Kerala
അനധികൃത സ്വത്ത് സമ്പാദന കേസ്; ജയില്‍ ഡി ഐ ജി. എം കെ വിനോദ് കുമാറിനെതിരെ അന്വേഷണമാരംഭിച്ച് വിജിലന്‍സ്
കൈക്കൂലി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് അന്വേഷണം.
തിരുവനന്തപുരം | അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍ ഡി ഐ ജി. എം കെ വിനോദ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കൈക്കൂലി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് അന്വേഷണം. കേസുകളുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചിരിയിലെ വിനോദ് കുമാറിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ കണ്ടെത്തിയതായി സൂചനയുണ്ട്.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ സുഹൃത്തുക്കളില്‍ നിന്ന് ഉള്‍പ്പെടെ ജയില്‍ ഡി ഐ ജി കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ 16നാണ് വിനോദ് കുമാറിനെതിരെ കേസെടുത്തത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നുമുതല്‍ ഈവര്‍ഷം നവംബര്‍ 15 വരെയുള്ള കാലത്ത് 1.8 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് പരോള്‍ ഉള്‍പ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്ത് തടവുകാര്‍, അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നൊക്കെ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.


