International
പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ
കൂടുതൽ സൈനിക കമാൻഡർമാർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ പേരുകൾ പിന്നീട് വെളിപ്പെടുത്തുമെന്നും ഇറാൻ
ടെഹ്റാൻ |ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന വാർത്തകൾക്ക് പിന്നാലെ രാജ്യത്തെ ഉന്നത സൈനിക നേതൃത്വവും വധിക്കപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) ആണ് ശനിയാഴ്ച നടന്ന ഇസ്റാഈൽ-യുഎസ് ആക്രമണങ്ങളിൽ പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്.
ഇറാൻ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ, സൈനിക ചീഫ് ഓഫ് സ്റ്റാഫ് അബ്ദുൽ റഹീം മൂസവി എന്നിവർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇർന റിപ്പോർട്ട് ചെയ്തു. നേരത്തെ ഖാംനഈ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചിരുന്ന ഇറാൻ, അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അലി ശംഖാനി, ഐ ആർ ജി സി കമാൻഡർ ഇൻ ചീഫ് മുഹമ്മദ് പാക്പൂർ എന്നിവരും വധിക്കപ്പെട്ടതായി അറിയിച്ചു.
കൂടുതൽ സൈനിക കമാൻഡർമാർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ പേരുകൾ പിന്നീട് വെളിപ്പെടുത്തുമെന്നും ഇർന വ്യക്തമാക്കി. ഇറാന്റെ സൈനിക-രാഷ്ട്രീയ നേതൃത്വത്തിന് ഒരേസമയം ഏറ്റ ഈ കനത്ത പ്രഹരം രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നത്. സൈനിക താവളങ്ങൾക്കും ഭരണകൂട കേന്ദ്രങ്ങൾക്കും നേരെ നടന്ന മിസൈൽ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Summary
The official Iranian news agency IRNA has confirmed the deaths of several high-ranking officials, including Defence Minister Aziz Nasirzadeh and Army Chief of Staff Abdul Rahim Mousavi, following the joint US-Israel military strikes. This follows earlier confirmations of the deaths of Supreme Leader Ayatollah Ali Khamenei, his security advisor Ali Shamkhani, and IRGC chief Mohammad Pakpour. Tehran has indicated that additional names of fallen military commanders will be released as the scale of the leadership loss becomes clearer.





