Connect with us

Articles

സഹജീവികൾ കൂടി ചേർന്നതാണ് നമ്മൾ

മനുഷ്യൻ ഒറ്റപ്പെട്ട സൃഷ്ടിയല്ല- നമ്മൾ ആശ്രയിക്കുന്ന, നമ്മെ ആശ്രയിക്കുന്ന സഹജീവികളുടെ, പരിസ്ഥിതിയുടെ കൂട്ടായ്മയിൽ ഒരുമിച്ച് ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവരാണ്.

Published

|

Last Updated

“ഒരഞ്ഞൂറ് കൊല്ലത്തിനകത്ത് പക്ഷികളെയും മ്യഗങ്ങളെയും മനുഷ്യൻ കൊന്നൊടുക്കും. മരങ്ങളും ചെടികളും നശിപ്പിക്കും. മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും’

“കാലത്തിന്റെ അന്തമില്ലാത്ത പോക്കാൽ ഒരുനാൾ സൂര്യൻ എന്നെന്നേക്കുമായി അണഞ്ഞുപോകും. അതിനു മുമ്പ് ഭൂഗോളം മരിച്ചിട്ടുണ്ടാകും. ചരാചരങ്ങൾ അഖിലവും നശിച്ചിരിക്കും. ഗോളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തകർന്നിട്ടുണ്ടാകും, പൊടിയായി… പണ്ടത്തെ കോസ്മിക് ഡസ്റ്റ് പിന്നെ അനന്തമായ ഇരുൾ’- വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയാണ്. “ഭൂമിയുടെ അവകാശികളി’ലൂടെ പോയതാണ്.

മനുഷ്യൻ ഒറ്റപ്പെട്ട സൃഷ്ടിയല്ല- നമ്മൾ ആശ്രയിക്കുന്ന, നമ്മെ ആശ്രയിക്കുന്ന സഹജീവികളുടെ, പരിസ്ഥിതിയുടെ കൂട്ടായ്മയിൽ ഒരുമിച്ച് ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവരാണ്. ഒരാളുടെ സന്തോഷം മറ്റൊരാളിൽ പ്രതിഫലിക്കുന്നു. ഒരാളുടെ ദുഃഖം മറ്റൊന്നിൽ പ്രതികരണമാകുന്നു. അതിനാൽ സഹജീവിതം വെറും സഹവാസമല്ല, സഹാനുഭൂതിയും പങ്കുവെക്കലുമാണ്. സഹജീവിതത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനവും കരുണയുമാണ്. മറ്റൊന്നിന്റെ അവകാശങ്ങളെ മാനിക്കുകയും അവയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും ചെയ്യുമ്പോൾ സമൂഹികബോധം വളരുന്നു. സ്വാർഥതയേക്കാൾ സഹകരണത്തിന് മുൻതൂക്കം ലഭിക്കുമ്പോൾ ബന്ധങ്ങൾ ദൃഢമാകുന്നു. ഒരാൾ വീഴുമ്പോൾ കൈത്താങ്ങാകാനും വിജയിക്കുമ്പോൾ അഭിനന്ദിക്കാനും കഴിയുന്നു.

ദാഹിക്കുന്ന ജീവിക്കു കൂടിയുള്ളതാണ് എന്റെ കിണറിലെ വെള്ളമെന്ന് തോന്നുന്നതിലും നോമ്പുകാലത്തെ ദാഹവും വിശപ്പും സഹജിവികൾക്കു കൂടിയുണ്ടാകുമെന്ന തിരിച്ചറിവിലും യഥാർഥ മനുഷ്യത്വം തെളിയുന്നു. മരങ്ങൾ, ജലസ്രോതസ്സുകൾ, മൃഗങ്ങൾ ഇവയെ സംരക്ഷിക്കുന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുമ്പോൾ വരുംതലമുറക്കുള്ള കരുതലും പ്രകടിപ്പിക്കുന്നു. പ്രകൃതിയിലെ കോടിക്കണക്കായ സൃഷ്ടികളിൽ ഏറ്റവും ഉത്തരവാദിത്വമുള്ളവനെന്ന അർഥത്തിൽ മനുഷ്യനാണ് കൂടുതൽ ജാഗ്രത പുലർത്തേണ്ടത്.

സ്വാർഥതയകറ്റി സാമൂഹികമായ മനസ്സ് രൂപപ്പെടുത്തുന്നതാകണം ഇടപെടലുകൾ. നമ്മൾ നഷ്ടപ്പെടുത്തുന്ന, നശിപ്പിക്കുന്ന ഓരോ വിഭവവും നമ്മെതന്നെ ഇല്ലാതാക്കുന്നു. ഖുർആൻ രണ്ടാം അധ്യായം വചനം 193ൽ “നിങ്ങൾ സ്വയം നാശങ്ങളിലേക്ക് ചെന്നുചാടരുത്’ എന്ന് താക്കീത് നൽകുന്നുണ്ട്. മനുഷ്യനാകുന്ന നമ്മൾ എന്നതിൽ നിന്ന് പരിസരങ്ങൾ കൂടി ചേർന്ന വിശാലമായ നമ്മളായാൽ വരുംതലമുറക്ക് വല്ലതും ബാക്കിയാകും.

 

---- facebook comment plugin here -----

Latest