National
നീറ്റ് ചോദ്യപേപ്പർ ചോർത്തിയത് ചോദ്യകർത്താവ് തന്നെ; എൻ ടി എ പാനലിലെ പ്രമുഖ വനിതാ പ്രൊഫസർ സി ബി ഐ പിടിയിൽ
ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന വിരമിച്ച കെമിസ്ട്രി പ്രൊഫസർ പി വി കുൽക്കർണിയെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്തതിൽ നിന്നാണ് മനീഷ മാന്ധരെയുടെ പങ്കിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ന്യൂഡൽഹി | രാജ്യത്തെ പിടിച്ചുലച്ച 2026 ലെ നീറ്റ് യുജി (NEET-UG) ചോദ്യപേപ്പർ ചോർച്ചക്കേസിൽ എൻ ടി എ (NTA) ചോദ്യപേപ്പർ നിർമാണ സമിതി അംഗമായ വനിതാ പ്രൊഫസറെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി ബി ഐ) അറസ്റ്റ് ചെയ്തു. പൂനെയിലെ മോഡേൺ കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സിലെ ബോട്ടണി വിഭാഗം അധ്യാപികയായ പ്രൊഫസർ മനീഷ ഗുരുകാന്ത് മാന്ധരെയെയാണ് ശനിയാഴ്ച സി ബി ഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന വിരമിച്ച കെമിസ്ട്രി പ്രൊഫസർ പി വി കുൽക്കർണിയെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്തതിൽ നിന്നാണ് മനീഷ മാന്ധരെയുടെ പങ്കിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻ ടി എ) വിദഗ്ധ പാനൽ അംഗമെന്ന നിലയിൽ കഴിഞ്ഞ അഞ്ച് മുതൽ ആറ് വർഷമായി മനീഷ മാന്ധരെ നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ പങ്കാളിയായിരുന്നു. മെയ് 3 ന് നടന്ന 2026 ലെ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ നിർമാണ സമിതിയിലും ഇവർ സജീവമായിരുന്നു.

നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻ ടി എ) എതിരെ ന്യൂഡൽഹിയിലെ എൻ ടി എ ഓഫീസിന് പുറത്ത് പ്രതിഷേധിച്ച നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ എസ് യു ഐ) പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു.
ചോദ്യപേപ്പറ്റിലെ ബോട്ടണി, സുവോളജി (ബയോളജി) വിഭാഗങ്ങളിലെ ചോദ്യങ്ങൾ തയ്യാറാക്കാൻ സഹായിച്ചത് ഇവരാണെന്ന് കോളേജ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. പരീക്ഷാ പ്രക്രിയയിൽ പൂർണ്ണമായ പ്രവേശനമുണ്ടായിരുന്ന മനീഷ, എൻ ടി എ സമിതിയിലെ തന്റെ പദവി ദുരുപയോഗം ചെയ്ത് ചോദ്യങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ് സി ബി ഐ കണ്ടെത്തൽ.
കേസിലെ മുഖ്യസൂത്രധാരനായ പി വി കുൽക്കർണിയെ കഴിഞ്ഞ ദിവസമാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ തയ്യാറാക്കുന്ന സമിതിയിലേക്ക് പ്രവേശനമുണ്ടായിരുന്ന കുൽക്കർണിക്ക് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. കുൽക്കർണി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനീഷയിലേക്ക് അന്വേഷണം നീണ്ടതും ശനിയാഴ്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയതും.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അഞ്ച് സംസ്ഥാനങ്ങളിലായി സി ബി ഐ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖർ വലയിലാകുമെന്നാണ് സൂചന. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മെയ് 12 ന് റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ വരും ആഴ്ചകളിൽ വീണ്ടും നടത്താനുള്ള ഒരുക്കങ്ങളിലാണ് കേന്ദ്ര സർക്കാർ.
Content Highlights:.
The Central Bureau of Investigation (CBI) on Saturday arrested Manisha Mandhare, a biology lecturer from Pune’s Modern College, in connection with the 2026 NEET-UG paper leak case. Mandhare was a member of the National Testing Agency’s (NTA) paper-setting committee and helped formulate the Botany and Zoology sections for the exam held on May 3. Her arrest followed the intensive interrogation of the alleged kingpin and retired Chemistry professor, PV Kulkarni, who was detained a day earlier.







