Connect with us

Kerala

പീഡനക്കേസുകളിലെ ഇരകളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു; ആര്‍ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്

ഡല്‍ഹി നിര്‍ഭയ, കിളിരൂര്‍, കവിയൂര്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം, പെരുമ്പാവൂര്‍ പീഡനം തുടങ്ങിയ കേസുകളിലെ ഉള്‍പ്പെടെ വിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് ആരോപണം.

Published

|

Last Updated

തിരുവനന്തപുരം: മുന്‍ ഡി ജി പിയും തിരുവനന്തപുരം കോര്‍പറേഷന്‍ ബി ജെ പി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖക്കെതിരെ പോക്സോ കേസ്. പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടതിനാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്. തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലത്തു നിന്നുള്ള കൗണ്‍സിലറായ ശ്രീലേഖ, ബി ജെ പിയുടെ സംസ്ഥാന ഉപാധ്യക്ഷ കൂടിയാണ്.

ഡല്‍ഹി നിര്‍ഭയ, കിളിരൂര്‍, കവിയൂര്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം, പെരുമ്പാവൂര്‍ പീഡനം തുടങ്ങിയ കേസുകളിലെ ഉള്‍പ്പെടെ വിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് ശ്രീലേഖക്കെതിരായ ആരോപണം. സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി നല്‍കിയ പരാതിയിലാണ് കേസ്.

അതിജീവിതയുടെ പേരുവിവരം പരസ്യപ്പെടുത്തരുതെന്ന വ്യവസ്ഥയെ കുറിച്ച് നന്നായി ബോധ്യമുള്ള ഒരു വ്യക്തി, അതിന് വിപരീതമായി തന്റെ ബ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരകളുടെ പേരുവിവരം പരസ്യപ്പെടുത്തിയെന്ന് എഫ് ഐ ആറില്‍ പറയുന്നു.

വിഷയത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് നീതിയുക്തമായ അന്വേഷണം നടക്കുമെന്ന് കരുതാനാകില്ലെന്ന് സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആര്‍ ജയചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് ശ്രീലേഖക്കെതിരെ പരാതിയുമായി താന്‍ പോലീസിനെ കണ്ടത്. കൂടുതല്‍ തെളിവുകളുമായി ഒക്ടോബര്‍ ഏഴിന് സ്റ്റേഷനിലെത്തി വീണ്ടും പരാതി നല്‍കി. ഒരു നടപടിയുമുണ്ടാകാതിരുന്നതോടെ സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശിച്ചെങ്കിലും പോലീസ് ഈ കേസ് പരാതി തേച്ചുമായ്ച്ചു കളയാനാണ് ശ്രമിച്ചത്. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും ജയചന്ദ്രന്‍ പറഞ്ഞു.