National
ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി മാറിനില്‍ക്കണമെന്ന് തുറന്നടിച്ച് മണിശങ്കര്‍ അയ്യര്‍
കേരളത്തില്‍ പിണറായി സര്‍ക്കാര്‍ തുടരുമെന്ന് അയ്യര്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു
ന്യൂഡല്‍ഹി | ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി മാറിനില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ആവശ്യപ്പെട്ടു. ഇന്ത്യ സഖ്യത്തിന്റെ നിലനില്‍പ്പിന് മമത ബാനര്‍ജി അനിവാര്യമാണെന്നും അവരാണ് സഖ്യത്തിന്റെ മുഖമാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മമത, സ്റ്റാലിന്‍ തുടങ്ങിയ പ്രാദേശിക നേതാക്കള്‍ ഇന്ത്യ സഖ്യത്തിന് ഗുണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമത ബാനര്‍ജി ഇല്ലാത്ത ഇന്ത്യ സഖ്യത്തിന് പ്രസക്തിയില്ലെന്നും പ്രാദേശിക പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഗുണം ചെയ്യുമെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ തുടരുമെന്ന് അയ്യര്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെതിരെ എ ഐ സി സി നേതാക്കളടക്കം രംഗത്തുവന്നെങ്കിലും പിന്നോട്ടില്ല എന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം നല്‍കിയത്.
പിണറായി വിജയന്‍ അടുത്ത തവണയും കേരളാ മുഖ്യമന്ത്രിയാകുമെന്ന് മുന്‍ കേന്ദ്രമന്ത്രിയായ മണി ശങ്കര്‍ അയ്യര്‍ പറഞ്ഞത് ഇക്കഴിഞ്ഞ 15 നായിരുന്നു. വിഷന്‍ 2031 അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് മണിശങ്കര്‍ അയ്യര്‍ ഇക്കാര്യം പറഞ്ഞത്. ഗാന്ധിജി സ്വപ്‌നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധിയുടെ സ്വപ്‌നം കേരളം സാക്ഷാത്കരിച്ചു. കേരള സര്‍ക്കാര്‍ വികേന്ദ്രീകൃത ഭരണത്തിന് ഊന്നല്‍ നല്‍കുന്നു.പഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാര്‍ ഭരണം നടത്തുന്നു.പഞ്ചായത്ത് രാജ് ആക്ട് കേരളം ഏറ്റവും ഫലപ്രദമായി നടപ്പാക്കി.
കേരളം ഏറ്റവും മികച്ച സംസ്ഥാനമാണ്. നല്ല നിലയിലാണ് കേരളത്തിന്റെ പ്രകടനമെന്നും അയ്യര്‍ അഭിപ്രായപ്പെട്ടിരുന്നു. മുതിര്‍ന്ന നേതാവിനെ അലവലാതി എന്നതടക്കം അധിക്ഷേപിക്കാനാണ് കെ പി സി സി വക്താവ് അടക്കമുള്ള നേതാക്കള്‍ തയ്യാറായിരുന്നത്. എന്നാല്‍ നരേന്ദ്രമോദിയെ ഇടക്കിടെ പുകഴ്ത്തുന്ന ശശി തരൂരിനെതിരെ ഇത്തരം അധിക്ഷേപനങ്ങള്‍ ചൊരിയാത്ത കേരള നേതാക്കളുടെ നടപടി ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.


