Saudi Arabia
അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കും, പക്ഷേ പ്രകോപനം അനുവദിക്കില്ല: സഊദി മാധ്യമ മന്ത്രി
രാജ്യത്തിന്റെ മാധ്യമ നിയമങ്ങൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും വിധേയമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്
റിയാദ്| സഊദി അറേബ്യയിൽ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്നും എന്നാൽ മതപരവും സാമൂഹികവുമായ മൂല്യങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രകോപനങ്ങളെ കർശനമായി നേരിടുമെന്നും സഊദി മാധ്യമ മന്ത്രി സൽമാൻ അൽ ദോസരി. രാജ്യത്തിന്റെ മാധ്യമ നിയമങ്ങൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും വിധേയമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിയാദിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമർശനങ്ങൾ ക്രിയാത്മകമായിരിക്കണമെന്നും സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന വിധത്തിലുള്ള വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. പുതിയ കാലത്തെ ഡിജിറ്റൽ മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും സഊദി വിഷൻ 2030-ന്റെ ഭാഗമായി മാധ്യമ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


