Connect with us

National

'ഡാർലിംഗ് ചോദ്യപേപ്പർ റെഡിയാണ്, എന്ന് വന്ന് കാണും?'; ലക്നൗ സർവകലാശാലയെ പിടിച്ചുകുലുക്കി പ്രൊഫസറുടെ ഫോൺ കോൾ പുറത്ത്

പരീക്ഷാ പേപ്പറുകൾ ചോർത്തി നൽകാം എന്ന് പ്രലോഭിപ്പിച്ചു വിദ്യാർത്ഥിനിയെ നിരന്തരം വേട്ടയാടിയ പ്രൊഫസറുടെ ക്രൂരതയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ‘ഡാർലിംഗ് ഞാൻ നിനക്കായി രണ്ട് ചോദ്യപേപ്പറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. നീ എപ്പോഴാണ് എന്നെ വന്ന് കാണുക? പരീക്ഷയ്ക്ക് മുൻപ് ഏഴ് ദിവസത്തിനകം വന്ന് കാണണം’ – ലക്നൗ സർവകലാശാലയിലെ ബി എസ് സി സുവോളജി വിദ്യാർത്ഥിനിക്ക് നേരെ അസിസ്റ്റന്റ് പ്രൊഫസർ പരംജിത് സിംഗ് നടത്തിയ ലൈംഗിക അതിക്രമ ശ്രമങ്ങൾക്ക് തെളിവായ ഫോൺ സംഭാഷണമാണിത്. പരീക്ഷാ പേപ്പറുകൾ ചോർത്തി നൽകാം എന്ന് പ്രലോഭിപ്പിച്ചു വിദ്യാർത്ഥിനിയെ നിരന്തരം വേട്ടയാടിയ പ്രൊഫസറുടെ ക്രൂരതയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് നീറ്റ് യു ജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ തന്നെയാണ് വിദ്യാഭ്യാസ രംഗത്തെ കറുത്ത പാടുകൾ തുറന്നുകാട്ടുന്ന ഈ സംഭവവും പുറത്തുവരുന്നത്.

വിദ്യാർത്ഥിനി യൂണിവേഴ്സിറ്റി അധികൃതർക്ക് കൈമാറിയ ഓഡിയോ റെക്കോർഡിംഗിലാണ് പ്രൊഫസറുടെ ഭീഷണിപ്പെടുത്തലും ലൈംഗിക താല്പര്യങ്ങളോടെയുള്ള സംഭാഷണവുമുള്ളത്. പരീക്ഷയ്ക്ക് മുൻപ് തന്നെ വന്ന് കാണാൻ പ്രൊഫസർ വിദ്യാർത്ഥിനിയെ നിർബന്ധിക്കുന്നത് ഓഡിയോയിൽ വ്യക്തമാണ്. എന്നാൽ തനിക്ക് ചോർന്ന ചോദ്യപേപ്പറിന്റെ ആവശ്യമില്ലെന്നും സിലബസ് മുഴുവൻ പഠിച്ചു തീർത്തതായും വിദ്യാർത്ഥിനി മറുപടി നൽകുന്നുണ്ട്. വീട്ടിലെ കാര്യങ്ങൾ നോക്കേണ്ടതുണ്ടെന്നും വരാൻ ശ്രമിക്കാമെന്നും പെൺകുട്ടി പറയുമ്പോൾ വരാൻ ശ്രമിക്കുകയല്ല കൃത്യമായി വരണമെന്നാണ് അധ്യാപകൻ ആവശ്യപ്പെടുന്നത്. ഫോൺ കോൾ അവസാനിച്ചതിന് ശേഷം തന്നെ വീണ്ടും പീഡിപ്പിക്കാനാണ് പ്രൊഫസർ വിളിച്ചുവരുത്തുന്നതെന്ന് പെൺകുട്ടി ഓഡിയോയിൽ പറയുന്നുണ്ട്.

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി വിദ്യാർത്ഥിനി രണ്ട് ഓഡിയോ ക്ലിപ്പുകളാണ് സർവകലാശാല അധികൃതർക്ക് സമർപ്പിച്ചത്. ഇതിന് പിന്നാലെ ലക്നൗ സർവകലാശാല പരീക്ഷാ കൺട്രോളർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം അന്വേഷിക്കാൻ സർവകലാശാല പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. പരാതിക്ക് പിന്നാലെ പ്രൊഫസർ പരംജിത് സിംഗിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പ്രൊഫസർ നിഷേധിക്കുകയാണ് ചെയ്തത്. സർവകലാശാലയിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെ വ്യാജമായി കുടുക്കിയതാണെന്നാണ് ഇയാളുടെ വാദം.

അധ്യാപകന്റെ അതിക്രമത്തിനെതിരെ എ ബി വി പി പ്രവർത്തകർ സർവകലാശാല കാമ്പസിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പരീക്ഷാ സുതാര്യത തകർത്തതിനും ലൈംഗിക അതിക്രമം നടത്തിയതിനും പ്രൊഫസർക്കെതിരെ കർശനമായ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എ ബി വി പി ലക്നൗ സർവകലാശാല യൂണിറ്റ് പ്രസിഡന്റ് ജയ് ശ്രീവാസ്തവ ആവശ്യപ്പെട്ടു.

സർവകലാശാലയുടെ പ്രതിച്ഛായ തകർക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇരുപത്തിനാല് മണിക്കൂറിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർ ജെ പി സൈനി ആഭ്യന്തര പരാതി പരിഹാര സമിതിയോട് നിർദേശിച്ചിട്ടുണ്ട്. ഇതിന് മുൻപായി പ്രോക്ടർ ഓഫീസിൽ വെച്ച് പ്രതിയായ പ്രൊഫസറുടെയും വിദ്യാർത്ഥിനിയുടെയും മറ്റ് ചില വിദ്യാർത്ഥികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സർവകലാശാല ഉദ്യോഗസ്ഥൻ അറിയിച്ചു.

Content Highlights:

An assistant professor at Lucknow University, Paramjit Singh, has been taken into custody following the leak of objectionable audio clips where he allegedly harassed a female B.Sc student. The audio reveals the professor coercing the student to meet him under the pretext of providing leaked examination papers. While the university’s Internal Complaints Committee has been ordered to submit a report within 24 hours amid student protests, the accused professor claims he is being falsely implicated due to internal politics.

Latest