Connect with us

Kerala

കുഞ്ഞുവിനോദിനിക്ക് സഹായ ഹസ്തവുമായി കോണ്‍ഗ്രസ്; കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവന്‍ ചെലവും വഹിക്കാമെന്ന് പ്രതിപക്ഷ നേതാവ്

കൃത്രിമ കൈ ഘടിപ്പിക്കാനുള്ള നടപടികള്‍ ഇന്നുതന്നെ ആരംഭിക്കും.

Published

|

Last Updated

പാലക്കാട്| പാലക്കാട്ടെ ഒമ്പതു വയസുകാരി വിനോദിനിക്ക് സഹായ ഹസ്തവുമായി കോണ്‍ഗ്രസ്. വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവന്‍ ചെലവും വഹിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് പറഞ്ഞതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൃത്രിമ കൈ ഘടിപ്പിക്കാനുള്ള നടപടികള്‍ ഇന്നുതന്നെ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

കൃത്രിമ കൈ വെക്കാന്‍ പണമില്ലാതെ വിഷമത്തിലായിരുന്നു വിനോദിനിയുടെ കുടുംബം. കുടുംബത്തിന് ആകെ ലഭിച്ചത് രണ്ട് ലക്ഷം രൂപ മാത്രമാണ്. കൈ മാറ്റിവെക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ മാതാവ് പറഞ്ഞിരുന്നു.

പാലക്കാട് പല്ലശ്ശന സ്വദേശിനിയാണ് വിനോദിനി. വിനോദിനിയുടെ വലതു കൈയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മുറിക്കേണ്ടി വന്നത് .കഴിഞ്ഞ സെപ്തംബര്‍ 24ന് പെണ്‍കുട്ടി വീടിന്റെ മുറ്റത്ത് വീണതിനെ തുടര്‍ന്ന് വലത് കൈയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. ആദ്യം ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിദഗിധ ചികിത്സക്കായി പാലക്കാട് ജില്ലാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാശുപത്രിയില്‍ എക്‌സറെ എടുത്ത ശേഷം പ്ലാസ്റ്ററിട്ട് വിട്ടയച്ചു.

തുടര്‍ന്ന് വേദന അസഹ്യമായതോടെ വീണ്ടും ജില്ലാശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ കൈയ്ക്ക് നിറമാറ്റവും സംഭവിച്ചിരുന്നു. ജില്ലാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കുഴലിന് പൊട്ടല്‍ കണ്ടെത്തുകയും കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് അയക്കുകയും ചെയ്തതായാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ അവിടെ എത്തുമ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമാകുകയും കൈ മുറിച്ച് മാറ്റുകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ജില്ലാശുപത്രിയിലെ ചികിത്സാ പിഴവാണ് കുട്ടിയുടെ കൈ മുറിച്ചുമാറ്റാനിടയാക്കിയതെന്നും അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.

 

 

---- facebook comment plugin here -----

Latest