Connect with us

Kerala

എസ് ഐ ആര്‍: കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും

എന്യൂമറേഷന്‍ ഫോറങ്ങളിലെ തീരുമാനവും പരാതി തീര്‍പ്പാക്കലും നാളെ മുതല്‍ ഫെബ്രുവരി 14 വരെയാണ്. ഫെബ്രുവരി 21ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. എസ് ഐ ആര്‍ നടപടിയിലൂടെ 24.08 ലക്ഷം പേരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നടപടികളിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടക്കുന്നത്. ക്രിസ്മസ് അവധിക്ക് നാട്ടില്‍ എത്തുന്നവര്‍ക്കു കൂടി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമൊരുക്കണമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം.

അവധിക്കെത്തുന്നവരില്‍ നല്ലൊരു ശതമാനവും ‘കണ്ടെത്താന്‍ സാധിക്കാത്ത’വര്‍ ഉള്‍പ്പെട്ട എ എസ് ഡി പട്ടികയിലാണ്. ഈ പട്ടികയില്‍ 6,45,548 പേരാണുള്ളത്. ഇവര്‍ പുറത്താകാതിരിക്കാന്‍ എസ് ഐ ആറിന്റെ സമയം നീട്ടണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനോട് സംസ്ഥാന സര്‍ക്കാറിന്റെയും ബി ജെ പിയിതര പാര്‍ട്ടികളും ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്ക് ഇന്ന് മുതല്‍ ജനുവരി 22 വരെ ഫോം ആറില്‍ അപേക്ഷിക്കാം. ഡിക്ലറേഷനും നല്‍കണം. പുതിയതായി പേരുചേര്‍ക്കാന്‍ ഫോറം ആറിലും പ്രവാസികള്‍ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്.

മരണം, താമസം മാറല്‍, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കാന്‍ ഫോറം ഏഴിലും വിലാസം മാറ്റാനും മറ്റുതിരുത്തലുകള്‍ക്കും ഫോറം എട്ടിലും അപേക്ഷിക്കണം. ഫോറങ്ങള്‍ tthps://voters.eci.gov.in എന്ന ലിങ്കില്‍ കിട്ടും. കരടുപട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങിനു ശേഷം ഒഴിവാക്കിയാല്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ ഉത്തരവുവന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ഇതിലും പരാതിയുണ്ടെങ്കില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ 30 ദിവസത്തിനകം സമീപിക്കണം. എന്യൂമറേഷന്‍ ഫോറങ്ങളിലെ തീരുമാനവും പരാതി തീര്‍പ്പാക്കലും നാളെ മുതല്‍ ഫെബ്രുവരി 14 വരെയാണ്. ഫെബ്രുവരി 21ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

 

Latest