Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്‌ഐടിക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നു; വി ഡി സതീശന്‍

അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ പിന്മാറണമെന്നും വിഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്‌ഐടിയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മര്യാദയുടെ പേരില്‍ മാത്രം ഉദ്യോഗസ്ഥരുടെ പേര് പറയുന്നില്ല. പേര് തങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്നും പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ പിന്മാറണമെന്നും വിഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സത്യസന്ധവും നീതിപൂര്‍വവുമായ അന്വേഷണം നടക്കണം. ഇത് അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന കേസാണ്. സ്വര്‍ണക്കൊള്ള കേസ് തങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നുണ്ട്. എവിടെ പാളിച്ച വന്നാലും അവിടെ പറയും. കോടതി ഇടപെടല്‍ വന്നതോടെ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്നാണ് വിശ്വസിക്കുന്നത്. എസ്ഐടിയില്‍ തങ്ങള്‍ ഇതുവരെ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

സിബിഐ അന്വേഷിക്കണം എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകരുത്. കോടതി നിരീക്ഷണത്തിലായതുകൊണ്ടാണ് അന്വേഷണം ഈ നിലയിലെങ്കിലും പോകുന്നത്. അല്ലാത്ത പക്ഷം അന്വേഷണം എവിടെയുമെത്തില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു അന്വേഷണമെങ്കില്‍ എ പത്മകുമാറും എന്‍ വാസുവും അറസ്റ്റിലാകുമായിരുന്നില്ല. ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അന്വേഷണം അവസാനിപ്പിക്കുമായിരുന്നുവെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 

---- facebook comment plugin here -----

Latest