Kerala
ശബരിമല സ്വര്‍ണക്കൊള്ള: പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാര്‍; രമേശ് ചെന്നിത്തല
സ്വര്‍ണകൊള്ളയ്ക്കും പ്രതികള്‍ക്കും രാഷ്ട്രീയ സംരക്ഷണം ലഭിക്കുകയാണ്.
ആലപ്പുഴ| ശബരിമല സ്വര്‍ണക്കൊള്ളക്കു പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികള്‍ സ്വൈര്യവിഹാരം നടത്തുകയാണ്. എസ്‌ഐടി ഇവരെ ഉടന്‍ പിടികൂടണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ ആവശ്യപ്പെട്ടു. സ്വര്‍ണകൊള്ളയ്ക്കും പ്രതികള്‍ക്കും രാഷ്ട്രീയ സംരക്ഷണം ലഭിക്കുകയാണ്. തൊണ്ടിമുതല്‍ എവിടെ പോയെന്ന് പോലും അറിയില്ല. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 500 കോടിയില്‍ അധികം വിലമതിക്കുന്നതാണ് തൊണ്ടിമുതലുകള്‍. പുരാവസ്തുവാക്കി വില്‍പന നടത്താനാണ് ശ്രമം നടന്നത്. വന്‍ സ്രാവുകളെ എസ്‌ഐടി വലയിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റക്കാരായ നേതാക്കള്‍ക്ക് എതിരെ സിപിഐഎം നടപടി എടുത്തില്ല. എംവി ഗോവിന്ദന്‍ പ്രതികളെ സംരക്ഷിക്കുകയാണ്. പ്രതികളെ ഭയമാണ് പാര്‍ട്ടിക്ക്. പലതും തുറന്നു പറയുമെന്ന പേടിയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.


