Connect with us

Kerala

ന്യൂ ഇയര്‍ ആഘോഷത്തിനിടെ ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് പോലീസ് തകര്‍ത്ത സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ചു നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ടയില്‍ പുതുവത്സര ആഘോഷത്തിനിടെ ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് പോലീസ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് പ്രഖ്യാപനം. അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ചു നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. എന്താണ് നടന്നതെന്ന് പരിശോധിക്കും. സംസ്ഥാനത്താകെ ആയിരത്തോളം പുതുവത്സര പരിപാടികളാണ് നടന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് പോലീസ് ശ്രമിച്ചിട്ടുള്ളത്. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും പോലീസ് മേധാവി പറഞ്ഞു.

സ്റ്റേജിലേക്ക് കയറി പോലീസുകാരന്‍ ലാപ്‌ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസ് പറഞ്ഞതനുസരിച്ച് പരിപാടി നിര്‍ത്തിയിട്ടും അതിക്രമം ഉണ്ടായെന്നും ഡിജെ അഭിരാം സുന്ദര്‍ ആരോപിച്ചു. തകര്‍ത്തത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്‌ടോപ്പാണെന്നും അഭിരാം പറയുന്നു. കഷ്ടപ്പെട്ടാണ് ലാപ്‌ടോപ്പ് വാങ്ങിയത്. അതില്‍ ഒരുപാട് ഫയലുകളുമുണ്ടായിരുന്നു. അതാണ് പോലീസുകാരന്‍ ഒരു നിമിഷം കൊണ്ട് തകര്‍ത്തതെന്നും അഭിരാം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ ആരോപണങ്ങളെല്ലാം പോലീസ് തള്ളി. സ്ഥലത്ത് സംഘര്‍ഷം ഉണ്ടായതോടെയാണ് ഇടപെട്ടതെന്നാണ് പോലീസിന്റെ വിശദീകരണം. അര്‍ധരാത്രിക്കുശേഷവും പരിപാടി നീണ്ടു പോയി. ഇതോടെയാണ് പോലീസ് ഇടപെട്ടതെന്നും ലാപ്‌ടോപ്പ് തകര്‍ത്തു എന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്നും പോലീസ് പറയുന്നു.

 

---- facebook comment plugin here -----

Latest