Connect with us

From the print

ആദ്യലാപ്പില്‍ മുന്നിലെത്തി എല്‍ ഡി എഫ്

സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കാഹളം മുഴങ്ങിയതോടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ ആദ്യലാപ്പില്‍ മുന്നിലെത്തി എല്‍ ഡി എഫ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പത്രസമ്മേളനം അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ സി പി എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാര്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ മുന്നില്‍ വെച്ച് അങ്കത്തിനൊരുക്കമാണെന്ന് പ്രഖ്യാപിച്ചിരിന്നു.

25 സീറ്റുകളില്‍ മത്സരിക്കുന്ന സി പി ഐ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചപ്പോള്‍ സി പി എം 86ല്‍ അഞ്ച് മണ്ഡലങ്ങളിലൊഴികെ 81 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ തന്നെ മുഴുവന്‍ സി #ിപ എം സ്ഥാനാര്‍ഥികളും പ്രവര്‍ത്തകും അതത് മണ്ഡലങ്ങളില്‍ റോഡ്‌ഷോകള്‍ ആരംഭിച്ചിരുന്നു.

അതേസമയം പ്രധാന പ്രതിപക്ഷമായ യു ഡി എഫിലെ ഘടകകക്ഷികള്‍ ഇതുവരെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയിട്ടില്ല. കോണ്‍ഗ്രസിന്റെ 31 പേരടങ്ങുന്ന ആദ്യ പട്ടിക ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചേക്കും. മുസ്‌ലിംലീഗ് തങ്ങളുടെ സ്ഥആനാര്‍ഥികള നാളെ പ്രഖ്യാപിക്കുമെന്നാണറിയുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ചുവരെഴുത്തുകളും കൊടിതോരണങ്ങളും കേരളത്തിന്റെ തെരുവുകളെ ആവേശത്തിലേക്ക് നയിക്കും. ഓരോ വോട്ടും നിര്‍ണായകമാകുന്ന 140 മണ്ഡലങ്ങളിലും മധ്യവേനലിനെ മറികടക്കുന്ന പോരാട്ട വീര്യം പ്രകടമാകുമെന്ന് ഉറപ്പാണ്. മെയ് നാലിന് വോട്ടെണ്ണുമ്പോള്‍ കേരളം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. സ്ഥാനാര്‍ഥി പട്ടികയിലെ മന്ത്രിപ്പടയും പുതുമുഖങ്ങളും യുവാക്കളും ഉള്‍പ്പെടുന്ന വലിയ നിര വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സജ്ജമായിക്കഴിഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. കെ ഫോണ്‍, ഗെയില്‍ പൈപ്പ്‌ലൈന്‍, ദേശീയപാത വികസനം, വയനാട് ടൗണ്‍ഷിപ്പ്, തീരദേശ, മലയോര പാതകള്‍, വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ വികസന വിപ്ലവം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി ‘നവകേരളം’ എന്ന ആശയത്തിനാണ് ഇടതുപക്ഷം ഊന്നല്‍ നല്‍കുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷനുകളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിച്ചതും വോട്ടാകുമെന്ന് എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നു. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെയുള്ള പോരാട്ടവും മതനിരപേക്ഷ നിലപാടുകളും മുന്‍നിര്‍ത്തിയാണ് പ്രചാരണം.

എന്നാല്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന കേരളത്തിലെ പഴയ രീതി തിരികെ വരുമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം. സര്‍ക്കാരിനെതിരെ തങ്ങള്‍ള്‍ ഉയര്‍ത്തിയ ആരോപണങ്ങളും അന്വേഷണങ്ങളും മുഖ്യ പ്രചാരണ ആയുധമാക്കി പ്രചാരണം കൊഴിപ്പിക്കാനാണ് പ്രപതിപക്ഷം ആലോചിക്കുന്നത്. ഒപ്പം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയും ശബരിമല സ്വര്‍ണക്കേസ് ഉള്‍പ്പെടെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ യു ഡി എഫ് ശ്രമിക്കും. തൊഴിലില്ലായ്മയും പി എസ് സി നിയമനങ്ങളിലെ പരാതികളും മുന്‍നിര്‍ത്തി യുവാക്കളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടത്തും.

അതേസമയം മൂന്നാം മുന്നണിയായി എന്‍ ഡി എ കൂടി ശക്തമായ സാന്നിധ്യമറിയിക്കുന്നതോടെ മത്സരത്തിന് ത്രികോണ സ്വഭാവം കൈവരും എന്നത് ഈ തിരഞ്ഞെടുപ്പിനെ കൂടുതല്‍ പ്രവചനാതീതമാക്കുന്നു. ഇതിനിടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിന് ചെറുതല്ലാത്ത തലവേദ സൃഷ്ടിച്ചിട്ടുണ്ട്. കണ്ണൂരില്‍ കെ സുധാകരന്‍രെ നിലപാടുപരിഹരിക്കുന്നത് കോണ്‍ഗ്രസിന് ഏറെ ശ്രമകരമാകും. കെ സുധാകരന് സീറ്റ് നല്‍കിയാല്‍ മത്സരിക്കാന്‍ താത്പര്യമുള്ള മറ്റ് എം പിമാരും അവകാശവാദവുമായി രംഗത്തെത്തുമെന്നതാണ് സംസ്ഥാന നേതൃത്വത്തെ കുഴപ്പിക്കുന്നത്. എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉറച്ചുനില്‍ക്കുകയാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest