കേരള യാത്ര / സമസ്ത സെന്റിനറി
മനുഷ്യര്‍ക്കൊപ്പം
ആദര്‍ശത്തിലും വിശ്വാസത്തിലും ഒരു തരത്തിലുള്ള വിട്ടു വീഴ്ചയുമില്ലാതെ തന്നെ സഹജീവികളായ മനുഷ്യരെ ചേര്‍ത്തി നിര്‍ത്തണമെന്ന മഹത്തായ ആശയമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാം തെറ്റിദ്ധരിപ്പിക്കപ്പെടുകയും രാജ്യത്ത് മത- ജാതി- ഭാഷ- വര്‍ഗ ചിന്തകളാല്‍ മനുഷ്യന്റെ മഹത്വവും വ്യക്തിത്വവും നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്ത് "മനുഷ്യര്‍ക്കൊപ്പം' എന്ന പ്രമേയം നാനാത്വത്തില്‍ ഏകത്വമെന്ന ചിന്തക്ക് ചൂടും ചൂരും പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേരളത്തിലെ ആധികാരിക പണ്ഡിത സഭയാണ്. 1926ല്‍ രൂപവത്കൃതമായ ഈ പണ്ഡിത സഭ നൂറ് പ്രകാശവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് ഒരുക്കിയ ബഹുവിധ പദ്ധതികളില്‍ ഒന്നാണ് കേരളയാത്ര. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന യാത്രക്ക് ഇന്ന് കാസര്‍കോട് നിന്ന് സമാരംഭം കുറിക്കുകയാണ്. ഈ മാസം 16ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറല്‍ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് യാത്ര നയിക്കുന്നത്. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി, സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉപനായകരായി യാത്രയിലുണ്ടാകും.
മനുഷ്യനെ അല്ലാഹു ബഹുമാനിച്ചിരിക്കുന്നു എന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. “ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്ക് നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമവിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ നാമവര്‍ക്ക് മഹത്ത്വമേകുകയും ചെയ്തു’ (ഖുര്‍ആന്‍ 17:70). സ്രഷ്ടാവ് ആദരിച്ച മനുഷ്യനെ എങ്ങനെയാണ് സൃഷ്ടികള്‍ക്ക് നിസ്സാരപ്പെടുത്താനാകുക?
ആത്യന്തികമായി മനുഷ്യന്‍ തന്നെയാണ് ഇസ്‌ലാമിന്റെ മുഖ്യപ്രമേയം.
മുന്നൂറില്‍ പരം സ്ഥലങ്ങളിലാണ് മനുഷ്യനെ നേരിട്ട് വിളിച്ച് ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത്. അല്ലാഹു പഠിപ്പിക്കുന്നു, “ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു’. (അൽഹുജുറാത്ത്)
എന്നാല്‍ മനുഷ്യന്റെ മോചനത്തിന് വേണ്ടിയാണ് അല്ലാഹു ചില നിയമങ്ങളും നിയന്ത്രണങ്ങളും ഭൂമിയില്‍ അവതരിപ്പിച്ചത്. നബിമാര്‍ ഓരോ കാലത്തും ഈ നിയമങ്ങള്‍ പ്രബോധനം ചെയ്യാനും നടപ്പാക്കാനുമായി നിയോഗിക്കപ്പെട്ടു. ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം പ്രവാചകന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യന്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ പ്രബോധനം ചെയ്തു. ഈ നിരയിലെ അവസാന ദൂതനാണ് മുഹമ്മദ് നബി (സ). ലോകത്ത് അവതരിപ്പിക്കപ്പെട്ട പ്രവാചകന്മാരെല്ലാം പ്രബോധനം ചെയ്തത് ഒരേ ആശയം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ മുഹമ്മദ് നബി(സ) പുതിയ മതം സ്ഥാപിക്കാനല്ല നിയുക്തനായത്. പൂര്‍വ പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ആശയം പുതിയ കാലത്തും ലോകാവസാനം വരെയുള്ള സമൂഹത്തിലും സമര്‍പ്പിക്കുകയായിരുന്നു അവിടുന്ന്.
മുഹമ്മദ് നബി(സ)യുടെ പ്രബോധന ദൗത്യത്തിന്റെ അവസാനത്തിലാണ് ഹജ്ജത്തുല്‍ വിദാഅ് നടക്കുന്നത്. ലോകത്തെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമെന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്തുത പ്രഭാഷണത്തില്‍ അവിടുന്ന് പഠിപ്പിച്ചു, “അറബിക്ക് അനറബിയേക്കാള്‍, അനറബിക്ക് അറബിയേക്കാള്‍ ശ്രേഷ്ഠതയില്ല. വെളുത്തവന് കറുത്തവനേക്കാള്‍, കറുത്തവന് വെളുത്തവനേക്കാള്‍ ശ്രേഷ്ഠതയില്ല.’
മതസ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശമാണ്. അതുകൊണ്ട് മനുഷ്യ ചരിത്രത്തില്‍ ആദ്യമായി “മതകാര്യങ്ങളില്‍ ബലപ്രയോഗം പാടില്ല’ എന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചു. ഇസ്‌ലാം അല്ലാഹുവിന്റെ മതമാണ്. അത് മാത്രമാണ് സത്യമെന്നു തന്നെയാണ് മുസ്‌ലിംകളുടെ വിശ്വാസം. എന്നാല്‍ തന്റെ സഹോദരന്‍ അവിശ്വാസത്തില്‍ അകപ്പെട്ടു പോകാതിരിക്കാന്‍ പ്രബോധനം ചെയ്യാന്‍ വിശ്വാസികളോട് കല്‍പ്പിക്കപ്പെട്ടിട്ടുമുണ്ട്. അതിന് അക്രമത്തിന്റെ മാര്‍ഗം ഒരിക്കലും ഇസ്‌ലാം അനുശാസിക്കുന്നില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനവും ഇസ്‌ലാം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നുമില്ല. സ്രഷ്ടാവിനെ അറിഞ്ഞ്, പ്രവാചകനെ മനസ്സിലാക്കി, മനസ്സ് കൊണ്ട് പൂര്‍ണമായും തൃപ്തിപ്പെട്ടു കൊണ്ടല്ലാതെ ഒരാളും ഇസ്‌ലാം സ്വീകരിക്കാന്‍ മതം ആവശ്യപ്പടുന്നുമില്ല. മൂന്ന് മാര്‍ഗങ്ങള്‍ മാത്രമാണ് പ്രബോധനത്തിന് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. അതാകട്ടെ മനുഷ്യന്റെ മഹത്വവും ബഹുമാനവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ളതുമാണ്.
ഖുര്‍ആന്‍ പറയുന്നത് നോക്കൂ, “യുക്തിദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനത്രെ’ (സൂറത്തുന്നഹ്്ൽ- 175). സംവാദങ്ങള്‍ പോലും ഏറ്റവും നല്ല രൂപത്തിലായിരിക്കണമെന്നു തന്നെയാണ് ഖുര്‍ആന്‍ ഭാഷ്യം.
ഇസ്‌ലാമിക വീക്ഷണത്തില്‍ മനുഷ്യന്‍ ആദരണീയനാണ്. ഒരൊറ്റ മനുഷ്യനെ കൊല്ലുന്നത് മുഴുവന്‍ മനുഷ്യരെയും കൊലപ്പെടുത്തുന്നതിന് തുല്യമായി കണക്കാക്കുന്ന തരത്തില്‍ ഇസ്‌ലാമിലെ മനുഷ്യജീവിതം വളരെ ഉയര്‍ന്നതാണ്. സാമൂഹിക നീതിയെ ഇസ്‌ലാം മനുഷ്യന്റെ മൗലികാവകാശമായാണ് കാണുന്നത്. അതിനാല്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, വെള്ളം, വെളിച്ചം എന്നിവ എല്ലാ മനുഷ്യരുടെയും അവകാശമാണ്. നിയമവും നീതിയും എല്ലാവര്‍ക്കും ഒരുപോലെ കിട്ടിയിരിക്കണമെന്നതും ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മനുഷ്യാവകാശങ്ങളില്‍പ്പെടുന്നു. ഈ കാര്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ പറയുന്നു, “വിശ്വാസിളെ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സത്യത്തിനും നീതിക്കും സാക്ഷികളായിരിക്കുവിന്‍.’ എല്ലാ മനുഷ്യരുടെയും മൗലികാവകാശങ്ങളെ മാനിക്കാന്‍ പഠിപ്പിക്കുന്ന ശക്തമായ ദര്‍ശനമാണ് ഇസ്‌ലാം.
ഖലീഫ ഉമറി(റ)ന്റെ കാലത്ത് നടന്ന ഒരു സംഭവമാണ്. ഒരു വിദേശ യുവാവ് മദീനയിലെത്തി. അവിടെ വെച്ച് ഒരാളുമായി തര്‍ക്കം ഉണ്ടാകുകയും അത് അബദ്ധവശാല്‍ സ്വദേശിയുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. ഇസ്‌ലാമിക ശരീഅത്ത് നിയമം അനുസരിച്ച് കൊലക്ക് വധശിക്ഷയാണ് ലഭിക്കുക. അല്ലെങ്കില്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കുകയോ വേണമെങ്കില്‍ പ്രതിയില്‍ നിന്ന് വലിയൊരു തുക ബ്ലഡ്മണി സ്വീകരിക്കുകയോ ചെയ്യാം. ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ട് മക്കളും ഒരു നിലക്കും പ്രതിക്ക് മാപ്പ് നല്‍കാന്‍ ഒരുക്കമായില്ല. അതോടെ വധശിക്ഷ നടപ്പാക്കാന്‍ ജഡ്ജി ഉത്തരവിട്ടു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ എന്ന് പ്രതിയോട് ചോദിച്ചപ്പോള്‍ തന്റെ ഭാര്യയെയും കുഞ്ഞിനെയും കണ്ട് യാത്ര പറഞ്ഞ് വരാന്‍ ഒരാഴ്ച സമയം നല്‍കണം എന്നയാള്‍ പറഞ്ഞു. മദീനയിലെ ആരെങ്കിലും ജാമ്യം നിന്നാല്‍ അതനുവദിക്കാമെന്നു ജഡ്ജി പറഞ്ഞു.
ആരും മുന്നോട്ടു വരാത്തതിനാല്‍ നബി ശിഷ്യന്‍ അബൂദര്‍റ് (റ) മുന്നോട്ടു വന്നു. ആ സമയത്ത് അദ്ദേഹം വൃദ്ധനായിരുന്നു. പ്രവാചക ശിഷ്യന്‍ അബൂദര്‍റിനെ കണ്ട ജഡ്ജി പറഞ്ഞു: “അബൂദര്‍റ്, താങ്കള്‍ ഇന്ന് അവശേഷിക്കുന്ന നബി ശിഷ്യരില്‍ പ്രമുഖനാണ്. മുത്ത് നബിയെ കാണാത്ത പുതുതലമുറക്ക് താങ്കളുടെ സേവനം ആവശ്യമാണ്. അതിനാല്‍ ഒന്ന് കൂടി ആലോചിക്കുക. “ആലോചിക്കാന്‍ ഒന്നുമില്ല, ഞാന്‍ പ്രതിയെ വിശ്വസിക്കുന്നു’- അബൂദര്‍റ് മറുപടി പറഞ്ഞു. “പ്രതി വന്നില്ലെങ്കില്‍ താങ്കളെ തൂക്കിലേറ്റേണ്ടി വരും എന്നറിയാമല്ലോ?’- ജഡ്ജി തിരിച്ചു ചോദിച്ചു. “അറിയാം. ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നു’- അബൂദര്‍റ് ശാന്തനായി മറുപടി പറഞ്ഞു. യുവാവ് തന്റെ നാട്ടിലേക്ക് പോയി. ഒരാഴ്ചയായിട്ടും പ്രതിയെ കാണുന്നില്ല. സമയം തീര്‍ന്നതും ഖലീഫ ഉമറിന്റെ സാന്നിധ്യത്തില്‍ വധശിക്ഷക്കായി അബൂദര്‍റിനെ തൂക്കുമരത്തില്‍ കയറ്റി നിര്‍ത്തി. തന്റെ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ഖലീഫ ഉമര്‍ അശക്തനായിരുന്നു. തൂക്കുകയര്‍ അബൂദര്‍റിന്റെ കഴുത്തിലേക്കിട്ടതും ആ വിദേശ യുവാവ് ഓടിക്കിതച്ചുവന്നു! “അരുത്, അദ്ദേഹത്തെ കൊല്ലരുത്. ഇതാ ഞാന്‍ വന്നിരിക്കുന്നു’. എല്ലാവരും സ്തബ്ധരായി. യുവാവ് കാര്യങ്ങള്‍ വിശദീകരിച്ചു, “കുഞ്ഞിന് സുഖമില്ലായിരുന്നു. അതാണ് വൈകിയത്.
‘ ഖലീഫ ഉമര്‍ അബൂദര്‍റിനോട് ചോദിച്ചു, “എന്ത് ധൈര്യത്തിലാണ് താങ്കള്‍ ജാമ്യം നിന്നത്? ഈ യുവാവ് വരുമെന്ന് ഉറപ്പുണ്ടായിരുന്നോ?’. “അതെനിക്ക് പ്രശ്‌നമല്ല, ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു’- അബൂദര്‍റിന്റെ മറുപടി ഉറച്ചതായിരുന്നു. അപ്പോള്‍ യുവാവിനോട് ഖലീഫ ചോദിച്ചു, “താങ്കള്‍ ആരെന്നു പോലും ഇവിടെയാര്‍ക്കും അറിയില്ല, പിന്നെന്തിന് മരണം സ്വീകരിക്കാന്‍ തിരിച്ചുവന്നു?’. യുവാവ് പറഞ്ഞു, “ഞാന്‍ ജീവിച്ചിരിക്കെ വിശ്വസിച്ച ആളെ വഞ്ചിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഞാനും ആഗ്രഹിച്ചു’. ഇതെല്ലാം കണ്ട് പ്രതിയുടെ മക്കള്‍ പറഞ്ഞു, “ഞങ്ങള്‍ പ്രതിക്ക് മാപ്പ് നല്‍കുന്നു, ഞങ്ങള്‍ ജീവിച്ചിരിക്കെ പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നവര്‍ ഇല്ല എന്ന അവസ്ഥ വരരുത് എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു.’ നിമിഷ പ്രിയ വിഷയത്തില്‍ ഞങ്ങളും യമനിലെ സുന്നി പണ്ഡിതരും സ്വീകരിച്ച നിലപാടും ഈ മഹത്തായ ആവിഷ്‌കാരത്തിന്റെ പ്രതീകം തന്നെയായിരുന്നു.
മുത്ത് നബി(സ)യുടെ ചരിത്രത്തിലേക്ക് നോക്കൂ. പിറന്ന നാട്ടില്‍ നിന്ന് ഹിജ്റ പോകാന്‍ വരെ കാരണക്കാരായ, ക്രൂരമായ മര്‍ദനങ്ങള്‍ അഴിച്ചുവിട്ട മക്കക്കാര്‍ക്ക് ഗോതമ്പ് നല്‍കിയിരുന്നത് ഹിജാസിന്റെ ഭക്ഷ്യ ഹബ് എന്നറിയപ്പെട്ടിരുന്ന യമാമ പ്രദേശത്ത് നിന്നായിരുന്നു. യമാമക്കാര്‍ ഒന്നടങ്കം ഇസ്‌ലാം സ്വീകരിച്ചു. മുത്ത് നബി(സ)യെ ദ്രോഹിച്ച മക്കാ പ്രദേശത്തുകാര്‍ക്ക് ഗോതമ്പ് നല്‍കേണ്ടതില്ലെന്ന് യമാമക്കാര്‍ തീരുമാനിച്ചു. മക്കക്കാര്‍ പട്ടിണിയിലുമായി. വിവരം മുത്ത് നബി(സ) അറിഞ്ഞു. യമാമക്കാരെ വിളിച്ച് ഉപരോധം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും മക്കാ നിവാസികള്‍ക്ക് ഗോതമ്പ് നല്‍കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. മദീനയിലെത്തിയ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് പ്രാര്‍ഥിക്കാന്‍ അവസരം ഒരുക്കിക്കൊടുത്ത സംഭവം ചരിത്രത്തില്‍ കാണാന്‍ കഴിയും. മദീനയിലെ തിരുനബി(സ)യുടെ പള്ളിയില്‍ കയറി മൂത്രമൊഴിച്ചു കടന്നുകളഞ്ഞ യുവാവിനെ തേടി പുറപ്പെടാനൊരുങ്ങിയ അനുയായികളെ വിലക്കി അയാള്‍ക്ക് മാപ്പ് കൊടുക്കുകയും തന്റെ കൈകൊണ്ട് പള്ളി ശുദ്ധീകരിച്ചു മാതൃക കാണിക്കുകയും ചെയ്തു തിരുനബി(സ).
വിശ്വാസത്തിലും ജീവിതത്തിലും മധ്യമ നിലപാട് സ്വീകരിച്ച് സൂക്ഷ്മ ജീവിതം നയിക്കാനാണ് തിരുനബി(സ) അനുയായികളെ പഠിപ്പിച്ചത്. ഖുര്‍ആന്‍ തന്നെ ഉത്ബോധിപ്പിക്കുന്നു, “അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ (ഉത്തമ) സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കാനും വേണ്ടി’ (സൂറത്തുല്‍ ബഖറ).
ഏത് മതത്തിലും ആശയത്തിലും പെട്ട ആളുകളായാലും മനുഷ്യന്‍ എന്ന നിലയിൽ ബഹുമാനിക്കണമെന്ന ഉള്‍ക്കാഴ്ചയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നിലപാട്.
ആദര്‍ശത്തിലും വിശ്വാസത്തിലും ഒരു തരത്തിലുള്ള വിട്ടു വീഴ്ചയുമില്ലാതെ തന്നെ സഹജീവികളായ മനുഷ്യരെ ചേര്‍ത്തി നിര്‍ത്തണമെന്ന മഹത്തായ ആശയമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാം തെറ്റിദ്ധരിപ്പിക്കപ്പെടുകയും രാജ്യത്ത് മത- ജാതി- ഭാഷ- വര്‍ഗ ചിന്തകളാല്‍ മനുഷ്യന്റെ മഹത്വവും വ്യക്തിത്വവും നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്ത് “മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയം നാനാത്വത്തില്‍ ഏകത്വമെന്ന ചിന്തക്ക് ചൂടും ചൂരും പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മനുഷ്യന്‍ എന്ന പ്രമേയത്തെ എത്ര പുഷ്‌കലമായാണ് ഇസ്ലാം ആവിഷ്‌കരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഈ യാത്ര വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

