Connect with us

Articles

തിരുത്തണം ഈ മദ്യനയം

പ്രതിദിനം 5.95 ലക്ഷം ലിറ്റര്‍ വിദേശമദ്യം മലയാളി കുടിക്കുന്നു. ബിയറും വൈനും 2.38 ലക്ഷം ലിറ്റര്‍. രാസലഹരി വ്യാപകമായതിനാല്‍ മദ്യ വില്‍പ്പന അല്‍പ്പം താഴേക്ക് വന്നിട്ടുണ്ട്. എങ്കിലും മദ്യവും മറ്റ് ലഹരികളും ചേര്‍ന്ന് കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക സന്തുലിതാവസ്ഥ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. സംസ്‌കാരം ഒറ്റപ്പെട്ട കാര്യമല്ല. താഴുമ്പോള്‍ എല്ലാവരും താഴും. ഉയരുമ്പോള്‍ ഒന്നിച്ചുയരും. നമുക്ക് വേണ്ടത് ഉത്ഥാനമാണ്; പതനമല്ല.

Published

|

Last Updated

സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പുകള്‍ അടുത്തുവരുമ്പോള്‍ ഭരിക്കുന്ന സര്‍ക്കാറുകള്‍ മദ്യനയത്തില്‍ ദ്രുതഗതിയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. അവയുടെ ഉദ്ദേശ്യശുദ്ധി പരിശോധിച്ചാലറിയാം, സംസ്ഥാനത്ത് ജീവിക്കുന്ന പൊതുജനത്തിന്റെ നന്മ ഓര്‍ത്തല്ല, മദ്യത്തിലൂടെ ലഭിക്കുന്ന കോടികളുടെ വരുമാനത്തില്‍ കണ്ണുവെച്ചുള്ള അഡ്ജസ്റ്റ്മെന്റുകള്‍ മാത്രമാണ് അവയെന്ന്. ഇടത് മുന്നണിയില്‍ ചര്‍ച്ച നടത്താതെയും പ്രതിപക്ഷത്തെ അറിയിക്കാതെയും ബാര്‍ സമയത്തില്‍ മാറ്റം വരുത്തി ഓര്‍ഡര്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ തീരുമാനം നിരാശാജനകമാണ്. സര്‍ക്കാറുകള്‍ക്ക് വിവേചനാധികാരമുള്ളതാണ് കാര്യമെങ്കിലും മദ്യവര്‍ജനം എന്ന സംസ്ഥാനത്തിന്റെ പൊതുനയത്തിന് വിപരീതമാകുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമായി കൈകൊള്ളുന്നത് ശുഭോദര്‍ക്കമല്ല.

‘മദ്യവിമുക്ത കേരളം’ എന്നതാണ് സംസ്ഥാനത്തിന്റെ നയം, അതുപോലെ ഭരണത്തിലിരിക്കുന്ന മുന്നണിയുടെയും. വിമുക്തിയെന്നാല്‍ വിമോചനമാണ്, മോക്ഷമാണ്, വേര്‍പ്പെടുത്തലാണ്. മദ്യം മനുഷ്യന് ആപത്താണ്. അത് ലഹരിയാണ്. അതിമാരക, രാസ ലഹരികളിലേക്കുള്ള പ്രവേശികയാണ് മദ്യം. കൂടാതെ ‘എല്ലാ തിന്മകളുടെയും മാതാവും’. സ്വന്തം ജനതയെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് സര്‍ക്കാറുകള്‍ കണ്ടെത്തുന്ന വരുമാന സ്രോതസ്സിന് എന്ത് മൂല്യമാണുള്ളത്? മദ്യം സേവിക്കുമ്പോള്‍ ഒരാളുടെ ശരീരത്തില്‍ സംഭവിക്കുന്ന മാരകമായ പ്രത്യാഘാതങ്ങള്‍ മറന്നുകൊണ്ടുള്ള കാപട്യം നാം അവസാനിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ ആരോഗ്യവും സമ്പത്തും സ്വാസ്ഥ്യവും ക്രയശേഷിയും ഊറ്റിക്കുടിക്കുന്ന മദ്യലഹരി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.

മദ്യപാനം വഴി കേരളത്തില്‍ ഓരോ അഞ്ച് മിനുട്ടിലും ഒരു ആത്മഹത്യ സംഭവിക്കുന്നു. 25 ശതമാനത്തിനു മുകളില്‍ ഹോസ്പിറ്റല്‍ കേസുകള്‍ക്കും 69 ശതമാനം കുറ്റകൃത്യങ്ങള്‍ക്കും കൂട്ട് മദ്യമാണ്. മദ്യത്തിന്റെ അമിതോപയോഗം ഒരു വ്യക്തിയുടെ ശാരീരിക, മാനസിക, സാമൂഹിക ജീവിതത്തില്‍ തകരാറുകള്‍ ഉണ്ടാക്കുന്നുവെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. വാഹനാപകടങ്ങള്‍, കുടുംബ കലഹങ്ങള്‍, വ്യക്തിവിദ്വേഷം, പൊതു കലഹങ്ങള്‍ മുതലായവയിലെല്ലാം മദ്യത്തിന്റെ പങ്ക് അനിഷേധ്യമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് (24 ഫെബ്രുവരി 2025) അഫാന്‍ എന്ന 23 വയസ്സുകാരന്‍ മദ്യ ലഹരിയില്‍ സ്വന്തം അനുജനെയും കാമുകിയെയും അടക്കം കുടുംബത്തിലെ അഞ്ച് പേരെ കൊന്നുതള്ളിയത്. സ്വന്തം ഉമ്മയെയും കൊല്ലാന്‍ ശ്രമിച്ചെങ്കിലും അവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ വരുമാനത്തിന്റെ നാലിലൊന്ന് മദ്യ- ലോട്ടറി വില്‍പ്പനയില്‍ നിന്നാണ് ലഭിക്കുന്നത്. എന്നാലിത് ശരിയായ ധനാഗമനമാണെന്ന് പറയുക അസാധ്യമാണ്. മദ്യത്തിന് ചുമത്തുന്ന ശരാശരി നികുതി 250 ശതമാനത്തിന് മുകളിലാണ്. പെട്രോളിന് പോലും ഇതിന്റെ എത്രയോ താഴെയാണ്. റോഡില്‍ പൊലിയുന്ന ജീവനുകളില്‍ മൂന്നിലൊന്നും മദ്യലഹരി നിമിത്തമാണെന്നതല്ലേ സത്യം? പാവങ്ങളെ കുരുതികൊടുത്ത് സമ്പാദിക്കുന്ന ഈ വരുമാനം ‘ദൈവത്തിന്റെ സ്വന്തം നാടി’നും ജനതക്കും ഭൂഷണമാണോ?

1950കളില്‍ കേരളത്തില്‍ മദ്യപിക്കുന്നവരുടെ ശരാശരി പ്രായം 28 വയസ്സായിരുന്നു. ഇന്നത് കൗമാര പ്രായത്തിലെത്തി. അതായത്, 13നും 18നും ഇടയില്‍. 30 ശതമാനം കുട്ടികള്‍ മദ്യമടക്കമുള്ള ലഹരിക്ക് അടിമകളാണെന്ന് ഔദ്യോഗിക പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കേരളം മദ്യമുക്ത സംസ്ഥാനമായിരുന്നു. 1967 ഏപ്രില്‍ 28ന് ഒരു സ്‌പെഷ്യല്‍ ഓര്‍ഡിനന്‍സ് ഇറക്കിക്കൊണ്ടാണ് നിരോധനം മറികടന്നത്. അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് ആയിരുന്നു. 1984ലാണ് ബിവറേജസ് കോര്‍പറേഷന്‍ ഓഫ് കേരള (ബെവ്കോ) രൂപവത്കരിച്ചത്. ആ സാമ്പത്തിക വര്‍ഷം സര്‍ക്കാറിന് 55.47 കോടിയുടെ വരുമാനമാണ് മദ്യത്തിലൂടെ ലഭിച്ചത്. പത്ത് വര്‍ഷം കൊണ്ട് 240 കോടിയിലെത്തി. 2007 ആയപ്പോഴേക്ക് 3,000 കോടിയായി ഉയര്‍ന്നു. 2025 ലെത്തിയപ്പോഴേക്ക് 20,000 കോടി രൂപയിലെത്തി.

2023-24ലെ മദ്യവില്‍പ്പന 19,088.68 കോടിയും നികുതി വരുമാനം 16,609.63 കോടി രൂപയുമാണ്. അതായത് 650 രൂപക്ക് മദ്യം വാങ്ങിയാല്‍ അതില്‍ 580 രൂപയും സര്‍ക്കാറിന് നികുതിയിനത്തില്‍ കിട്ടും. 90 ശതമാനം നികുതി! ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് കേരള സര്‍ക്കാര്‍ 251 ശതമാനം വരെ സെയില്‍സ് ടാക്സ് ചുമത്തുന്നുണ്ട്. ആഡംബര നികുതിയായി ജി എസ് ടി നിജപ്പെടുത്തിയ 40 ശതമാനത്തിന്റെയും എത്രയോ മുകളില്‍. ഇതത്രയും പാവപ്പെട്ടവരുടെ അധ്വാനത്തിന്റെ വിലയാണെന്ന് കൂടി സര്‍ക്കാറുകള്‍ മനസ്സിലാക്കണം. ഒരു രാജ്യത്തിന്റെ സാമൂഹികാരോഗ്യമെന്നത് വ്യക്തിഗതാരോഗ്യത്തേക്കാള്‍ പ്രധാനമര്‍ഹിക്കുന്നതാണ്. ആല്‍ക്കഹോളിസം എന്ന രോഗാവസ്ഥയുണ്ട്. അത് സമൂഹത്തില്‍ പിടിപെടുന്ന സാഹചര്യം സര്‍ക്കാറുകള്‍ തന്നെ സൃഷ്ടിക്കുന്ന ദൂരന്തപൂര്‍ണമായ കാഴ്ചകളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

രാത്രി 12 വരേക്കും ബാറുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിക്ക് വേണ്ടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചട്ടം കൊണ്ടുവന്നിരിക്കുന്നത്. ടൂറിസ കേന്ദ്രങ്ങളില്‍ നേരത്തേ തന്നെ 12 മണിയാണ്. അത് മറ്റു ബാറുകള്‍ക്ക് കൂടി അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍. മദ്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ അത് ടൂറിസത്തെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ ന്യായം പറയുന്നത്. ബാറുകള്‍ പൂട്ടിയിടപ്പെട്ട 2015ല്‍ ടൂറിസ വരുമാനത്തില്‍ 5.86 ശതമാനം വര്‍ധനവാണുണ്ടായത്. മദ്യവുമായി ബന്ധപ്പെട്ടുള്ളത് സര്‍ക്കാര്‍ നയമാണ്. തിരുത്തേണ്ടത് ആ നയമാണ്. മദ്യമില്ലാത്ത രാജ്യങ്ങളിലും ടൂറിസം വളരുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ 47ാം വകുപ്പ് മദ്യമുക്തിക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നു. മഹാത്മാ ഗാന്ധിജി ഈ ലക്ഷ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു. മദ്യം ആദര്‍ശപരമായി വിലക്കപ്പെട്ട ഭൂപ്രദേശങ്ങളില്‍ ഈ പ്രതിസന്ധി കാണപ്പെടുന്നില്ല. വിവേകപൂര്‍വം ചിന്തിച്ചാല്‍ ലഹരിയെ പടിയടച്ച് പിണ്ഡം വെക്കാന്‍ മലയാളിക്കാകും. എത്രയോ ജീര്‍ണതകളില്‍ നിന്ന് നാം മോചനം നേടിയിട്ടുണ്ട്?

പ്രതിദിനം 5.95 ലക്ഷം ലിറ്റര്‍ വിദേശമദ്യം മലയാളി കുടിക്കുന്നു. ബിയറും വൈനും 2.38 ലക്ഷം ലിറ്റര്‍. രാസലഹരി വ്യാപകമായതിനാല്‍ മദ്യ വില്‍പ്പന അല്‍പ്പം താഴേക്ക് വന്നിട്ടുണ്ട്. എങ്കിലും മദ്യവും മറ്റ് ലഹരികളും ചേര്‍ന്ന് കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക സന്തുലിതാവസ്ഥ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. സംസ്‌കാരം ഒറ്റപ്പെട്ട കാര്യമല്ല. താഴുമ്പോള്‍ എല്ലാവരും താഴും. ഉയരുമ്പോള്‍ ഒന്നിച്ചുയരും. നമുക്ക് വേണ്ടത് ഉത്ഥാനമാണ്; പതനമല്ല. ആയതിനാല്‍, സംസ്ഥാനത്തിന്റെ ഭാസുര ഭാവിയോര്‍ത്ത് നമുക്ക് ലഹരിക്കെതിരെ ഒരുമിക്കാം. അനാരോഗ്യകരമായ മദ്യനയത്തില്‍ നിന്ന് സരക്കാറുകള്‍ പിന്മാറണമെന്ന് ഉറച്ച ശബ്ദത്തില്‍ ആവശ്യപ്പെടാം.

 

---- facebook comment plugin here -----

Latest