National
ട്വൻ്റി 20 ലോകകപ്പ്: ഇന്ത്യയിലെ വേദികൾ അഹമ്മദാബാദ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ
ലോകകപ്പിൻ്റെ ഫൈനൽ മത്സരം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും നടക്കുക
ന്യൂഡൽഹി | അടുത്ത വർഷം നടക്കുന്ന ട്വൻ്റി 20 ലോകകപ്പ് മത്സരങ്ങൾക്കായി ബി സി സി ഐ ഇന്ത്യയിൽ അഞ്ച് വേദികൾ ഷോർട്ട് ലിസ്റ്റ് ചെയ്തു. അഹമ്മദാബാദ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളാണ് തിരഞ്ഞെടുത്തത്. ലോകകപ്പിൻ്റെ ഫൈനൽ മത്സരം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും നടക്കുക. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന 2023 ഏകദിന ലോകകപ്പിൻ്റെ ഫൈനലിനും അഹമ്മദാബാദ് വേദിയായിരുന്നു. അന്ന് ആകെ പത്ത് വേദികളിലാണ് ലോകകപ്പ് മത്സരങ്ങൾ നടന്നത്.
ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിൻ്റെ പൂർണ്ണമായ ഷെഡ്യൂൾ അടുത്ത ആഴ്ച ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ സി സി.) പ്രഖ്യാപിക്കുമെന്നാണ് സൂചന. ഫെബ്രുവരി 7-ന് ടൂർണമെൻ്റ് ആരംഭിക്കുമെന്നും മാർച്ച് 8-ന് ഫൈനൽ നടക്കാനാണ് സാധ്യതയെന്നും അറിയുന്നു.
ഇന്ത്യക്കൊപ്പം ശ്രീലങ്കയാണ് ലോകകപ്പിൻ്റെ സഹ ആതിഥേയർ. ഇന്ത്യയുമായി ഉണ്ടാക്കിയ കരാർ പ്രകാരം പാകിസ്ഥാന് അവരുടെ മത്സരങ്ങൾ കളിക്കാനുള്ള ‘ന്യൂട്രൽ വേദി’ ആയി ശ്രീലങ്ക പ്രവർത്തിക്കും. ശ്രീലങ്കയിലെ കാൻഡി, കൊളംബോ എന്നിവയടക്കം മൂന്ന് വേദികൾ മത്സരങ്ങൾക്കായി ഉപയോഗിക്കും.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി സി സി ഐ.), പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി സി ബി.), ഐ സി സി. എന്നിവർ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം 2027 വരെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ ന്യൂട്രൽ വേദിയിലായിരിക്കും കളിക്കുക. ഇതനുസരിച്ച്, പാകിസ്ഥാൻ ഫൈനലിൽ എത്തുകയാണെങ്കിൽ, കിരീടപ്പോരാട്ടം ശ്രീലങ്കയിൽ വെച്ചായിരിക്കും നടക്കുക.
കഴിഞ്ഞ വർഷം ജൂണിൽ ബാർബഡോസിൽ നടന്ന ലോകകപ്പ് നേടിയ ഇന്ത്യ, നിലവിലെ ചാമ്പ്യൻമാരായാണ് ഹോം ലോകകപ്പിന് ഇറങ്ങുന്നത്.
തിരഞ്ഞെടുത്ത അഞ്ച് വേദികളും ‘ടയർ 1’ നഗരങ്ങളായതിനാൽ നിറഞ്ഞ കാണികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



