Connect with us

Ongoing News

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ : 13 ഉന്നതി കുടുംബങ്ങള്‍ക്ക് കൂടി വയനാട് ടൗണ്‍ഷിപ്പ് പദ്ധതി മാതൃകയില്‍ വീട്

വലിയങ്ങാടി അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ഏഴുലക്ഷം വീതം ധനസഹായം

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു മുമ്പെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ട് മന്ത്രിസഭ. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് കൂടി വയനാട് ടൗണ്‍ഷിപ്പ് പദ്ധതി മാതൃകയില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു.

ഇതിനായി കിഫ്കോണിനെ എംപ്ലോയേഴ്സ് റെപ്രസെന്ററ്റീവായും ഊരാളുങ്കല്‍ സൊസൈറ്റിയെ ഇ പി സി കോണ്‍ട്രാക്ടറായും നിയമിക്കുന്നതിനും മന്ത്രിസഭയോഗം അനുമതി നല്‍കി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താള റണ്‍വേ വികസനത്തിനായി കണ്ണൂര്‍ ജില്ലയിലെ തലശേരി താലൂക്കിലെ കീഴല്ലൂര്‍ വില്ലേജിലെ 245.32 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയുടെ പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കാനും തീരുമാനിച്ചു.

തസ്തികകള്‍ സൃഷ്ടിച്ചു
2025-26 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ സ്ഥിര, താത്കാലിക തസ്തികകള്‍ ഉള്‍പ്പെടെ 144 അധ്യാപക അനധ്യാപക തസ്തികകളും അക്കാദമിക് വിഭാഗത്തില്‍ അഞ്ച് ഡെപ്യൂട്ടേഷന്‍ തസ്തികളും സൃഷ്ടിക്കും. മറ്റുതീരുമാനങ്ങള്‍: ധര്‍മടം മണ്ഡലത്തിലെ നവകേരള മിനി ഓഡിറ്റോറിയത്തിന്റെ എസ് പി വിയായി കെ എസ് ഐ ടി ഐ എല്ലിനെ ചുമതലപ്പെടുത്തി.

കേരളത്തിലെ സര്‍ക്കാര്‍ ഐടി പാര്‍ക്ക് പുറത്തുള്ള ഐടി ആന്‍ഡ് ഡിജിറ്റല്‍ ടെക്നോളജി കമ്പനികള്‍ക്ക് ഐടി പാര്‍ക്ക്, കോ വര്‍ക്കിംഗ് സ്പെയ്സുകള്‍ക്ക് കേരള സര്‍ക്കാര്‍ ഐ ടി പാര്‍ക്കുമായി സഹകരിക്കാനും കേരള ഐ ടി ബ്രാന്‍ഡിന് ഒപ്പം വളര്‍ച്ചയില്‍ മികവു പുലര്‍ത്താന്‍ സാധ്യമാക്കുന്ന പദ്ധതിയായ അഫിലിയേറ്റ് പ്രോഗ്രാമിന് അംഗീകാരം നല്‍കി.

കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സാധിക്കുന്നതിനായി ചേവായൂരില്‍ ഡെര്‍മറ്റോളജി ആശുപത്രിയുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണത്തിനായി സമര്‍പ്പിച്ച 34,91,17,743 രൂപയുടെ എസ്റ്റിമേറ്റിന് പുതുക്കിയ ഭരണാനുമതി നല്‍കുകയും ആകെ പ്രവര്‍ത്തികളുടെ ഭരണാനുമതി 651.45 കോടി രൂപയായി പുതുക്കിക്കൊണ്ടും 2025 ജൂണ്‍ 10ലെ ലെ ഉത്തരവ് ഭേദഗതി ചെയ്തു. കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍ സൃഷ്ടിക്കും മെഡിക്കല്‍ ഓഫീസര്‍, നേഴ്സിംഗ് ഓഫീസര്‍, ലാബ് ടെക്നീഷ്യന്‍ ഗ്രേഡ്-2 ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 തുടങ്ങിയ തസ്തികളാണ് സൃഷ്ടിക്കുന്നത്. കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ക്രിയാശരീര വകുപ്പില്‍ ഒരു പ്രൊഫസര്‍ തസ്തികയും ഒരു അസി. പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കും. വര്‍ക്കലയില്‍ ഒരു അഡീഷനല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി.

വലിയങ്ങാടി അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ഏഴുലക്ഷം വീതം ധനസഹായം
വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഏഴ് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും. അത്തോളി സ്വദേശി വി ബഷീര്‍ , അഷറഫ്, കിണാശേരി സ്വദേശി വി വി ജബ്ബാര്‍ , തിരുവങ്ങൂര്‍ സ്വദേശി വിനോദ് കെ എന്നിവരുടെ ആശ്രിതര്‍ക്കാണ് ധനസഹായം നല്‍കുന്നത്. കൂടാതെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ കെ പി ജലീല്‍ എന്ന ആളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മലപ്പുറം ഏറനാട് സ്വദേശി ഡാനിഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കും. തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയില്‍ മണല്‍ മൂടിയത് കാരണം മത്സ്യബന്ധത്തിന് പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടത്തിന് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നിരക്ക് പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കും. 2433 മത്സ്യത്തൊഴിലാളികള്‍ക്ക് 91 ദിവസത്തെ തൊഴില്‍ നഷ്ടത്തിനാണ് നഷ്ടപരിഹാരം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നേരത്തെ അനുവദിച്ച തുകയില്‍ ഫിഷറീസ് ഡയറക്ടറുടെ ടി എസ്സ് ബി അക്കൗണ്ടില്‍ ശേഷിക്കുന്ന 6.6497 കോടി രൂപ കൂടാതെ 1,29,86,677 കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നഷ്ടപരിഹാരം നല്‍കുന്നതിനായി അനുവദിക്കും.

കാസര്‍കോട് ജില്ലയിലെ ബേഡടുക്ക വില്ലേജില്‍ സര്‍വേ നമ്പര്‍ 269/14 പാര്‍ട്ടില്‍പ്പെട്ട ആറ് സെന്റ് ഭൂമി സെറിബ്രല്‍പാള്‍സി മൂലം 60 ശതമാനം അംഗപരിമിതനായ രതീഷിന് വീട് നിര്‍മ്മിക്കുന്നതിനായി മാനുഷികപരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ച് രതീഷിന്റെയും മാതാവ് കൗസല്യയുടെയും പേരില്‍ പതിച്ച് നല്‍കാന്‍ തീരുമാനിച്ചു. സെന്റര്‍ യൂണിവേഴ്സിറ്റി ഓഫ് കേരളക്ക് തിരുവനന്തപുരത്ത് ക്യാമ്പസ് നിര്‍മ്മാണത്തിനായി 2.83 ഹെക്ടര്‍ ഭൂമി, ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കും. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണം വില്ലേജില്‍ ഒരു ആറിന് ഒരു രൂപ പാട്ട നിരക്കിലാണ് സ്ഥലം അനുവദിക്കുന്നത്.

ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴയില്‍ 50 ശതമാനം ഇളവ് അനുവദിച്ച് സര്‍ക്കാര്‍
ഗതാഗത നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 2024 ഡിസംബര്‍ 31 വരെ സംഭവിച്ച മുഴുവന്‍ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കും ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ ആംനസ്റ്റി പദ്ധതി നടപ്പാക്കും. ഗതാഗത കമ്മീഷണറുടെ ശിപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ ചെലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്.

ഇ ചെലാന്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഇ ചെലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്നായിരുന്നു ഗതാഗത കമ്മീഷണറുടെ ശിപാര്‍ശ. നിയമന ലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴ ഈ വര്‍ഷം ഏപ്രില്‍ 30 ന് മുമ്പ് അടച്ച് തീര്‍ക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.

സ്‌കൂളുകളില്‍ 1857 അധ്യാപക തസ്തികകള്‍
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 1857 അധ്യാപക അധിക തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2025 -26 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചു കൊണ്ടാണ് തീരുമാനം. ഇതനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 655 അധിക തസ്തികകളും എയ്ഡഡ് സ്‌കൂളുകളില്‍ 1202 അധിക തസ്തികളുമാണ് സൃഷ്ടിക്കുന്നത്. തസ്തികകള്‍ക്ക് 2025 ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം അനുവദിക്കും.

153.37 കോടിയുടെ കരാറിന് അംഗീകാരം; ജല്‍ജീവന്‍ പദ്ധതിക്കായി 4000 കോടി നബാര്‍ഡ് വായ്പ ലഭ്യമാക്കും
ജല്‍ ജീവന്‍ പദ്ധതിയുടെ സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിനായി എന്‍ ഐ ഡി എപദ്ധതി പ്രകാരം നബാര്‍ഡില്‍ നിന്ന് 4000 കോടി രൂപ വായ്പ എടുക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍ അംഗീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

പദ്ധതിയുടെ സംസ്ഥാന വിഹിതം കണ്ടെത്തുന്നതിനായി മുമ്പ് അനുവദിച്ച 9000 കോടി രൂപയുടെ ഭാഗമായി പദ്ധതിയുടെ കീഴില്‍ നബാര്‍ഡില്‍ നിന്ന് ബാക്കി തുകയായ 4000 കോടി രൂപ കൂടി വായ്പ എടുക്കുന്നതിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും. ധനകാര്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും വിധേയമായിട്ടായിരിക്കും കേരള വാട്ടര്‍ അതോറിറ്റി നബാര്‍ഡില്‍ നിന്നും വായ്പ എടുക്കുന്നത്
ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് മുമ്പ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയ പദ്ധതികളില്‍ കരാര്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനും ഇതിനുള്ള തുക കേന്ദ്രം ലഭ്യമാകാത്ത പക്ഷം സംസ്ഥാന ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു .നിലവില്‍ 10 പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി ലെറ്റര്‍ ഓഫ് ആക്സെപ്റ്റന്‍സ് നല്‍കാന്‍ സജ്ജമായ അവസ്ഥയിലാണ്. കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ 153.37 കോടി രൂപയുടെ കരാറുകള്‍ക്കും അനുമതി നല്‍കി. നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കേന്ദ്ര വിഹിതം ഉറപ്പില്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തുക നല്‍കാത്ത പക്ഷം സംസ്ഥാന ഫണ്ടില്‍ നിന്നും വഹിക്കാമെന്ന് എന്ന ഉറപ്പിന്മേലാണ് കരാറുകള്‍ ഒപ്പിടാന്‍ അനുമതി നല്‍കുന്നത്.

എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം-ചെങ്ങമനാട്-നെടുമ്പാശ്ശേരി -പാറക്കടവ് പഞ്ചായത്ത്, വെങ്ങോല-രായമംഗലം-കരിപീലിപ്പാടി പഞ്ചായത്ത്, മാമമംഗലം-മാറാടി-പാമ്പക്കുട പഞ്ചായത്ത്. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി-വാഴത്തോപ്പ് -മര്യാപുരം-കാമാക്ഷി-വാത്തിക്കുടി- വണ്ണാപുരം പഞ്ചായത്ത്. മലപ്പുറം ജില്ലയിലെ താനൂര്‍ മുനിസിപ്പാലിറ്റിയെ നാല് പഞ്ചായത്തുകളുമായി ബന്ധപ്പെടുന്ന പൈപ്പ്ലൈന്‍ പദ്ധതി. പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര ആന്‍ഡ് ഓമല്ലൂര്‍ പഞ്ചായത്തുകള്‍ ബന്ധിപ്പിക്കുന്ന പദ്ധതി, തിരുവനന്തപുരം ജില്ലയിലെ ആര്യനാട്-ഉഴമലയ്ക്കല്‍ പഞ്ചായത്തുകള്‍ ബന്ധിപ്പിക്കുന്ന പൈപ്പ്ലൈന്‍ പദ്ധതി, വെട്ടിച്ചാന്‍ക്കുന്ന് -ആര്യനാട് -ഉഴമലയ്ക്കല്‍ പ്രദേശത്തെ കുടിവെള്ള പദ്ധതി, പള്ളിച്ചല്‍-മടവൂര്‍-നാവായിക്കുളം കുടിവെള്ള പദ്ധതി, ആനാട് -നന്നിയോട് പൈപ്പ്ലൈന്‍ പദ്ധതി എന്നിവക്കുള്ള കരാറുകളാണ് അംഗീകരിച്ചത്.

കിഫ്ബി ആസ്ഥാനം: ഭൂമിയും കെട്ടിടവും വാങ്ങാന്‍ മന്ത്രിസഭ അനുമതി
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന് (കിഫ്ബി) ഭൂമിയും കെട്ടിടവും വാങ്ങുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കി. തിരുവനന്തപുരം എം ജി റോഡിലെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസിന് എതിര്‍വശത്ത് നിലവില്‍ കിഫ്ബി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോട് കൂടിയ ഭൂമി വാങ്ങുന്നതിനാണ് അനുമതി.

കിഫ്ബി സി ഇ ഒയുടെ പേരിലായിക്കണം സ്ഥലം വാങ്ങേണ്ടത്, സംസ്ഥാനതല വാങ്ങല്‍ സമിതി ശിപാര്‍ശ അംഗീകരിച്ച ശേഷമേ സ്ഥലത്തിന്റെ വില നിശ്ചയിക്കാവൂ, വാങ്ങലിന്റെ ചെലവ് പൂര്‍ണമായും കിഫ്ബി വഹിക്കേണ്ടതാണ് തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി. കിഫ്ബി ധനസഹായത്തോടെ ഇംപാക്ട് കേരള മുഖേന നിര്‍വഹിക്കുന്ന ഡിബിഒ മോഡലിലുള്ള ഒറ്റപ്പാലം നഗരസഭയിലെ 1.5 എം എല്‍ ഡി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണത്തിന്റെ 20,92,94,901 രൂപക്കുള്ള ടെണ്ടര്‍ എക്സസ് അനുവദിച്ച നടപടി സാധൂകരിച്ചു.

ആയുഷ് മിഷന് കീഴിലെ ജീവനക്കാര്‍ക്ക് വേതന വര്‍ധന
നാഷനല്‍ ആയുഷ് മിഷന് കീഴിലെ ജീവനക്കാര്‍ക്ക് വേതന വര്‍ധനവ് അനുവദിച്ചു. 2026-27ലെ സ്റ്റേറ്റ് ആന്വല്‍ ആക്ഷന്‍ പ്ലാനില്‍ നിന്ന് ഫണ്ട് ലഭ്യമാക്കാവുന്നതാണെന്ന നാഷനല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറുടെ ശിപാര്‍ശയിലാണ് തീരുമാനം. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന് കീഴില്‍ പുതിയ മിഷനുകള്‍, സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് നിബന്ധനകളുടെ അംഗീകാരം നല്‍കി. ഡിജിറ്റല്‍ ടെക്നോളജി മിഷന്‍, ഫ്യൂച്ചര്‍ കോര്‍പ്പറേഷന്‍, എന്നിവ വാങ്ങാനാണ് അനുമതി.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ 13 യുവജന പരിശീലന കേന്ദ്രങ്ങളും ഏഴു ഉപ കേന്ദ്രങ്ങളും ആരംഭിക്കുന്നതിന് അനുമതി നല്‍കി. കയര്‍ ഉത്പന്നങ്ങള്‍ വാങ്ങിയ വകയില്‍ 26 കയറ്റുമതി സ്ഥാപനങ്ങള്‍ കയര്‍ കോര്‍പ്പറേഷന് നല്‍കുവാനുള്ള കുടിശികതുകയില്‍ 31.03.2021 ന് മുമ്പുള്ള കാലയളവിലെ കുടിശ്ശികയിലുള്ള പലിശ തുകയായ 4,06,51,317 രൂപയില്‍ ഇളവ് അനുവദിക്കും.

 

Latest