Connect with us

Kerala

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്ക്

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മന്ത്രിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി; രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് എത്തിയതായും ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ്

Published

|

Last Updated

കണ്ണൂർ | പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രിയെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റെ നിർദ്ദേശാനുസരണം പുലർച്ചെ നാല് മണിയോടെ മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു.

സ്വന്തം വാഹനത്തിലാണ് മന്ത്രി യാത്ര തിരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മന്ത്രിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് എത്തിയതായും ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തുടർചികിത്സ തലസ്ഥാനത്ത് മതിയെന്ന് തീരുമാനിച്ചത്.

അതേസമയം കെ എസ് യു പ്രതിഷേധത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. ശാരീരിക അസ്വസ്ഥതകൾ നിലനിന്നിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ മൊഴി രേഖപ്പെടുത്താൻ ഡോക്ടർമാർ അനുമതി നൽകിയിരുന്നില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കാൻ അന്വേഷണ സംഘം ആർ പി എഫിന് അപേക്ഷ നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പ്രതിഷേധത്തിന്റെ കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ ലഭിക്കുന്നതോടെ കേസിൽ നിർണ്ണായക പുരോഗതിയുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.

Summary

The Kerala Health Minister, who was undergoing treatment at Pariyaram Medical College after being injured during a KSU protest, has been discharged. Following a medical board meeting, it was decided to shift the Minister to Thiruvananthapuram Medical College for further care. His health condition has improved significantly, with blood pressure returning to normal levels. Meanwhile, the police investigation continues, with officials seeking permission to record the Minister’s statement and requesting CCTV footage from the RPF.

Latest