷികളെയും തെളിവുകളെയും എന്റെ മുന്നിൽ ഹാജരാക്കൂ’ എന്ന് വിളിച്ചു പറയുകയും ചെയ്തു.
കോടതി ജീവനക്കാരും അഭിഭാഷകരും സ്ത്രീയെ കസേരയിൽ നിന്ന് പിന്തിരിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അടുത്തേക്ക് വരാൻ ശ്രമിച്ചവർക്കെതിരെ ഇവർ ആക്രോശിച്ചു. ഒരു മണിക്കൂറോളം കോടതി മുറിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഇവരെ വനിതാ പോലീസുകാർ ഉൾപ്പെടെയുള്ള കാന്റ് പോലീസ് സംഘം എത്തിയാണ് കസേരയിൽ നിന്ന് മാറ്റിയതും കസ്റ്റഡിയിലെടുത്തതും.
A bizarre incident at a court complex in Varanasi triggered security concerns after a woman allegedly entered a district judge’s courtroom, sat on the judge’s chair, and declared herself the presiding judge.
According to reports, the woman, identified as Vandana Gupta (50),… pic.twitter.com/BQny7G7KSQ
— Hate Detector 🔍 (@HateDetectors) June 12, 2026
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനാൽ ഇവരെ പിന്നീട് കുടുംബാംഗങ്ങൾക്കൊപ്പം വിട്ടയച്ചു. ഈ സ്ത്രീ മുൻപും സമാനമായ രീതിയിൽ ജഡ്ജിയുടെ കസേരയിൽ കയറിയിട്ടുണ്ടെന്ന് പ്രാദേശിക അഭിഭാഷകർ പറയുന്നു.
സംഭവത്തിന് ശേഷം കോടതി മുറിയിലെത്തിയ അഡീഷണൽ ജില്ലാ ജഡ്ജി യജുവേന്ദ്ര വിക്രം സിംഗ് മുറി പരിശോധിച്ചു. സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് സ്ത്രീ എങ്ങനെ കോടതി മുറിക്കുള്ളിൽ പ്രവേശിച്ചു എന്നതിനെക്കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ട അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണവും തേടിയിട്ടുണ്ട്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Content Highlights
A middle-aged woman created panic in Varanasi District Court by occupying the District Judge’s chair and attempting to conduct hearings. She was removed by Cantt police after an hour and later released to her family due to mental health issues. An official inquiry has been ordered into the security lapse.







