Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സിബിഐ
ഇക്കാര്യം സിബിഐ ഹൈക്കോടതിയെ അറിയിക്കും
കൊച്ചി|കോടതി പറഞ്ഞാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ. ഇക്കാര്യം സിബിഐ ഹൈക്കോടതിയെ അറിയിക്കും. ഇഡി സ്വര്‍ണക്കൊള്ളയുമായി മുന്നോട്ട് പോവുകയാണ്. അതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ തായാറെന്ന് അറിയിക്കുന്നത്.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹരജി ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. രാജീവ് ചന്ദ്രശേഖറിന്റെ ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന കേസല്ല. വിവിധ സംസ്ഥാനങ്ങളില്‍ കേസുമായി ബന്ധമുണ്ട്. അതിനാല്‍ നിലവിലെ എസ്ഐടിയ്ക്ക് കേസ് അന്വേഷിക്കാന്‍ പരിമിതിയുണ്ട്. അതിനാലാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക് നീങ്ങുകയാണ്. എസ്‌ഐടി അന്വേഷിക്കുന്ന ചെന്നൈ വ്യവസായി ഡി മണി എന്നയാള്‍ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമെന്നാണ് സൂചന. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് സ്മാര്‍ട്ട് ക്രിയേഷന്‍സുമായുള്ള ഇടപാടുകള്‍ പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


