National
മണിപ്പൂർ കലാപം: അന്വേഷണ കമ്മീഷൻ അധ്യക്ഷനായി മുൻ സുപ്രീം കോടതി ജഡ്ജി ബി എസ് ചൗഹാനെ നിയമിച്ചു
നിലവിലെ അധ്യക്ഷനും ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായ അജയ് ലാംബ രാജിവെച്ചതിനെ തുടർന്നാണ് ഈ പുതിയ നിയമനം
ന്യൂഡൽഹി | മണിപ്പൂർ വംശീയ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷൻ്റെ പുതിയ അധ്യക്ഷനായി മുൻ സുപ്രീം കോടതി ജഡ്ജി ബൽബീർ സിംഗ് ചൗഹാനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ അധ്യക്ഷനും ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായ അജയ് ലാംബ രാജിവെച്ചതിനെ തുടർന്നാണ് ഈ പുതിയ നിയമനം. മാർച്ച് ഒന്നിന് ജസ്റ്റിസ് ചൗഹാൻ ചുമതലയേൽക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ അറിയിച്ചു.
ജസ്റ്റിസ് അജയ് ലാംബയുടെ രാജി ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വരും. 2023 ജൂൺ നാലിന് കമ്മീഷൻ രൂപീകരിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ അന്വേഷണ പരിധികളിലും മറ്റ് നിബന്ധനകളിലും മാറ്റമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2023 മെയ് മാസത്തിലാണ് മണിപ്പൂരിൽ വലിയ രീതിയിലുള്ള വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. മാസങ്ങളോളം നീണ്ടുനിന്ന സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ ഏകദേശം ഒരു വർഷത്തോളം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസമാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിൻവലിച്ചതും വൈ ഖേംചന്ദ് സിംഗിൻ്റെ നേതൃത്വത്തിൽ ജനകീയ സർക്കാർ അധികാരമേറ്റതും. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനകളും വീഴ്ചകളും കണ്ടെത്താനാണ് കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്.
Summary
The Central Government has appointed former Supreme Court judge Balbir Singh Chauhan as the new chairperson of the commission investigating the 2023 Manipur ethnic violence. He succeeds Justice Ajai Lamba, who recently resigned from the post, and is set to take charge on March 1, 2026. This appointment comes shortly after the lifting of President’s rule in Manipur and the installation of a new elected government under Chief Minister Y Khemchand Singh.

