Kerala
എ പത്മകുമാറിനെ എല്‍ ഡി എഫ് പദവിയില്‍ നിന്ന് നീക്കി; പാര്‍ട്ടി നടപടി ഇന്ന് ഉണ്ടായേക്കും
പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത
പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ ആറന്മുള എല്‍ ഡി എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി പദവിയില്‍ നിന്ന് നീക്കി. സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂര്‍ ശങ്കരനാണ് പകരം ചുമതല.
കേസില്‍ പ്രതിയായ സാഹചര്യത്തില്‍ പത്മകുമാറിനെതിരായ പാര്‍ട്ടി അച്ചടക്ക നടപടിയില്‍ ഇന്നു തീരുമാനം ഉണ്ടായേക്കും. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ശേഷം തീരുമാനം പ്രഖ്യാപിക്കും. ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് നടപടി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ സംഭവത്തില്‍ എ പത്മകുമാര്‍ സി പി എമ്മിന് വിശദീകരണം നല്‍കിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും സംഭവം പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ ഖേദമുണ്ടെന്നും അദ്ദേഹം വിശദീകരണം നല്‍കിയെന്നാണ് വിവരം. തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. ദൂതന്‍ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്. സ്വര്‍ണ്ണകൊള്ളയില്‍ ജയിലില്‍ പോയപ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പത്മകുമാറിനെതിരെ എന്തുകൊണ്ട് അച്ചടക്ക നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചിരുന്നു. മറ്റു നേതാക്കളുടെ പേര് പത്മകുമാര്‍ വെളിപ്പെടുത്തുമെന്ന ഭയത്താലാണ് നടപടി എടുക്കാത്തത് എന്നായിരുന്നു പ്രതിപക്ഷ ആരോപണം.



