articles
മംദാനി ജയിച്ചു; ട്രംപ് തോറ്റു
ട്രംപ് മംദാനിയെ വംശീയമായി ആക്ഷേപിക്കുകയും കമ്മ്യൂണിസ്റ്റ് എന്ന് ചാപ്പ കുത്തുകയും ചെയ്തു. ജൂത വിരോധിയായ മംദാനിക്ക് വോട്ട് നല്‍കരുതെന്ന് നഗരത്തിലെ ജൂത സമൂഹത്തോട് ട്രംപ് ആഹ്വാനം ചെയ്തു. പക്ഷേ ന്യൂയോര്‍ക്ക് ജനത മംദാനിയെ ചേര്‍ത്തുപിടിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് ട്രംപ് ഭരണകൂടത്തിന്റെ ഫെഡറല്‍ ഏജന്‍സികള്‍ ന്യൂയോര്‍ക്ക് ഉള്‍പ്പെടെ അമേരിക്കയിലെ വന്‍ നഗരങ്ങളില്‍ റെയ്ഡുകളും കൂട്ട അറസ്റ്റും നടത്തുകയുണ്ടായി. സര്‍ക്കാറിനെതിരെ ശബ്ദിച്ച തൊഴിലാളി നേതാക്കളും ജനപ്രതിനിധികളും അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിനെതിരെ ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക് തുടങ്ങിയ വന്‍ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ അലയടിച്ചു. ന്യൂയോര്‍ക്കില്‍ ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഒരു യുവാവായിരുന്നു. ട്രംപിന്റെ നടപടികളെ ആ യുവാവ് ശക്തിയുക്തം എതിര്‍ത്തു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയുടെ ഏറ്റവും വലിയ ദുരന്തമാണെന്ന് ആ യുവാവ് ഉറക്കെ വിളിച്ചുപറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് മുഖമായ സുഹ്‌റാന്‍ മംദാനിയായിരുന്നു ആ യുവാവ്. ഇന്ത്യന്‍ വംശജന്‍ കൂടിയായ സുഹ്‌റാന്‍ മംദാനിയെ ന്യൂയോര്‍ക്ക് സിറ്റിയുടെ പുതിയ മേയറായി അവിടുത്തെ ജനത തിരഞ്ഞെടുത്തിരിക്കുകയാണ്.
എറിക് ആഡംസിന്റെ പിന്‍ഗാമിയായി അടുത്ത ജനുവരി ഒന്നിന് മംദാനി ന്യൂയോര്‍ക്ക് സിറ്റി മേയറായി ചുമതലയേല്‍ക്കുമ്പോള്‍ അത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കലായിരിക്കും. മംദാനിയുടെ വിജയം കേവലം രാഷ്ട്രീയ വിജയമല്ല. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ അവിടുത്തെ ജനത തുടര്‍ന്നുപോന്ന സാമ്പ്രദായിക മനോഭാവത്തില്‍ നിന്നുള്ള മാറ്റമാണ്. ന്യൂയോര്‍ക്ക് ജനത മാറിച്ചിന്തിച്ചതിന്റെ സൂചനയാണ് മംദാനിയുടെ വിജയം. മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്കിനുള്ള ധനസഹായം നിര്‍ത്തലാക്കുമെന്നും മംദാനിയെ അമേരിക്കയില്‍ നിന്ന് പുറത്താക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തുകയുണ്ടായി. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് മംദാനിയും ട്രംപും തമ്മിലുള്ള മത്സരമായാണ് കണ്ടിരുന്നത്. ലോകത്തിന്റെ ശക്തനായ ഭരണാധികാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ്ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ എതിര്‍പ്പ് നേരിട്ടുകൊണ്ട് മംദാനി വിജയക്കൊടി ഉയര്‍ത്തി എന്നത് നിസ്സാര കാര്യമല്ല. ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടക്കുന്ന, അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പാണിത്. മംദാനിയുടെ വിജയം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിച്ച പുത്തന്‍ ഉണര്‍വ് കൂടിയാണ്.
ട്രംപ് മംദാനിയെ വംശീയമായി ആക്ഷേപിക്കുകയും കമ്മ്യൂണിസ്റ്റ് എന്ന് ചാപ്പ കുത്തുകയും ചെയ്തു. ജൂത വിരോധിയായ മംദാനിക്ക് വോട്ട് നല്‍കരുതെന്ന് നഗരത്തിലെ ജൂത സമൂഹത്തോട് ട്രംപ് ആഹ്വാനം ചെയ്തു. പക്ഷേ ന്യൂയോര്‍ക്ക് ജനത മംദാനിയെ ചേര്‍ത്തുപിടിച്ചു. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനമായ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു കാലുകുത്തിയാല്‍ അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരം നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ലോകത്തെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ അധിപനായി അവിടുത്തെ ജനത മംദാനിയെ തിരഞ്ഞെടുത്തു. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയായിരുന്നു പ്രധാന എതിരാളി. ആന്‍ഡ്രൂ ക്യൂമോ മംദാനിയുടെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായിരുന്നു. ലൈംഗികാരോപണത്തെ തുടര്‍ന്ന് നാല് വര്‍ഷം മുമ്പ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച ക്യൂമോ ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്നു. എന്നാല്‍ അവസാന നിമിഷം ട്രംപ് ക്യൂമോയെ പിന്തുണക്കുകയുണ്ടായി. ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കർട്ടിസ് സ്ലീവക്കിനെ മറന്നുകൊണ്ടാണ് ട്രംപ് ക്യൂമോയെ പിന്തുണച്ചത്. കർട്ടിസ് സ്ലീവക്കിനു നല്‍കുന്ന വോട്ടുകള്‍ മംദാനിയെ സഹായിക്കും എന്ന ധാരണയില്‍ മംദാനിയുടെ പരാജയം ഉറപ്പുവരുത്തലായിരുന്നു ട്രംപിന്റെ ലക്ഷ്യം.
ന്യൂയോര്‍ക്ക് ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് 34കാരനായ മംദാനി. അമേരിക്കയിലെ ആദ്യത്തെ മുസ്‌ലിം മേയര്‍ കൂടിയാണ്. മംദാനി വോട്ട് തേടിയത് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ജനങ്ങളെ അറിയിച്ചു കൊണ്ടായിരുന്നു. ജൂത സമൂഹത്തിന് സ്വാധീനമുള്ള രാജ്യമായ അമേരിക്കന്‍ നഗരത്തിന്റെ മേയറായി മത്സരിച്ച മംദാനി, ഫലസ്തീന്‍ അനുകൂല നിലപാട് തുറന്നു പറയുകയും ബെഞ്ചമിന്‍ നെതന്യാഹു ഭരണകൂടത്തിന്റെ ക്രൂരതയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. മംദാനിയുടെ വിജയം സയണിസ്റ്റ് ശക്തികളെ പ്രകോപിതരാക്കിയിട്ടുണ്ട്. ആഗോള സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ന്യൂയോര്‍ക്ക് നഗരത്തിന്റെ താക്കോല്‍ ഹമാസിന്റെ വക്താവിന് കൈമാറിയിരിക്കുകയാണെന്നാണ് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി മംദാനിയുടെ വിജയത്തെ വിശേഷിപ്പിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ജൂത സമൂഹത്തിന് അഭയവും അവസരങ്ങളും നല്‍കിയ നഗരമാണ് ന്യൂയോര്‍ക്ക്. ആ നഗരം ഹമാസിന്റെ കൈകളിലെത്തിയ സ്ഥിതിക്ക് ജൂത സമൂഹം ഇസ്‌റാഈലിലേക്ക് തിരിച്ചു വരണമെന്ന് ഇസ്‌റാഈല്‍ മന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇസ്‌റാഈല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജൂത സമൂഹം അധിവസിക്കുന്നത് ന്യൂയോര്‍ക്കിലാണ്. അവിടുത്തെ ആകെ ജനസംഖ്യ 85 ലക്ഷമാണ്. ജനസംഖ്യയില്‍ ഏതാണ്ട് 13 ശതമാനം ജൂതമത വിശ്വാസികളാണ്. മംദാനി ജയിച്ചത് ജൂത സമൂഹത്തിന്റെയും വോട്ടുകള്‍ നേടിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കണക്കുകള്‍ അറിയാതെയല്ല ഇസ്‌റാഈല്‍ മന്ത്രി ജൂത സമൂഹത്തെ ക്ഷണിക്കുന്നത്. വംശീയവെറി അത്രയും ഭീകരമാണ്.
സുഹ്റാന്‍ മംദാനി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കോര്‍പറേറ്റുകള്‍, റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍, ലോബിയിംഗ് ഗ്രൂപ്പുകള്‍ തുടങ്ങിയവരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുകയില്ല എന്ന പ്രഖ്യാപനത്തോടെയായിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി വോട്ടഭ്യര്‍ഥിക്കാനുള്ള വലിയ ഗ്രൂപ്പിനെ സംഘടിപ്പിച്ചു. വോട്ടര്‍മാരുമായി ആശയ വിനിമയം നടത്താനുള്ള യുവനിര മംദാനിക്ക് പിന്നില്‍ നിരന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മംദാനി പുതുരീതി ആവിഷ്‌കരിച്ചു. സാമ്പത്തിക വിഷയങ്ങളില്‍ കൃത്യമായ മാര്‍ഗ രേഖകള്‍ അവതരിപ്പിച്ചുകൊണ്ട്, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് അകന്നു തുടങ്ങിയ തൊഴിലാളി വര്‍ഗ വോട്ടര്‍മാരെ കൂടി ചേര്‍ത്തുപിടിച്ചു.
ഇടതുപക്ഷ ആശയങ്ങള്‍ മുന്നോട്ടുവെച്ചുള്ള പ്രവര്‍ത്തന രീതി മംദാനിയെ ജനങ്ങള്‍ക്ക് സ്വീകാര്യനാക്കി. ആരാലും അറിയപ്പെടാതിരുന്ന മംദാനി ജനഹൃദയങ്ങളിലേക്ക് കുടിയേറിയത് പെട്ടെന്നായിരുന്നു. 2020 മുതല്‍ സംസ്ഥാന നിയമസഭയിലെ അംഗമായിരുന്നുവെങ്കിലും ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറികളില്‍ നഗര മേയര്‍ സ്ഥാനാര്‍ഥിയായി കടന്നു വന്നതോടെയാണ് മംദാനി അറിയപ്പെട്ടു തുടങ്ങിയത്. മേയറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ചെയ്യുന്ന കാര്യങ്ങള്‍ മുന്നോട്ടു വെച്ചത് മംദാനിയെ ജനപ്രിയനാക്കി. വീട്ടു വാടക മരവിപ്പിക്കുക, താങ്ങാനാവുന്ന വിലയില്‍ ഭവനങ്ങള്‍ നിര്‍മിക്കുക, സൗജന്യ ബസ് സര്‍വീസ്, മിനിമം വേതനം ഉയര്‍ത്തുക, പൊതുമേഖലയില്‍ പലചരക്ക് കടകള്‍ ആരംഭിക്കുക, പ്രീസ്‌കൂള്‍ കുട്ടികള്‍ക്കായി സൗജന്യ ഡേകെയര്‍ സെന്ററുകള്‍ ആരംഭിക്കുക തുടങ്ങിയ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കും എന്നായിരുന്നു മംദാനിയുടെ വാഗ്ദാനങ്ങള്‍.
ഇന്ത്യന്‍ വംശജനാണെന്നും താനൊരു മുസ്‌ലിമാണെന്നും തുറന്നുപറയുന്ന മംദാനിയുടെ ഇന്നലത്തെ പ്രസംഗവും ശ്രദ്ധേയമായിരുന്നു. അണികളുടെ വിജയാഘോഷത്തെ അഭിസംബോധന ചെയ്ത മംദാനി പറഞ്ഞു, ഞാനൊരു മുസ്‌ലിമാണ്, ഞാന്‍ ഒരു ജനാധിപത്യ സോഷ്യലിസ്റ്റുമാണ്. നിങ്ങള്‍ക്ക് സഹിക്കാന്‍ പറ്റാത്ത ഒരു കാര്യം പറയാം. അതിലൊന്നും പശ്ചാത്തപിക്കാന്‍ എനിക്ക് സൗകര്യമില്ല. തുടര്‍ന്ന് അദ്ദേഹം, ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപന വേളയില്‍ ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗത്തിലെ വരികള്‍ ഉദ്ധരിക്കുകയുണ്ടായി.
“പഴയതില്‍ നിന്ന് പുതിയതിലേക്ക് നീങ്ങുമ്പോള്‍ ചരിത്രത്തില്‍ ഇത്തരമൊരു നിമിഷം വളരെ അപൂര്‍വമായി മാത്രമേ ഉണ്ടാകുകയുള്ളൂ. ഒരു യുഗം അവസാനിക്കുകയും ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ആവിഷ്‌കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ നമ്മള്‍ പഴയതില്‍ നിന്ന് പുതിയതിലേക്ക് ചുവടുവെക്കുകയാണ്.’ അതെ സുഹ്‌റാന്‍ മംദാനിയുടെ വിജയം അമേരിക്കന്‍ രാഷ്ട്രീയത്തിലെ വഴിത്തിരിവാണ്. സാമ്പ്രദായിക രീതിയില്‍ നിന്ന് ഒരു മാറ്റം അമേരിക്ക ആഗ്രഹിക്കുകയാണ്.



