Connect with us

Kerala

മുണ്ടക്കൈ-ചൂരല്‍മല ട‍ൗൺഷിപ്പിന്റെ ആദ്യഘട്ട വീടുകൾ കൈമാറി മുഖ്യമന്ത്രി

ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറിയത്.

Published

|

Last Updated

കല്‍പ്പറ്റ| മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആദ്യഘട്ട ടൗണ്‍ഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറിയത്. 64.47 ഹെക്ടറില്‍ 410 വീടാണ് നിര്‍മിക്കുന്നത്. ഇതില്‍ 304 വീടിന്റെ വാര്‍പ്പ് പൂര്‍ത്തിയായി.

ഏപ്രിലോടെ എല്ലാ വീടും കൈമാറും. ആരോഗ്യകേന്ദ്രം, അങ്കണവാടി, കമ്യൂണിറ്റി സെന്റര്‍, പൊതുമാര്‍ക്കറ്റ്, ഉരുള്‍ സ്മാരകം, ഓപ്പണ്‍ തിയറ്റര്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ലൈബ്രറി, കളിയിടങ്ങള്‍, വൈദ്യുതി സബ്സ്റ്റേഷന്‍ തുടങ്ങിയവയും നിര്‍മിക്കും.

ഇന്ന്, ഇങ്ങനെയൊരു ടൗൺഷിപ്പിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ നാം ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്‌നം എന്ന കാര്യം. അപ്രതീക്ഷിതമായി ഒരു രാത്രികൊണ്ട് ഒരു നാടാകെ ഇല്ലാതായ അവസ്ഥയാണ് ദുരന്തത്തിലൂടെ ഉണ്ടായത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ജീവനോപാധികൾ ഇല്ലാതായവർ, ശാരീരികമായ അവശതകൾ ഉണ്ടായവർ, അങ്ങനെ യാതന അനുഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവെച്ചത്. പല നഷ്ടങ്ങളും നികത്താൻ നമുക്കാകില്ല.

തടസ്സങ്ങൾ ഏറെയുണ്ടായി. വ്യാജ പ്രചാരണങ്ങള്‍ മുതല്‍ കേന്ദ്ര സഹായനിഷേധം വരെയുണ്ടായി. ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. കോടതി വ്യവഹാരങ്ങള്‍ വേറെ  നടന്നു. ദുരിതാശ്വാസനിധിയിലേക്ക് ചില്ലികാശ് നല്‍കരുതെന്ന് പറയാനും ആളുകള്‍ ഉണ്ടായി. ദുരന്തമുണ്ടായ ആദ്യ ആഴ്ചയില്‍ തന്നെ ചിലര്‍ അതിന് തുടക്കമിട്ടു. യഥാര്‍ഥ കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങള്‍ പോലും വ്യാജംചമച്ച് പുനരധിവാസ പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും കണ്ടു.

അതിനെയെല്ലാം മറികടന്നാണ് നിർമ്മാണപ്രവൃത്തികൾ മുമ്പോട്ടുകൊണ്ടുപോയത്. മനുഷ്യർ ഭേദചിന്തകൾക്ക് അതീതമായി പരസ്പരം താങ്ങും തണലുമാകുന്ന കേരള മാതൃക വീണ്ടും ലോക ശ്രദ്ധ ആകർഷിക്കുകയാണ്’- മുഖ്യമന്ത്രി പറഞ്ഞു.

2024 ജൂലൈ 30നാണ് നാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടാകുന്നത്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒരു നാട് മുഴുവന്‍വവ മണ്ണിനടിയിലായ വാര്‍ത്തയാണ് നാം കേട്ടത്. ആ മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍ ഈ നാട് ഒന്നടങ്കം രംഗത്തു വന്നതോടെയാണ് ദുരന്തത്തിന്റെ ആദ്യ നാളുകളെ നാം അതിജീവിച്ചത്.

---- facebook comment plugin here -----

Latest