Kerala
എസ് ഐ ആര്‍ നടപടിക്രമങ്ങളില്‍ വീഴ്ച; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം
വീഴ്ചകള്‍ പരിഹരിക്കണമെന്നും എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്നും ചീഫ് സെക്രട്ടറി മുഖാന്തരമുള്ള കത്തില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം | എസ് ഐ ആറില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളിലുണ്ടായ ഗുരുതരമായ താളപ്പിഴകള്‍ പരിഹരിക്കണമെന്നും എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് കത്തയച്ചത്.
എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കാനുള്ള സമയം ഈ മാസം 18ന് അവസാനിച്ചതോടെ സ്ഥലത്തില്ലാത്തവര്‍, മരിച്ചവര്‍, താമസം മാറിയവര്‍ എന്നീ വിഭാഗങ്ങളിലായി ഏകദേശം 25 ലക്ഷത്തോളം വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നത്. ചില ബൂത്തുകളില്‍ വിവരം ശേഖരിക്കാന്‍ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം അസാധാരണമായി ഉയര്‍ന്നുവെന്നും ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
വിതരണം ചെയ്യാത്ത ഫോമുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല, 2025ലെ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഫോം ലഭിച്ചിട്ടില്ല, 2002-ല്‍ 18 വയസ്സിന് താഴെയായിരുന്നവരും പിന്നീട് വോട്ടവകാശത്തിന് അര്‍ഹരായവരുമായ വ്യക്തികളെ അവരുടെ ബന്ധുക്കളുമായി (നിലവിലുള്ള വോട്ടര്‍മാര്‍) ബന്ധിപ്പിക്കുന്ന ‘മാപ്പിങ്’ പ്രക്രിയ പൂര്‍ണമായിട്ടില്ല തുടങ്ങിയവയും കത്തില്‍ പരാമര്‍ശിക്കുന്നു. 2025-ലെ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ (എസ് എസ് ആര്‍) പ്രകാരം കേരളത്തില്‍ 2.78 കോടി വോട്ടര്‍മാരുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും ഫോമുകള്‍ വിതരണം ചെയ്യുന്നതില്‍ വലിയ വീഴ്ച സംഭവിച്ചതായി കത്തില്‍ പറഞ്ഞിട്ടുണ്ട്.
ബി എല്‍ ഒമാര്‍ വഴി എല്ലാ വോട്ടര്‍മാര്‍ക്കും ഫോമുകള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. വിതരണം ചെയ്യാന്‍ കഴിയാത്ത ഫോമുകളുടെ വിശദാംശങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിക്കുകയോ രാഷ്ട്രീയ കക്ഷികള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ കക്ഷികള്‍ക്കും ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്കും വിവരങ്ങള്‍ പരിശോധിച്ച് കൃത്യമായ തിരുത്തലുകള്‍ വരുത്തുന്നതിനായി, ഈ പട്ടിക ബൂത്ത്, നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.



