Connect with us

Articles

അസ്ഥിരപ്പെടുമോ ലോകം?

കായിക മാമാങ്കങ്ങള്‍ക്കും ശാസ്ത്രീയ മുന്നേറ്റങ്ങള്‍ക്കും സാംസ്‌കാരിക ആഘോഷങ്ങള്‍ക്കും 2026 സാക്ഷ്യം വഹിക്കും. യുക്രൈന്‍ യുദ്ധം അനന്തമായി നീളാനാണ് സാധ്യത. മിഡില്‍ ഈസ്റ്റിലെ അസ്ഥിരത ലോകക്രമത്തെ തുടര്‍ച്ചയായി അസ്ഥിരപ്പെടുത്തും. പൗരന്മാരുടെ ആരോഗ്യ പരിരക്ഷക്ക് ചെലവഴിക്കുന്നതിനേക്കാള്‍ ഇരട്ടി തുക രാജ്യങ്ങള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന പ്രവണത 2026ലും തുടരാനാണ് സാധ്യത.

Published

|

Last Updated

രാഷ്ട്രീയമായും സാമ്പത്തികമായും വലിയ മാറ്റങ്ങള്‍ രൂപപ്പെടുന്ന വര്‍ഷമാണ് 2026. സാങ്കേതിക വിദ്യകളുടെ സ്വാധീനം വലിയ രീതിയില്‍ ലോകത്ത് തുടരുമെന്നാണ് വിശ്വസിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതികവും വ്യാപാരപരവുമായ മത്സരങ്ങള്‍ തുടരുമെങ്കിലും, ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള തെക്ക് (ഗ്ലോബല്‍ സൗത്ത്) രാജ്യങ്ങള്‍ അന്താരാഷ്ട്ര തീരുമാനങ്ങളില്‍ ഒരു നിര്‍ണായക ശക്തിയായി 2026ല്‍ മാറുമെന്ന് കണക്കാക്കപ്പെടുന്നു. കായിക മാമാങ്കങ്ങള്‍ക്കും ശാസ്ത്രീയ മുന്നേറ്റങ്ങള്‍ക്കും സാംസ്‌കാരിക ആഘോഷങ്ങള്‍ക്കും 2026 സാക്ഷ്യം വഹിക്കും. യുക്രൈന്‍ യുദ്ധം അനന്തമായി നീളാനാണ് സാധ്യത. മിഡില്‍ ഈസ്റ്റിലെ അസ്ഥിരത ലോകക്രമത്തെ തുടര്‍ച്ചയായി അസ്ഥിരപ്പെടുത്തും. പൗരന്മാരുടെ ആരോഗ്യ പരിരക്ഷക്ക് ചെലവഴിക്കുന്നതിനേക്കാള്‍ ഇരട്ടി തുക രാജ്യങ്ങള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന പ്രവണത 2026ലും തുടരാനാണ് സാധ്യത. അയല്‍ രാജ്യങ്ങളുമായും സൗഹൃദ രാജ്യങ്ങളുമായും വ്യാപാര കരാറുകള്‍ ഉണ്ടാക്കുന്ന പ്രവണത 2026ലും രാജ്യങ്ങള്‍ ആവര്‍ത്തിക്കും. ഡിജിറ്റല്‍ കറന്‍സിക്ക് 2026ല്‍ കൂടുതല്‍ പ്രചുര പ്രചാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളിലെ വിസാ നിയമങ്ങളിലെ മാറ്റങ്ങള്‍ അനിശ്ചിതത്വമാണ് ലോകത്ത് സൃഷ്ടിക്കുക. പ്രകൃതിക്ഷോഭങ്ങളും അപ്രതീക്ഷിത മഴയും അനിയന്ത്രിതമായ ചൂടും ചുഴലി കൊടുങ്കാറ്റുകളും 2026ലും ലോകത്തിന്റെ പലഭാഗത്തും ആവര്‍ത്തിക്കാനാണ് സാധ്യത.

നിര്‍മിത ബുദ്ധി 2026നെ മാറ്റിമറിക്കും
നിര്‍മിത ബുദ്ധിയോടൊപ്പം വളരുക, മാറ്റങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടുക എന്നതാണ് 2025 പഠിപ്പിച്ചത് എങ്കില്‍, പഠിച്ച കാര്യങ്ങള്‍ കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാകും 2026ല്‍ സംജാതമാകാന്‍ പോകുന്നത്. നിരന്തരം പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കണം. നിര്‍മിത ബുദ്ധിയില്‍ അതിവേഗം വലിയ മാറ്റങ്ങളും പുതിയ രീതികളുമാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വയം തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന അഴലിശേര അക സംവിധാനങ്ങള്‍ 2026നെ സമ്പന്നമാക്കും. പുത്തന്‍ സാങ്കേതിക വിദ്യ തൊഴില്‍ രംഗത്തെയും സാമൂഹിക രംഗത്തെയും മാറ്റിമറിക്കുന്ന സംഭവങ്ങള്‍ 2026ലും വര്‍ധിക്കും. നിര്‍മിത ബുദ്ധി ഉപയോഗിച്ച് സൈബറിടത്തില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന സംഭവങ്ങള്‍ 2026ലും ആവര്‍ത്തിക്കുന്നതാണ്. രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കുന്നതിന് വരെ കാരണമാകുന്ന സൈബര്‍ ചോര്‍ച്ച എങ്ങനെ തടയും എന്നത് 2026നെ പ്രക്ഷുബ്ധമാക്കും. സൈബറിടത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങള്‍ കടുത്ത രീതിയില്‍ നിബന്ധനകള്‍ ഉള്ളടക്കം ചെയ്ത നിയമങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത് 2026ലും കൂടുതല്‍ രാജ്യങ്ങള്‍ തുടരുമെന്നാണ് കരുതുന്നത്. ഡിജിറ്റല്‍ പരമാധികാരത്തില്‍ കര്‍ശനമായ നിയമം ഉണ്ടാക്കുമ്പോള്‍ ആഗോള ടെക് കമ്പനികളുമായി സര്‍ക്കാറുകള്‍ക്ക് ഏറ്റുമുട്ടേണ്ട അവസ്ഥ 2026ലും സംഭവിക്കും. പുനരുപയോഗ ഊര്‍ജത്തിലേക്കുള്ള ലോകത്തിന്റെ പ്രയാണം 2026ലും അഭംഗുരം തുടരുന്നതാണ്. സെമി കണ്ടക്ടറുടെ നിര്‍മാണവും അനുസ്യൂതം 2026ലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുത്തന്‍ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ ലോകത്തിലെ വികസിത രാജ്യങ്ങളിലെ പട്ടണങ്ങളെ കീഴടക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഫോണിലും ലാപ്ടോപുകളിലും ഇന്റര്‍നെറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ പുതിയ ഉപകരണങ്ങള്‍ 2026ലെ വിപണിയെ കീഴടക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

കായികരംഗം ഉയിര്‍ത്തെഴുന്നേല്‍ക്കും
2026 ജൂണ്‍ 11 മുതല്‍ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരം കായിക പ്രേമികള്‍ക്ക് സമ്മാനിക്കുന്നത് സ്വപ്നതുല്യമായ ഒരു വര്‍ഷമായിരിക്കും. 2026ല്‍ ഇറ്റലിയിലെ മീലാനില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സും പുതിയ വര്‍ഷത്തില്‍ സംഭവ ബഹുലമാകും. ക്രിക്കറ്റ് ആരാധകരെയും 2026 നിരാശമാക്കില്ല. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന ട്വന്റി-20 വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് റെക്കോര്‍ഡുകള്‍ പിറന്നുവീഴുന്ന കായിക മാമാങ്കമാകും. ജപ്പാനിലെ നഗോയയില്‍ നടക്കുന്ന ഇരുപതാമത് ഏഷ്യന്‍ ഗെയിംസും ഇന്ത്യയില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പും 2026നെ കായിക പ്രേമികളുടെ ഇഷ്ട വര്‍ഷമാക്കും.

ബഹിരാകാശം തിരക്കേറിയതാകും
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പുതിയ ദൗത്യങ്ങള്‍ പല രാജ്യങ്ങളും 2026ല്‍ നടത്തുമെന്ന് ഉറപ്പാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി വിക്ഷേപിക്കുന്ന ചൈനയുടെ ചാംഗ് ഇ 7 ദൗത്യം 2026ല്‍ ചൈന ബഹിരാകാശം കീഴടക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി ആളില്ലാ പേടക പരീക്ഷണം ഇന്ത്യ നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ 50 വര്‍ഷത്തിനു ശേഷം ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള ആള്‍ട്ടെമിസ് -2 ദൗത്യം 2026ല്‍ നടക്കുമെന്നത് സന്തോഷം പകരുന്ന കാര്യമാണ്. നാല് ബഹിരാകാശ യാത്രക്കാരാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചന്ദ്രനിലേക്ക് പോകുന്നത്. കൂടാതെ ഇന്ത്യയുടെ നേതൃത്വത്തില്‍ ബഹിരാകാശത്ത് സ്വന്തം നിലയം നിര്‍മിക്കുമെന്നതും 2026ല്‍ നടക്കാന്‍ സാധ്യതയുള്ള കാര്യമാണ്.

ആകാശക്കാഴ്ചകള്‍
2026ല്‍ നാല് ഗ്രഹണങ്ങളാണ് ലോകത്ത് സംഭവിക്കുക. ഇന്ത്യയില്‍ ദൃശ്യമാകാത്ത സൂര്യഗ്രഹണം ഫെബ്രുവരി 17നും ഇന്ത്യയില്‍ ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം മാര്‍ച്ച് മൂന്നിനുമാണ് നടക്കുക. ആഗസ്റ്റ് 12ന് പൂര്‍ണ സൂര്യഗ്രഹണവും ആഗസ്റ്റ് 28ന് ഭാഗിക ചന്ദ്രഗ്രഹണവും സംഭവിക്കും.

2026ലെ മറ്റു സാധ്യതകള്‍
ബള്‍ഗേറിയ യൂറോ കറന്‍സി സ്വീകരിക്കുകയും യൂറോ സോണിലെ ഇരുപത്തിയൊന്നാമത്തെ അംഗമായി മാറുകയും ചെയ്യും. 2025 ജനുവരി 20ന് അമേരിക്കയുടെ 47ാമത് പ്രസിഡന്റായി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിന്റെ ‘അമേരിക്ക ആദ്യം’ എന്ന വാദവും പുതിയ തീരുവാ നയങ്ങളും 2026ലും തുടരാനാണ് സാധ്യത. കാനഡയിലെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്കും ജര്‍മന്‍ ചാന്‍സലറായ ഫിഡ്രിക്ക് മെര്‍സിനും അവരുടെ രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമോ എന്നത് 2026ലെ ആകാംക്ഷയുള്ള കാര്യമാണ്. 2026 ജൂലൈ നാലിലെ അമേരിക്കയുടെ 250ാം വാര്‍ഷികാഘോഷം 2026ലെ ഏറ്റവും വലിയ സംഭവമാണ്. അമേരിക്കന്‍ ഐക്യനാടുകള്‍ സ്ഥാപിതമായതിന്റെ 250ാം വാര്‍ഷികം എങ്ങനെ കൊണ്ടാടുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധ്യമല്ല.

2026ല്‍ ചില രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പ്രാദേശിക തിരഞ്ഞെടുപ്പ് ബ്രിട്ടന്റെ രാഷ്ട്രീയത്തില്‍ വഴിത്തിരിവ് ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇറ്റലി, ഡെന്മാര്‍ക്ക്, ഹംഗറി എന്നീ രാജ്യങ്ങളില്‍ വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി സ്വാധീനം 2026ലെ തിരഞ്ഞെടുപ്പിലൂടെ പരീക്ഷിക്കപ്പെടും. സുഡാന്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തര യുദ്ധങ്ങള്‍ 2026നെ പ്രകമ്പനം കൊള്ളിക്കും. ഇടതടവില്ലാത്ത അഭയാര്‍ഥി പ്രവാഹവും 2026നെ കാത്തിരിക്കുന്നു.

ഇന്ത്യയില്‍
രാജ്യം സാമ്പത്തിക വളര്‍ച്ച നേടുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. എട്ടാം ശമ്പള കമ്മീഷന്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ ആഹ്ലാദഭരിതരാക്കും. വിദേശ നിക്ഷേപത്തില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടവും വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കലും 2026ലും ആവര്‍ത്തിച്ചാല്‍ രൂപയുടെ മൂല്യം നിലവിലുള്ളതില്‍ നിന്ന് താഴോട്ട് പോകുമെന്ന കാര്യം ഉറപ്പാണ്. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പല രീതിയിലും നിര്‍ണായകമാകും. 2026ല്‍ നടക്കുന്ന ദേശീയ ജനസംഖ്യാ കണക്കെടുപ്പും മണ്ഡല പുനര്‍നിര്‍ണയ ചര്‍ച്ചകളും രാഷ്ട്രീയ മേഖലയില്‍ വലിയ ചര്‍ച്ചയാകും.