National
സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി
വൺ എക്സ് ബെറ്റ് എന്ന ഓൺലൈൻ വാതുവയ്പ്പ് സൈറ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഇ ഡിയുടെ നടപടി.
ന്യൂഡൽഹി | മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. ഒരു ഓൺലൈൻ വാതുവയ്പ്പ് സൈറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
വൺ എക്സ് ബെറ്റ് എന്ന ഓൺലൈൻ വാതുവയ്പ്പ് സൈറ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഇ ഡിയുടെ നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി എം എൽ എ.) പ്രകാരം സ്വത്തുക്കൾ കണ്ടുകെട്ടാൻ താൽക്കാലിക ഉത്തരവിറക്കി. ശിഖർ ധവാന്റെ 4.5 കോടി രൂപയുടെ സ്ഥാവര സ്വത്തും സുരേഷ് റെയ്‌നയുടെ 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ടുമാണ് കണ്ടുകെട്ടിയത്.
വൺ എക്സ് ബെറ്റിനെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇരു ക്രിക്കറ്റ് താരങ്ങളും വിദേശ സ്ഥാപനങ്ങളുമായി ‘അറിഞ്ഞുകൊണ്ട്’ തന്നെ കരാറുകളിൽ ഏർപ്പെട്ടതായി ഇ ഡിയുടെ അന്വേഷണത്തിൽ കണ്ടെത്തി. യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ എന്നിവരുൾപ്പെടെ മറ്റ് മുൻ ക്രിക്കറ്റ് താരങ്ങളെയും, നടന്മാരായ സോനു സൂദ്, ഉർവശി റൗട്ടേല, മിമി ചക്രവർത്തി, അങ്കുഷ് ഹസ്ര എന്നിവരെയും ഈ അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി ചോദ്യം ചെയ്തിട്ടുണ്ട്.
വൺ എക്സ് ബെറ്റ് കുറകാവോയിൽ രജിസ്റ്റർ ചെയ്ത ഒരു വാതുവയ്പ്പ് സൈറ്റാണ്.





