Kerala
വടക്കാഞ്ചേരി കോഴ വിവാദം: ഒരു സിപിഐഎമ്മുകാരനും വിളിച്ചിട്ടില്ല; ഇ യു ജാഫര്‍
ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണം കിട്ടാന്‍ ആരെങ്കിലും 50 ലക്ഷം രൂപ വാഗ്ദാനം ചെയ്യുമോയെന്ന് ഇയു ജാഫര്‍ ചോദിച്ചു.
തൃശൂര്‍| വടക്കഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണത്തില്‍ വിശദീകരണവുമായി മുസ്ലീം ലീഗ് സ്വതന്ത്രനായ ഇയു ജാഫര്‍. ഒരു സിപിഐഎമ്മുകാരന്‍ പോലും തനിക്ക് പണം വാഗ്ദാനം ചെയ്ത് വിളിച്ചിട്ടില്ലെന്ന് ഇയു ജാഫര്‍ പറഞ്ഞു. ഒരു രൂപ പോലും താന്‍ ആരുടെ കൈയില്‍ നിന്നും വാങ്ങിയിട്ടുമില്ല. വരവൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ എ മുസ്തഫയുമായി നടത്തിയത് സൗഹൃദ സംഭാഷണം മാത്രമാണെന്നും ഇയു ജാഫര്‍ വ്യക്തമാക്കി.
ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണം കിട്ടാന്‍ ആരെങ്കിലും 50 ലക്ഷം രൂപ വാഗ്ദാനം ചെയ്യുമോയെന്ന് ഇയു ജാഫര്‍ ചോദിച്ചു. എല്ലാ യുഡിഎഫ് നേതാക്കളെയും വിളിച്ചിട്ട് തന്നെയാണ് വോട്ട് ചെയ്യാന്‍ കയറിയത്. വഞ്ചിക്കാന്‍ ശ്രമിച്ചിട്ടില്ല. സിപിഐഎമ്മിന് ഭരണം ലഭിക്കാനായിരുന്നെങ്കില്‍ വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കാമായിരുന്നു. വോട്ട് മാറിപ്പോയി. അത് അശ്രദ്ധമൂലം ഉണ്ടായതാണെന്ന് സമ്മതിക്കുന്നുവെന്നും ഇയു ജാഫര്‍ പറഞ്ഞു. ഇപ്പോഴത്തെ വിവാദത്തില്‍ വസ്തുതയില്ല. ഏതന്വേഷണത്തെ നേരിടാനും തയാറാണെന്നും അന്വേഷണം നടക്കട്ടെയെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ നിന്ന് വിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മെമ്പര്‍ സ്ഥാനം രാജിവെച്ചതെന്ന് ഇ യു ജാഫര്‍ പറഞ്ഞു. വിവാദത്തിന് പിന്നാലെ എവിടെയും പോയിട്ടില്ല. തൃശൂരില്‍ തന്നെയുണ്ടായിരുന്നു. ഒരു തരത്തിലും താന്‍ സിപിഐഎമ്മിന്റെ കൂടെ നില്‍ക്കില്ലെന്ന് അവര്‍ക്ക് നന്നായി അറിയാവുന്നതാണ്. എല്‍ഡിഎഫിനൊപ്പം നില്‍ക്കില്ലെന്നത് തന്റെ നയമാണ്. വോട്ട് ചെയ്തത് അറിയാതെ സംഭവിച്ചുപോയ തെറ്റാണെന്നും രാജിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇയു ജാഫര്‍ പറഞ്ഞു.



