Kerala
ശബരിമല തീര്‍ഥാടകരെ രാത്രി വനമേഖലയില്‍ ഇറക്കിവിട്ട കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ക്കെതിരായ നപടി മാതൃകാ പരം: മന്ത്രി കെ ബി ഗണേഷ് കുമാര്‍
സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരനായ ബസ് ഡ്രൈവറെ പിരിച്ചുവിടാനും കണ്ടക്ടരെ സ്ഥലംമാറ്റാനും ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു
മലപ്പുറം | ശബരിമല തീര്‍ഥാടകരെ രാത്രി നിലയ്ക്കല്‍ വനമേഖലയില്‍ ഇറക്കിവിട്ട കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ സ്വീകരിച്ച അച്ചടക്ക നടപടി മാതൃകാ പരമാണെന്നു മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരനായ ബസ് ഡ്രൈവറെ പിരിച്ചുവിടാനും കണ്ടക്ടരെ സ്ഥലംമാറ്റാനും മന്ത്രി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
രാത്രിയില്‍ യാത്രക്കാരെ വഴയില്‍ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണ്. ആരെയും വഴിയില്‍ ഇറക്കിവിടരുതെന്ന് സി എം ഡി ഉത്തരവ് നിലവിലുണ്ട്. കാട്ടില്‍ ഇറക്കിവിട്ട നടപടി അംഗീകരിക്കാനാവില്ല. പണം ഇല്ലെങ്കില്‍ പോലും അങ്ങനെ ചെയ്യരുത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വിജിലന്‍സ് വിഭാഗവും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. കണ്ടക്ടര്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
പമ്പയില്‍ നിന്ന് നിലയ്ക്കല്‍ സ്റ്റാന്‍ഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയില്‍ ഇറക്കിവിട്ടത്. നിലയ്ക്കല്‍ സ്റ്റാന്‍ഡിലായിരുന്നു തീര്‍ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. സ്റ്റാന്‍ഡില്‍ കയറാതെ ഒരു കിലോമീറ്റര്‍ അപ്പുറം വനമേഖലയില്‍ തീര്‍ത്ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി.
വയോധികരും കുഞ്ഞും അടങ്ങുന്ന 13 അംഗം സംഘത്തിനാണ് ദുരനുഭവമുണ്ടായത്. ഇവര്‍ പമ്പ – തിരുവനന്തപുരം കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. തീര്‍ഥാടകരെ ബസില്‍ നിന്ന് ഇറക്കിവിടുന്നതിന്റെയും അവര്‍ കാനന പാതയില്‍ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏറെ നേരെ വനമേഖലയില്‍ കാത്തുനിന്നശേഷം വാഹനം വിളിച്ചുവരുത്തിയശേഷമാണ് സംഘത്തിന് വീണ്ടും യാത്ര തുടങ്ങാനായത്.
തിരുവനന്തപുരം പൂവാറില്‍ നിന്ന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടേക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്. സംഭവത്തില്‍ അന്വേഷണത്തിനും ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


