National
കേരളത്തിലെ തർക്കങ്ങളിൽ പരിഹാരമായി; ഇനി കോൺഗ്രസ് ഹൈക്കമാൻഡ് കർണാടകയിലേക്ക്
കാബിനറ്റ് പുനഃസംഘടനയ്ക്ക് സിദ്ധരാമയ്യ; മുഖ്യമന്ത്രി പദത്തിനായി സമ്മർദ്ദം ശക്തമാക്കി ഡി കെ ശിവകുമാർ
ബെംഗളൂരു | കേരളത്തിലെ പുതിയ മുഖ്യമന്ത്രി തിരഞ്ഞെടുപ്പും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ആഭ്യന്തര തർക്കങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് വിജയകരമായി പരിഹരിച്ചതിന് പിന്നാലെ, അയൽ സംസ്ഥാനമായ കർണാടകയിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. കുറച്ചുകാലമായി താൽക്കാലികമായി അടങ്ങിയിരുന്ന കർണാടക കോൺഗ്രസിലെ നേതൃത്വ തർക്കമാണ് ഇപ്പോൾ വീണ്ടും ഉയരന്നുവരുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ സംസ്ഥാന നേതൃ മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്നതിനെ തുടർന്ന് കനത്ത രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. അന്ന് കൃത്യമായ ഒരു പരിഹാരം കാണാതെ താൽക്കാലികമായി പ്രശ്നം ഒതുക്കിത്തീർക്കുകയാണ് ഹൈക്കമാൻഡ് ചെയ്തത്. എന്നാൽ കേരളത്തിലെ പ്രതിസന്ധികൾ ഒഴിഞ്ഞതോടെ ഹൈക്കമാൻഡിന്റെ ശ്രദ്ധ ഇനി കർണാടകയിലേക്കാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അധികാര വടംവലി വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണ് സൂചനകൾ.
നിലവിലെ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനും നിലവിലുള്ള ഒഴിവുകൾ നികത്താനുമാണ് സിദ്ധരാമയ്യ നിലവിൽ ശ്രമിക്കുന്നത്. എന്നാൽ ഈ ഘട്ടത്തിൽ മന്ത്രിസഭ പുനഃസംഘടന നടന്നാൽ അത് തന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ആഗ്രഹങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഡി കെ ശിവകുമാർ ഭയപ്പെടുന്നു. മന്ത്രിസഭയിൽ തനിക്ക് അനുകൂലമായി ഭൂരിപക്ഷം ഉറപ്പാക്കി ഭരണം കൂടുതൽ ശക്തമാക്കാനാണ് സിദ്ധരാമയ്യയുടെ നീക്കം.
അതേസമയം, മുൻപ് സർക്കാർ രൂപീകരണ സമയത്ത് ഹൈക്കമാൻഡ് നൽകിയ അധികാര പങ്കാളിത്ത കരാർ നടപ്പാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഡി കെ ശിവകുമാർ ക്യാമ്പ്. ഇതിനിടെ മന്ത്രിസ്ഥാനം മോഹിക്കുന്ന നിരവധി കോൺഗ്രസ് എം എൽ എ മാർ പാർട്ടി നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയതും ഹൈക്കമാൻഡിന് തലവേദനയാകുന്നുണ്ട്. വരും ദിവസങ്ങളിൽ കർണാടകയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
അതിനിടെ, കെ പി സി സി ഓഫീസിന് മുന്നിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഡി കെ ശിവകുമാറിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ രാഷ്ട്രീയ വടംവലിക്ക് കൂടുതൽ ആക്കം കൂട്ടിയിട്ടുണ്ട്. കർണാടകയുടെ അടുത്ത മുഖ്യമന്ത്രി എന്നാണ് പോസ്റ്ററുകളിൽ ഡി കെ ശിവകുമാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മൈസൂരുവിൽ അദ്ദേഹത്തിന്റെ അനുയായികൾ മുറിച്ച ജന്മദിന കേക്കിലും അടുത്ത മുഖ്യമന്ത്രി എന്ന വിശേഷണം ഉണ്ടായിരുന്നു.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി ബി എ) തിരഞ്ഞെടുപ്പും പ്രാദേശിക ബോഡി തിരഞ്ഞെടുപ്പുകളും കഴിയുന്നത് വരെ നേതൃത്വ മാറ്റ ചർച്ചകൾ നീട്ടിവെക്കാനും, മന്ത്രിസഭാ പുനഃസംഘടനയിലൂടെ സ്വന്തം സ്ഥാനം ഉറപ്പിക്കാനുമാണ് സിദ്ധരാമയ്യ താല്പര്യപ്പെടുന്നത്. എന്നാൽ തന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ വൻ വിജയത്തിന് അർഹമായ പ്രതിഫലം വേണമെന്നും, കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കൊണ്ട് മുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാണെന്നുമാണ് ശിവകുമാറിന്റെ നിലപാട്. തർക്കം നീട്ടിക്കൊണ്ടുപോകുന്നത് ഇനി എളുപ്പമാകില്ലെന്നിരിക്കെ ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് വഴിതുറക്കും.
Content Highlights:
The internal power struggle within the Karnataka Congress has resurfaced after the Congress high command settled the government formation in Kerala. Deputy Chief Minister DK Shivakumar’s camp is demanding the implementation of the alleged power-sharing agreement for the Chief Minister post, while Chief Minister Siddaramaiah is pushing for a cabinet reshuffle to consolidate his position. With birthday posters projection of Shivakumar as the “next CM” adding fuel to the fire, the Congress central leadership faces a tough challenge in maintaining government stability.







