articles
നേതൃനഷ്ടത്തെ തെഹ്റാൻ മറികടക്കുമോ?
നേതൃ നഷ്ടങ്ങൾക്കിടയിലും ഇറാൻ ജനത പൂർണമായി ശിഥിലമാക്കപ്പെടുകയും വ്യാമോഹങ്ങള്‍ക്ക് കീഴ്‌പ്പെടുകയും ചെയ്തിട്ടില്ല. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം എത്രമാത്രം നീണ്ടുനില്‍ക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇറാനിലെ ആഭ്യന്തര കെട്ടുറപ്പിന്റെ ഭാവി. പുതിയ നേതൃത്വം അകത്തും പുറത്തും എത്രമാത്രം വഴക്കസ്വഭാവം കാണിക്കുമെന്നതാണ് ചോദ്യം.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ച വാര്‍ത്ത ഇസ്‌റാഈല്‍ പുറത്തുവിടുകയും ഇറാന്‍ നേതൃത്വം അത് സ്ഥിരീകരിക്കുകയും ചെയ്തതിന് പിറകേ വാഷിംഗ്ടണ്‍ പോസ്റ്റ് കൊടുത്ത ഒരു വാര്‍ത്തയുണ്ട്. സഊദി കരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിരവധി തവണ ട്രംപിനെ വിളിച്ച് ഇറാന്‍ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്നാണ് ആ വാര്‍ത്തയുടെ ഉള്ളടക്കം. പല തവണ ഫോണില്‍ സ്വകാര്യമായി ആശയവിനിമയം നടത്തിയെന്നും ഇറാനെ ആക്രമിച്ചേ തീരൂവെന്ന് ശഠിച്ചുവെന്നുമാണ് മറ്റ് ഏജന്‍സികളെല്ലാം ആവര്‍ത്തിച്ച ഈ വാര്‍ത്തയില്‍ പറയുന്നത്. പുറത്തുപറയുന്നത് ഒന്നും രഹസ്യ ലോബിയിംഗ് മറ്റൊന്നുമാണെന്ന ധാരണയുണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. ഇറാനെ ആക്രമിക്കാന്‍ സഊദിയുടെയോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തിന്റെയോ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സല്‍മാന്‍ പ്രഖ്യാപിച്ച ജനുവരിയില്‍ തന്നെയാണത്രേ രഹസ്യമായി നേര്‍വിപരീത ദിശയില്‍ നിലയുറപ്പിച്ചത്.
ഖാംനഈയെ ക്രൂരമായി കൊന്നുതള്ളിയതില്‍ ലോകത്താകെ പ്രതിഷേധമുയരുകയും വൈകാരിക പ്രതികരണങ്ങള്‍ നിറയുകയും ചെയ്യുന്ന മണിക്കൂറില്‍ കൃത്യമായി ഇത്തരമൊരു വാര്‍ത്ത പിറക്കുന്നതെന്തുകൊണ്ടാണ്? ഇറാന് നേരെ നടക്കുന്ന നെറികെട്ട ആക്രമണത്തെ ഒരു ശിയാ- സുന്നി സംഘര്‍ഷമാക്കി ചുരുക്കിക്കെട്ടാനുള്ള പ്രൊപ്പഗാണ്ടയുടെ ഭാഗമാണത്. രാഷ്ട്രത്തലവന്‍മാരെ കൊന്നുതള്ളി പാവസര്‍ക്കാറുകളെ വാഴിക്കാനുള്ള സാമ്രാജ്യത്വ, സയണിസ്റ്റ് പദ്ധതികളെ ഇത്തരം നരേറ്റീവുകള്‍കൊണ്ട് മറച്ചുവെക്കാനാകില്ല.
ആരാണ് അലി ഖാംനഈ? ഇസ്‌ലാമിക വിപ്ലവമെന്ന് വിളിക്കപ്പെട്ട ഇറാനിലെ ജനകീയ സായുധ മുന്നേറ്റത്തിന്റെ നായകത്വം വഹിച്ചത് ആയത്തുല്ല ഖുമൈനിയാണെങ്കില്‍ ആ വിപ്ലവത്തിന്റെ ഉത്പന്നമായ ഭരണസംവിധാനത്തിന് കെട്ടുറപ്പ് പകര്‍ന്നതും നയപരമായ വ്യക്തത നല്‍കിയതും 1969 മുതല്‍ അധികാര കേന്ദ്രമായി നിന്ന ആയത്തുല്ല അലി ഖാംനഈയായിരുന്നു. ഏത് ഉപരോധത്തിനും ആഭ്യന്തര പ്രതിസന്ധിക്കും സാമ്പത്തിക പരാധീനതക്കും സൈനിക ഭീഷണികള്‍ക്കുമിടയിലും സുസ്ഥിരമായി നില്‍ക്കാന്‍ ശിയാ രാഷ്ട്രത്തിന് കരുത്ത് നല്‍കിയതും അദ്ദേഹത്തിന്റെ നെടുനായകത്വമായിരുന്നു. 1981ല്‍ ഇറാന്‍ പ്രസിഡന്റായി. 1989ല്‍ ആയത്തുല്ല ഖുമൈനിയുടെ മരണശേഷം ഇറാന്റെ പരമോന്നത നേതാവായി. ഭരണകൂടം, സൈന്യം, നിയമനിര്‍മാണ സഭ, നീതിന്യായ വ്യവസ്ഥ എന്നിവയുടെയെല്ലാം അന്തിമ നിയന്ത്രണം അദ്ദേഹത്തിന്റെ കൈകളിലായി. ഖാംനഈയുടെ തന്ത്രപ്രധാനമായ നീക്കമായിരുന്നു “പ്രതിരോധത്തിന്റെ അച്ചുതണ്ട്’. ലബനാനിലെ ഹിസ്ബുല്ല, ഫലസ്തീനിലെ ഹമാസ്, യമനിലെ ഹൂതികള്‍, സിറിയയിലെ ഭരണകൂടം എന്നിവയെ കൂട്ടിയിണക്കി അദ്ദേഹം പശ്ചിമേഷ്യയില്‍ ഇറാന്റെ സ്വാധീനമുറപ്പിച്ചു.
ഇസ്‌റാഈല്‍- അമേരിക്കന്‍വിരുദ്ധ രാഷ്ട്രീയം ദേശീയ വികാരം ആളിക്കത്തിക്കാനുള്ള ഉപാധിയായി വളര്‍ത്തിക്കൊണ്ടുവന്നു. അതേ ഖാംനഈ 2015ല്‍ ഹസന്‍ റൂഹാനിയുടെ പ്രസിഡന്‍ഷ്യല്‍ കാലത്ത് യു എസുമായി ആണവ കരാറില്‍ ഒപ്പുവെക്കുന്നതിനെ പിന്തുണച്ചു. 2018ല്‍ ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്ന് പിന്മാറിയതോടെ സംയമനത്തിന് അവധി കൊടുത്ത് അമേരിക്കന്‍വിരുദ്ധത കുറേക്കൂടി ജ്വലിപ്പിക്കുകയല്ലാതെ അദ്ദേഹത്തിന് മുന്നില്‍ വഴിയുണ്ടായിരുന്നില്ല. രാജ്യത്തുയര്‍ന്നുവന്ന പ്രക്ഷോഭങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്തുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. ആണവായുധ നിര്‍മാണത്തിലേക്ക് നീങ്ങുന്നുവെന്ന ആത്മവിശ്വാസം പ്രസരിപ്പിക്കാന്‍ സാധിച്ചു. ഒരേസമയം ചര്‍ച്ചാ മേശകളിലേക്ക് രാജ്യത്തെ നയിക്കുകയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപനങ്ങള്‍ നിരന്തരം നടത്തി ആവേശം വിതറുകയും ചെയ്തു ഖാംനഈ. ഇതൊന്നുമല്ല ഖാംനഈയെ മഹാനായ നേതാവാക്കുന്നത്.
സ്വന്തം ജീവന്‍ അപകടത്തിലാണെന്ന് ഉറപ്പായിട്ടും രാജ്യംവിട്ട് ഒളിച്ചോടിയില്ല എന്നതാണ്. അദ്ദേഹം പൊരുതി നിന്നു. 80 പിന്നിട്ട ആ മനുഷ്യന്‍ പോരാട്ടത്തിന്റെ മുന്നില്‍ നിന്നു. ശിയാ മേധാവിത്വത്തിനായി അദ്ദേഹം നടത്തിയ എല്ലാ കുതന്ത്രങ്ങളെയും ചെറുതാക്കിക്കളയുന്ന വലിപ്പം ഈ സ്ഥൈര്യത്തിനുണ്ട്. പരമോന്നത നേതാവിന്റെയും സൈനിക മേധാവിയുടെയും നിരവധിയായ ഉന്നത നേതാക്കളുടെയും ചോരക്ക് മുന്നില്‍ ഇറാന്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ 1979ലെ വിപ്ലവത്തെ ശിയാ വിപ്ലവം മാത്രമാക്കി അധഃപതിപ്പിച്ച ഇരുണ്ട നയനിലപാടുകളെയും പക്ഷംചേരലുകളെയുമല്ല, സാമ്രാജ്യത്വത്തിനെതിരെ ഇടറാതെ നിലയുറപ്പിച്ച തിളക്കമാര്‍ന്ന മറുഭാഗത്തെയാണ് കാണേണ്ടത്.
മുഅമ്മര്‍ ഗദ്ദാഫിയുടെയും സദ്ദാം ഹുസൈന്റെയും അരുംകൊലചെയ്യപ്പെട്ട ഫലസ്തീന്‍ നേതാക്കളുടെയുമെല്ലാം നിരയില്‍ തന്നെയാണ് ഖാംനഈയുടെയും ഇരിപ്പിടം. ഗദ്ദാഫിയെയും സദ്ദാമിനെയും കൊന്നുതള്ളിയത് ആഘോഷിച്ചവരാണ് ഖാംനഈയുടെ അനുയായികളെങ്കിലും സമ്രാജ്യത്വവിരുദ്ധത മനസ്സില്‍ സൂക്ഷിക്കുന്ന മുഴുവന്‍ പേരും ഇവരുടെ കൂടെത്തന്നെ ഖാനഈയെയും എണ്ണും. കാരണം, വിഭവക്കൊള്ളയുടെയും അസ്ഥിരീകരണത്തിന്റെയും ഇരകളായ രാജ്യങ്ങളുടെ നീണ്ടനിരയിലാണ് ഇറാന്റെയും സ്ഥാനം. ഖാംനഈയെ കൊല്ലുന്നതിലൂടെ ഇറാനെ അസ്ഥിരമാക്കുകയാണല്ലോ ലക്ഷ്യം. ഡോളര്‍ ശാക്തീകരണത്തിന്റെയും പെട്രോ വിഭവ സമാഹരണത്തിന്റെയും സാമ്രാജ്യത്വ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ലബനാനെയും ഇറാഖിനെയും വെനസ്വേലയെയുമെല്ലാം ശിഥിലമാക്കിയത്.
വെനസ്വേലയില്‍ കടന്നാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മദുറോയെ തട്ടിക്കൊണ്ടുപോയി രണ്ട് മാസത്തോടടുക്കുമ്പോഴാണ് ഇറാനില്‍ നേരിട്ടുള്ള ആക്രമണത്തിന് അമേരിക്കയും ഇസ്‌റാഈലും എടുത്തുചാടിയത്. ലോകത്തെ രണ്ടാമത്തെ വലിയ പ്രകൃതിവാതക ശേഖരവും മൂന്നാമത്തെ എണ്ണശേഖരവുമുള്ള രാജ്യമാണ് ഇറാന്‍. ഈ വിഭവങ്ങളുടെ നിയന്ത്രണം സാമ്രാജ്യത്വ ശക്തികള്‍ക്കും ഇസ്‌റാഈലിനും തീറെഴുതിയ ഷാ പഹ്‌ലവി ഭരണകൂടം തകര്‍ത്ത് നിലവില്‍ വന്ന ആയത്തുല്ലമാരുടെ ഭരണം പെട്രോ വിഭവങ്ങള്‍ക്ക് ശക്തമായ കാവല്‍ സാധ്യമാക്കി. എല്ലാ കോര്‍പറേറ്റ് താത്പര്യങ്ങളെയും വെല്ലുവിളിച്ചു. ഇസ്‌റാഈലിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടു കൂടിയെടുത്തതോടെ ഈ ഭരണ സംവിധാനം തകര്‍ത്ത് തങ്ങളുടെ വരുതിയിലുള്ള സംവിധാനം വരണമെന്ന തീരുമാനത്തിലെത്തിയതിന്റെ ആത്യന്തിക ഫലമാണ് ഇറാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ മുഴുവന്‍.
നേതൃനഷ്ടത്തെ ഇറാന്‍ മറികടക്കുമെന്നും ഭരണസംവിധാനം തകര്‍ക്കാന്‍ എളുപ്പത്തില്‍ സാധിക്കില്ലെന്നും തന്നെയാണ് ഇപ്പോള്‍ വിലയിരുത്തേണ്ടത്. സുപ്രീം കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അര്‍ധ ജനാധിപത്യ സംവിധാനത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ദീര്‍ഘ കാലമായി തുടരുന്ന ഉപരോധത്തിനും കുത്തിത്തിരിപ്പുകള്‍ക്കും സാധിച്ചിട്ടില്ല. പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് കൊണ്ടാടാന്‍ ആഹ്ലാദ പ്രകടനങ്ങളുടെ ഏതാനും ചിത്രങ്ങളൊക്കെ ഇറാനില്‍ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും ആ ജനത പൂർണമായി ശിഥിലമാക്കപ്പെടുകയും വ്യാമോഹങ്ങള്‍ക്ക് കീഴ്‌പ്പെടുകയും ചെയ്തിട്ടില്ല. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം എത്രമാത്രം നീണ്ടുനില്‍ക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇറാനിലെ ആഭ്യന്തര കെട്ടുറപ്പിന്റെ ഭാവി. രാജ്യം അപകടത്തില്‍ എന്ന വികാരത്തിനൊപ്പം നില്‍ക്കുന്നവര്‍ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് മുന്നില്‍ അതൃപ്തരായിത്തീരും. അത്തരക്കാര്‍ അക്രമാസക്ത പ്രക്ഷോഭവുമായി വീണ്ടും തെരുവിലിറങ്ങിയാല്‍ അകമേ തകര്‍ന്ന ഇറാനാകുമുണ്ടാകുക. ഈ സാഹചര്യം എത്രയും വേഗം സാധ്യമാക്കാനാണ് തെരുവിലിറങ്ങാന്‍ ഇറാന്‍ ജനതയോട് ട്രംപ് നിരന്തരം ആഹ്വാനം ചെയ്യുന്നത്. പുതിയ നേതൃത്വം അകത്തും പുറത്തും എത്രമാത്രം വഴക്കസ്വഭാവം കാണിക്കുമെന്നതാണ് ചോദ്യം.
ജനങ്ങളെ വിശ്വാസത്തിലെടുത്തും അംഗീകരിച്ചും മാത്രമേ ഇറാന്‍ നേതൃത്വത്തിന് മുന്നോട്ട് പോകാനാകൂ. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടത് തെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലെ പഴുതടച്ച ബന്തവസ്സുള്ള താമസ സ്ഥലത്തെ മുറിയിലായിരുന്നു. അദ്ദേഹമുള്ള ആ സ്ഥലത്ത് സ്‌ഫോടക വസ്തു കൃത്യമായി പതിച്ചതെങ്ങനെയാണ്? ഖാംനഈയെ സംരക്ഷിക്കാന്‍ സാധിക്കാതെ വന്നതെങ്ങനെയാണ്? അകത്ത് നിന്നുള്ള ശത്രുക്കള്‍ പുറത്ത് നിന്നുള്ളവരെക്കാള്‍ മാരകമാണ്. ആഭ്യന്തര ശത്രുക്കളെ പുതിയ നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും ഇറാന്റെ ഭാവി. മുന്‍ പ്രസിഡന്റ് അഹ്്മദ് നജാദ് കൊല്ലപ്പെട്ടുവെന്നാണ് പുതുതായി പുറത്തുവരുന്ന വാര്‍ത്ത. ഈ നേതൃനഷ്ടങ്ങള്‍ ഏത് ദേശരാഷ്ട്രത്ത് കഴിയുന്നവരെയും നിരാശയിലാഴ്ത്താന്‍ പോന്നതാണ്. അതിര്‍ത്തി, സുരക്ഷ, പരമാധികാരം തുടങ്ങിയ വാക്കുകള്‍ക്ക് എന്തര്‍ഥമാണുള്ളത്?


