Connect with us

bihar election 2025

ബീഹാർ: ആദ്യ ഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ്; അവസാന കണക്കുകള്‍ ലഭിക്കുമ്പോള്‍ 64.46 ശതമാനം

ലഖിസറായിയിൽ  ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പേറ്.

Published

|

Last Updated

പട്‌ന| ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ അവസാന കണക്കുകള്‍ ലഭിക്കുമ്പോള്‍ 64.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് തുടങ്ങിയ പോളിംഗ് വൈകീട്ട് ആറിന് അവസാനിച്ചു. ആറ് മണി വരെ ക്യൂവിലുണ്ടായിരുന്നവര്‍ക്കെല്ലാം വോട്ട് ചെയ്യാന്‍ അവസരം നല്‍കി.

മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായ്, എല്‍ ജെ പി നേതാവ് ചിരാഗ് പാസ്വാന്‍, വിഐപി നേതാവ് മുകേഷ് സഹാനി തുടങ്ങിയ പ്രമുഖര്‍ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തി.

ഒറ്റപ്പെട്ടവ മാറ്റിനിര്‍ത്തിയാല്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.ലഖിസറായിയില്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പേറുണ്ടായി.പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തി ‘വിജയ് സിന്‍ഹ മൂര്‍ദാബാദ്’ എന്ന് മുദ്രാവാക്യം വിളിക്കുന്നത് വീഡിയോകളില്‍ കാണാം. ആര്‍ ജെ ഡി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് വിജയ്കുമാര്‍ സിന്‍ഹ ആരോപിച്ചു.

സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബീഹാര്‍ ഡി ജി പിയോട് ആവശ്യപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

അതിനിടെ,തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ചില പോളിംഗ് സ്റ്റേഷനുകളില്‍ മനഃപൂര്‍വ്വം വൈദ്യുതി വിച്ഛേദിച്ചുവെന്ന് ആരോപിച്ച് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) രംഗത്ത് വന്നു. എന്നാല്‍ ആരോപണങ്ങള്‍ ബിഹാര്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തള്ളി. അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ആരോപണമെന്ന് അദ്ദേഹം പറഞ്ഞു.

പട്‌ന, വൈശാലി, നളന്ദ, ഭോജ്പൂര്‍, മുന്‍ഗര്‍, സരണ്‍, സിവാന്‍, ബെഗുസാരായി, ലഖിസരായി, ഗോപാല്‍ഗഞ്ച്, മുസാഫര്‍പൂര്‍, ദര്‍ഭംഗ, മധേപുര, സഹര്‍സ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

 

Latest