International
അഫ്ഗാൻ അതിർത്തിയിൽ കടുത്ത യുദ്ധം: ഓപ്പറേഷൻ ഗസബ് ലിൽ ഹഖ് പ്രഖ്യാപിച്ച് പാകിസ്താൻ, 55 സൈനികർ കൊല്ലപ്പെട്ടതായി താലിബാൻ
താലിബാൻ്റെ ആക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടതായും ഇരുനൂറിലധികം പേർക്ക് പരിക്കേറ്റതായും പാക് മന്ത്രി അതാഉല്ല തരാർ
ഇസ്ലാമാബാദ് | പാകിസ്താൻ – അഫ്ഗാനിസ്താൻ അതിർത്തിയായ ഡ്യൂറൻഡ് ലൈനിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നു. അഫ്ഗാൻ താലിബാൻ ഭരണകൂടത്തിനെതിരെ പാകിസ്താൻ ഓപ്പറേഷൻ ഗസബ് ലിൽ ഹഖ് പ്രഖ്യാപിച്ചു. അതിർത്തി കടന്നുള്ള ആക്രമണത്തിൽ 55 പാക് സൈനികരെ വധിച്ചതായി കാബൂൾ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പാകിസ്താൻ സൈനിക നടപടി കടുപ്പിച്ചത്. അഫ്ഗാനിസ്താൻ്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനമില്ലാത്ത ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് പാക് ഔദ്യോഗിക ചാനലായ പി ടി വി റിപ്പോർട്ട് ചെയ്തു.
താലിബാൻ്റെ ആക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടതായും ഇരുനൂറിലധികം പേർക്ക് പരിക്കേറ്റതായും പാക് മന്ത്രി അതാഉല്ല തരാർ പിന്നീട് അറിയിച്ചു. അഫ്ഗാൻ താലിബാൻ്റെ ആക്രമണങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പി ടി ഐ നേതൃത്വത്തിലുള്ള സർക്കാരും കേന്ദ്ര ഭരണകൂടത്തിനൊപ്പം നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഖോസ്റ്റ് പ്രവിശ്യയിലെ അൻസാർ സാറിലുള്ള പ്രധാന ആസ്ഥാനവും 19 പാക് സൈനിക ഔട്ട്‌പോസ്റ്റുകളും പിടിച്ചെടുത്തതായി താലിബാൻ ഭരണകൂടം അവകാശപ്പെട്ടിട്ടുണ്ട്.
അൻസാർ സാറിൽ 203 മൻസൂരി കോർപ്‌സും 201 ഖാലിദ് ബിൻ വലീദ് കോർപ്‌സും ചേർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് പാക് സൈനിക കേന്ദ്രങ്ങൾ പിടിച്ചെടുത്തതെന്ന് അഫ്ഗാൻ വക്താവ് ഹംദുള്ള ഫിത്‌റത്ത് എക്സിൽ കുറിച്ചു. പക്തിയ, പക്തിക, നംഗർഹാർ എന്നീ കിഴക്കൻ പ്രവിശ്യകളിലും ടോർഖാം അതിർത്തിയിലും യുദ്ധം തുടരുകയാണ്. നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായും അഫ്ഗാൻ അവകാശപ്പെടുന്നു. എന്നാൽ താലിബാൻ്റെ കണക്കുകൾ പാകിസ്താൻ തള്ളിക്കളഞ്ഞു. തങ്ങളുടെ ഭാഗത്ത് രണ്ട് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നും 36 അഫ്ഗാൻ പോരാളികളെ വധിച്ചെന്നുമാണ് ഇസ്ലാമാബാദിൻ്റെ വാദം.
നേരത്തെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള സാധാരണക്കാർ കൊല്ലപ്പെട്ടതാണ് താലിബാനെ പ്രകോപിപ്പിച്ചത്. ഗസ്സയിലെ ഇസ്റാഈൽ കടന്നുകയറ്റം പോലെ തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് പാകിസ്താൻ നടത്തുന്നതെന്ന് അഫ്ഗാൻ ആരോപിച്ചു. ടോർഖാം അതിർത്തിയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.
Summary
Pakistan has launched “Operation Ghazab Lil Haq” against the Afghan Taliban regime following intense military escalations along the Durand Line. While the Taliban claims to have killed 55 Pakistani soldiers and captured 19 military outposts, Islamabad has dismissed these figures, asserting that their forces are delivering a crushing response to unprovoked aggression. Both nations are trading heavy fire in several border provinces, leading to mass evacuations and raising fears of a full-scale regional conflict.



