Connect with us

Kerala

വടക്കാഞ്ചേരി വോട്ടുകോഴ: ആരെയെങ്കിലും ചാക്കിട്ടു പിടിച്ച് ഭരണം കൈക്കലാക്കാന്‍ ഒരു ത്വരയും സിപിഎമ്മിനില്ല; എംവി ഗോവിന്ദന്‍

ആരോപണത്തില്‍ വിജിലന്‍സ് പരിശോധന നടക്കട്ടെ. സിപിഎമ്മിന് ഒന്നും മറച്ചു വെക്കാനില്ല.

Published

|

Last Updated

തിരുവനന്തപുരം| വടക്കാഞ്ചേരി വോട്ടുകോഴ ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി പാര്‍ട്ടി അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ആരോപണത്തില്‍ വിജിലന്‍സ് പരിശോധന നടക്കട്ടെ. ആയാറാം ഗയാറാം സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി അവസരവാദ നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാട് പാര്‍ട്ടി എടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റിയിലോ, പഞ്ചായത്തിലോ, ബ്ലോക്ക് പഞ്ചായത്തിലോ ആരെയെങ്കിലും ചാക്കിട്ടു പിടിച്ച് ഭരണം കൈക്കലാക്കേണ്ട ഒരു തരത്തിലുള്ള ത്വരയും സിപിഎമ്മിനില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ പാര്‍ട്ടി പരിശോധിക്കും. ഉചിതമായ നിലപാട് സ്വീകരിക്കും. ഞങ്ങള്‍ക്ക് 50 ലക്ഷം രൂപ കൊടുത്തിട്ട് ആളെ പിടിക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് എല്ലാവര്‍ക്കും അറിയില്ലേ. സിപിഎമ്മിന് ഒന്നും മറച്ചു വെക്കാനില്ല. ഒരു കുതിരക്കച്ചവടത്തിനില്ലെന്ന് മുമ്പേ പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വടക്കാഞ്ചേരി വോട്ടുകോഴയുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വിജിലന്‍സ്. അനില്‍ അക്കരയുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. കൂറുമാറിയ ജാഫര്‍ നിലവില്‍ ഒളിവിലാണ്. എവിടേക്കാണ് പോയതെന്ന് അറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. കൂറുമാറി വോട്ടു ചെയ്യാന്‍ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്‌തെന്ന ശബ്ദരേഖയാണ് പുറത്തു വന്നത്.

 

 

---- facebook comment plugin here -----

Latest