Connect with us

Articles

അതെ, കടം നല്‍കുന്നത് അല്ലാഹുവിന് തന്നെ

കടം കൊടുക്കുന്നത് കേവലം ഒരു സാമ്പത്തിക ഇടപാടായല്ല, മറിച്ച് വലിയ ആരാധനയായാണ് ഇസ്‌ലാം കണക്കാക്കുന്നത്. ഒരാളുടെ പ്രയാസത്തില്‍ സഹായിക്കുന്നത് അല്ലാഹുവിന്റെ പ്രീതിക്ക് കാരണമാകുന്നു. സ്വദഖ നല്‍കുന്നതിനേക്കാള്‍ വലിയ പ്രതിഫലം ചില സന്ദര്‍ഭങ്ങളില്‍ കടം നല്‍കുന്നതിലൂടെ ലഭിക്കുമെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ സഹായത്തിന്റെ മറവില്‍ ലാഭമെടുക്കാന്‍ പാടില്ല. അത് പലിശയാണ് എന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.

Published

|

Last Updated

ദുര്‍ബലനും പരാശ്രിതനുമാണ് മനുഷ്യന്‍. പാരസ്പര്യം കൊണ്ടേ ഈ ബലഹീനത മറികടക്കാന്‍ മനുഷ്യന് സാധിക്കുകയുള്ളൂ. അങ്ങനെ പരസ്പര പൂരകങ്ങളായാണ് ഈ ലോകജീവിതം ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളതും. ഈ പാരസ്പര്യത്തിലെ സുപ്രധാനമായ ഒന്നാണ് കടം കൊടുക്കല്‍. എത്ര വലിയ സമ്പന്നനും ദരിദ്രനും ചില ഘട്ടങ്ങളില്‍ കൈയിലുള്ളത് മതിയാകാതെ വരും. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു പിന്തുണക്കായി മനുഷ്യന്‍ ചുറ്റും നോക്കും. ഇവിടെയാണ് നീക്കിയിരിപ്പുള്ളത് നഷ്ടം വരാതെ മറ്റുള്ളവരെ സഹായിക്കാന്‍ അവസരം ലഭിക്കുന്നത്.

കടം കൊടുക്കുന്നത് കേവലം ഒരു സാമ്പത്തിക ഇടപാടായല്ല, മറിച്ച് വലിയ ആരാധനയായാണ് ഇസ്‌ലാം കണക്കാക്കുന്നത്. ഒരാളുടെ പ്രയാസത്തില്‍ സഹായിക്കുന്നത് അല്ലാഹുവിന്റെ പ്രീതിക്ക് കാരണമാകുന്നു. കടം നല്‍കുന്നതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നബി(സ) പറഞ്ഞ ഒരു ഹദീസ് ഇപ്രകാരമാണ്: ‘ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന് രണ്ട് തവണ കടം നല്‍കിയാല്‍, അത് ഒരിക്കല്‍ മുഴുവനായി സ്വദഖ നല്‍കിയതിന് തുല്യമാണ്.’ (ഇബ്നു മാജ). ഈ ഹദീസിന്റെ അര്‍ഥതലങ്ങള്‍ ആലോചിക്കുന്നവര്‍ക്ക് ഈ പുണ്യകര്‍മത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല.

എന്നല്ല സ്വദഖ നല്‍കുന്നതിനേക്കാള്‍ വലിയ പ്രതിഫലം ചില സന്ദര്‍ഭങ്ങളില്‍ കടം നല്‍കുന്നതിലൂടെ ലഭിക്കുമെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അനസ് ബിന്‍ മാലിക്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. നബി(സ) പറഞ്ഞു: ‘മിഅ്‌റാജിന്റെ രാത്രിയില്‍ സ്വര്‍ഗവാതിലില്‍ ഇപ്രകാരം എഴുതിവെച്ചതായി ഞാന്‍ കണ്ടു: ‘ദാനധര്‍മത്തിന് പത്തിരട്ടി പ്രതിഫലമുണ്ട്, എന്നാല്‍ കടം നല്‍കുന്നതിന് പതിനെട്ടിരട്ടി പ്രതിഫലമുണ്ട്’. ഞാന്‍ ജിബ്രീല്‍(അ)നോട് ചോദിച്ചു: ‘ജിബ്രീല്‍, എന്തുകൊണ്ടാണ് സ്വദഖയേക്കാള്‍ ശ്രേഷ്ഠത കടം നല്‍കുന്നതിനായത്?’ അവിടുന്ന് പറഞ്ഞു: ‘യാചിക്കുന്നവന്‍ തന്റെ പക്കല്‍ പണമുണ്ടാകുമ്പോഴും ചോദിച്ചേക്കാം, എന്നാല്‍ കടം ചോദിക്കുന്നവന്‍ തന്റെ കടുത്ത ആവശ്യം നിമിത്തമല്ലാതെ അത് ചോദിക്കില്ല’. (ഇബ്നു മാജ, ബൈഹഖി)

എന്നാല്‍ ഈ സഹായത്തിന്റെ മറവില്‍ ലാഭമെടുക്കാന്‍ പാടില്ല. അത് പലിശയാണ് എന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ആയിരം രൂപ കൊടുത്ത് 1,100 തിരിച്ചുവാങ്ങുന്നത് മാത്രമല്ല കടം തന്നതിന് പകരം എന്തെങ്കിലും ഉപകാരം വേണമെന്ന് നിബന്ധന വെച്ചാല്‍ അതെല്ലാം പലിശയാകും. പലിശ വന്‍ പാപമാണ് എന്നാണ് ഇസ്ലാമിക കര്‍മശാസ്ത്രം പഠിപ്പിക്കുന്നത്.

കടം കൊടുക്കാന്‍ വ്യക്തികള്‍ വിമുഖത കാണിക്കുകയും വ്യവസ്ഥാപിതവും അല്ലാത്തതുമായ പലിശ സംഘങ്ങള്‍ ഈ അവസരം ചൂഷണം ചെയ്യുന്നതുമായ സാഹചര്യമാണ് നിലവിലുള്ളത്. ചെറിയ സംഖ്യകള്‍ മുതല്‍ വലിയ സംഖ്യ വരെ പലിശക്ക് കടം കൊടുക്കുന്ന സംവിധാനങ്ങള്‍ നമുക്ക് ചുറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യരുടെ ഓണ്‍ലൈന്‍ ആക്റ്റിവിറ്റികള്‍ നിരീക്ഷിക്കുന്ന അല്‍ഗോരിത സംവിധാനങ്ങള്‍ അത്തരം കടമിടപാടുകളുടെ പരസ്യങ്ങള്‍ നമ്മിലേക്ക് എത്തിക്കുന്നു. നിവൃത്തികേട് കൊണ്ട് പലരും അത്തരം ‘സഹായം’ സ്വീകരിക്കുകയും പിന്നീട് ഊരിപ്പോരാനാകാത്ത വിധം അകപ്പെടുകയും ചെയ്യുന്നു. ഒരിക്കല്‍ പലിശയുടെ പിടിയില്‍ പെട്ടവന്‍ എന്നും ആ കയത്തിലായിരിക്കുമെന്നാണ് അനുഭവങ്ങള്‍ പറയുന്നത്. കുറിക്കല്യാണം, പണപ്പയറ്റ് തുടങ്ങിയ പരസ്പര സഹകരണ സംഘങ്ങളെല്ലാം നിഷ്‌ക്രമിച്ച പഴുതുകളാണ് ഇത്തരം സംഘങ്ങള്‍ സ്വന്തമാക്കിയതെന്ന് ഓര്‍ക്കുക. നീക്കിയിരിപ്പുകള്‍ കടം നല്‍കാന്‍ മനസ്സ് കാണിക്കുക. രണ്ടാണ് കാര്യം. ഒന്ന് കടം നല്‍കുന്നവന് പ്രഖ്യാപിക്കപ്പെട്ട പുണ്യം തന്നെ. രണ്ടാമത്തെ കാര്യം, കടം കിട്ടാത്തപ്പോള്‍ പലിശക്ക് തലവെക്കുക എന്നതാണ് പുതിയ ശീലം. അങ്ങനെയെങ്കില്‍ നാം നല്‍കുന്ന കടം പലിശയെന്ന വന്‍ദോഷത്തില്‍ നിന്നുള്ള രക്ഷപ്പെടുത്തല്‍ കൂടിയാണ്. ഒരു ഖുര്‍ആന്‍ വചനം ഓര്‍ക്കുക: നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം നല്‍കുകയാണെങ്കില്‍ അവന്‍ അത് ഇരട്ടിയാക്കി തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യും. അല്ലാഹു നന്ദിയുള്ളവനും സഹനശീലനുമാകുന്നു. (തഗാബുന്‍: 17). അതെ, സുഹൃത്തിന് കടം നല്‍കുക വഴി നാം കടം നല്‍കുന്നത് അല്ലാഹുവിന് തന്നെയാണ്.