Kerala
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളം പിടിച്ച് സി പി എം; കെ സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ചു
തീരുമാനങ്ങള്‍ നീണ്ടുപോകുന്നത് എല്‍ ഡി എഫിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഭൂരിഭാഗം നേതാക്കളും കരുതുന്നു
കണ്ണൂര്‍ | തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി പി എം കളം പിടിച്ചതോടെ കോണ്‍ഗ്രസ് ക്യാമ്പ് നീക്കങ്ങള്‍ ശക്തമാക്കി. വി ഡി സതീശന്റെ ജാഥക്കു ശേഷം നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്‍കൈ നേടാനുള്ള യു ഡി എഫ് ശ്രമം കണ്ണൂരില്‍ കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ സൃഷ്ടിച്ച അലോസരത്തെ തുടര്‍ന്ന് താളം തെറ്റുകയായിരുന്നു.
കണ്ണൂരില്‍ മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന കെ സുധാകരന്‍ ചൊവ്വാഴ്ച ഡല്‍ഹിലേക്കുപോകും. ഹൈക്കമാന്‍ഡ് വിളിപ്പിച്ച സുധാകരനുമായി ഡല്‍ഹിയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും. രമേശ് ചെന്നിത്തല വീണ്ടും കെ സുധാകരനുമായി സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കണ്ണൂരിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി തീരുമാനിക്കുമെന്ന ഒഴുക്കന്‍ മറുപടിയാണ് കെ സുധാകരന്‍ നല്‍കിയത്. സുധാകരന്‍ ഡല്‍ഹിയില്‍ എത്തിയാല്‍ ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
കെ സുധാകരന് സീറ്റ് നല്‍കിയാല്‍ മത്സരിക്കാന്‍ താല്‍പര്യമുള്ള മറ്റ് എംപിമാരും അവകാശവാദവുമായി രംഗത്തെത്തും എന്നതാണ് സംസ്ഥാന നേതൃത്വത്തെ കുഴപ്പിക്കുന്നത്. എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉറച്ചുനില്‍ക്കുകയാണ്. സുധാകനുമാത്രം ഇളവു നല്‍കി പ്രശ്‌നത്തിനു പരിഹാരം കാണുകയെന്ന നിര്‍ദ്ദേശം ചില നേതാക്കള്‍ക്കുണ്ട്. ഈ തര്‍ക്കത്തില്‍ സംസ്ഥാനനേതൃത്വത്തിലും അതൃപ്തി പുകയുകയാണ്. തീരുമാനങ്ങള്‍ നീണ്ടുപോകുന്നത് എല്‍ ഡി എഫിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഭൂരിഭാഗം നേതാക്കളും കരുതുന്നു.
അനിശ്ചിതത്വം നീളുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് സാധാരണ പ്രവര്‍ത്തകര്‍. ഹൈക്കമാന്‍ഡ് വഴങ്ങുമോ അതോ സുധാകരന്‍ പിന്മാറുമോ എന്നാണ് ഡല്‍ഹിയില്‍ നിന്ന് അറിയാനുള്ളത്. വിസ്മയം സൃഷ്ടിച്ച് നേതൃത്വത്തെ വെല്ലുവിളിച്ച് കെ സുധാകരന്‍ മത്സര രംഗത്തു വരികയാണെങ്കില്‍ സുധാകരനു പിന്തുണ നല്‍കുന്ന കാര്യത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങളിലും ആലോചനകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.



